Saturday, March 24, 2012
സുന്ദരവില്ലൻ വിടവാങ്ങി
അരനൂറ്റാണ്ടു കാലം മലയാള സിനിമയിലെ വില്ലന്‍ സങ്കല്‍പ്പത്തിന് സ്വന്തം രൂപം സമ്മാനിച്ച പ്രശസ്ഥ നടനും ഗായകനും 2011 ലെ ജെ.സി ഡാനിയേല്‍ പുരസ്കാരജേതാവുമായ ജോസ് പ്രകാശ് ഇന്ന് (മാര്‍ച്ച് 24 ) നമ്മോട് വിടപറഞ്ഞിരിക്കുന്നു.കോട്ടയം മുൻസിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫിന്റെയും എലിയാമ്മയുടെയും. മൂത്ത മകനായി 1925 വിഷുദിനത്തിൽ ചങ്ങനാശേരിയിലായിരുന്നു ജോസഫ് എന്ന ജോസ് പ്രകാശിന്റെ ജനനം.
കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു ഫോർത്ത് ഫോം വരെ ഇദ്ദേഹം പഠിച്ചത്.സര്‍ക്കാര്‍ ജോലിക്കാരനായ അച്ഛന് മകനെ ആ വഴിയിലേക്ക് കൊണ്ടുപോകാനായിരുന്നു താല്‍പ്പര്യം. എന്നാല്‍ , സംഗീതത്തെ ഏറെ സ്നേഹിച്ച ഇദ്ദേഹത്തിനു ഗായകനാകാനായിരുന്നു ഇഷ്ടം. പഠനകാലത്തിനിടെ സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ പോയതിന് രക്ഷിതാക്കള്‍ ശിക്ഷിച്ചതിന്റെ പ്രതികാരവുമായി വീടുവിട്ടിറങ്ങി. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട 1942 ൽ ആയിരുന്നു ഈ ഓളിച്ചോട്ടം. ആ സമയത്ത് തിരുവനന്തപുരത്ത് നടന്ന പട്ടാള റിക്രൂട്ട്മെന്‍റില്‍ പങ്കെടുത്ത് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ എത്തി. ലാൻസ് നായിക് ആയിട്ടയിരുന്നു നിയമനം. ഫിറോസ്പൂരിലായിരുന്നു പരിശീലനം. ആദ്യനിയമനം മണിപ്പൂരിൽ ഹവിൽദാറായിട്ടായിരുന്നു. 65 രൂപ ശമ്പളത്തിൽ . ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. അക്കാലത്ത് സിങ്കപ്പൂർ , ബർമ തുടങ്ങിയ രാജ്യങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ബ്രിട്ടീഷ് റെജിമെന്‍റ് പിരിച്ചുവിട്ടപ്പോള്‍ ജോസ് പ്രകാശ് എട്ടുവര്‍ഷത്തെ സൈനിക സേവനം അവസാനിപ്പിച്ച് നാട്ടിലെത്തി.
കോട്ടയത്ത് രാം മനോഹര്‍ ലോഹ്യ പ്രസംഗിക്കുന്ന ചടങ്ങില്‍ ഹിന്ദി ഗാനം പാടാന്‍ ജോസ് പ്രകാശിന് അവസരം ലഭിച്ചു. പാട്ടിനെക്കുറിച്ച് അറിഞ്ഞ തിക്കുറിശി സുകുമാരന്‍ നായരാണ് ജോസ് പ്രകാശിനെ സിനിമയിലേക്ക് ക്ഷണിച്ചത്. 1953ൽ റിലീസായ തിക്കുറിശ്ശിയുടെ ആദ്യസംവിധാന സംരംഭമായ ശരിയോ തെറ്റോ എന്നാ സിനിമയിൽ ഗായകൻ ആയിട്ടാണ് സിനിമയിലെ തുടക്കം . പാട്ടുകാരനായി വന്ന ജോസ് പ്രകാശ് ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. സിനിമയിൽ “പാടുപെട്ടു പാടങ്ങളിൽ“ എന്ന തത്വശാസ്ത്ര സ്പർശമുള്ള ഗാനം ജോസ് പ്രകാശ് പി. ലീലയോടൊപ്പമാണ് പാടിയത്. ഈ ശീർഷക ഗാനം പുതിയ പ്രവണതയുടെ തുടക്കവുമായിരുന്നു. ആദ്യ ശ്രമം മോശമായില്ല. 1960 ആകുമ്പോഴേക്കും 60 ചലച്ചിത്രങ്ങളിൽ പാടിക്കൊണ്ട് അതിശ്രദ്ധേയനായിത്തീർന്നു. വിശപ്പിന്റെ വിളി, പ്രേമലേഖ, ദേവസുന്ദരി, ആൽഫോൺസ്, അവൻ വരുന്നു തുടങ്ങിയവ നാഴികക്കല്ലുകൾ .
1968ല്‍ ‘ലൗ ഇന്‍ കേരള’യില്‍ വില്ലനായി രംഗപ്രവേശം ചെയ്തു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശശികുമാറായിരുന്നു ഈ ചിത്രത്തിന്റെയും സംവിധായകന്‍ . പിന്നീട് വില്ലന്‍ വേഷങ്ങളുടെ പരമ്പരയായിരുന്നു.സ്നാപകയോഹന്നാനിലൂടെ സ്വഭാവ നടന്‍ എന്ന നിലയിലും പേരെടുത്തു. ഗായകന്‍ ദാസ് (കാട്ടുകുരങ്ങ്), പുതുപ്പണക്കാരന്‍ കുഞ്ഞാലി (ഓളവും തീരവും) മേനോന്‍ (ബീന) തുടങ്ങി ഏറെ കഥാപാത്രങ്ങള്‍ ആ കൈകളില്‍ ഭദ്രമായിരുന്നു. പെരുവഴിയമ്പലം, തുറമുഖം, ശക്തി, സ്നേഹമുള്ള സിംഹം, അര്‍ഥം, ഇന്ദ്രജാലം, ദേവാസുരം, പത്രം തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ ആന്തരിക ബലം തെളിയിച്ചവയും. അഭിനയത്തിന്റെ തുടക്കകാലം മുതല്‍ മേരിലാന്റിന്റെ അവിഭാജ്യ ഘടകമായിരുന്നു ഇദ്ദേഹം. അച്ഛന്റെ ഭാര്യക്കുശേഷം ഭക്തകുചേല, സിഐഡി നസീര്‍ , ഈറ്റ, ലിസ, മാമാങ്കം, പുതിയ വെളിച്ചം, ലവ് ഇന്‍ സിങ്കപ്പൂര്‍ , മനുഷ്യമൃഗം, ശക്തി, ജോണ്‍ ജാഫര്‍ ജനാര്‍ദനന്‍ , കൂടെവിടെ, പിരിയില്ല നാം, നിറക്കൂട്ട്, രാജാവിന്റെ മകന്‍ , ഇന്ദ്രജാലം, ആകാശദൂത്, ദേവാസുരം, എന്റെ വീട് അപ്പൂന്റേയും തുടങ്ങിയ ചിത്രങ്ങളില്‍ മികവുറ്റ പ്രകടനങ്ങളായിരുന്നു.
തമിഴ് അടക്കം 450ലധികം സിനിമകളുടെ ഭാഗമായ അദ്ദേഹത്തിന്റെ അവസാന വേഷം ട്രാഫിക്കിലായിരുന്നുവെന്നത് മറ്റൊരു സന്തോഷം.അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ജോസ് പ്രകാശ് പൂര്‍ണമായും മിനി സ്ക്രീനിലേക്ക് മാറി. അവിടെയും തന്റെ സാന്നിധ്യമറിയിച്ചു. മിഖായേലിന്റെ സന്തതികള്‍ , ചാരുതല തുടങ്ങിയ പരമ്പരകള്‍ കുടുംബസദസ്സുകളുടെ പ്രിയപ്പെട്ട കാഴ്ചയായി. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത മിഖായേലിന്റെ സന്തതികളിലെ വേഷത്തിന് 1993ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.പത്മരാജന്റെ കൂടെവിടെ, എന്നീ സിനിമകൾ നിർമ്മിച്ചു. തുടര്‍ന്ന് ആയിരം കണ്ണുകള്‍ , ഉപഹാരം, ഈറന്‍ സന്ധ്യ തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു.ആയിരം കണ്ണുകള്‍ വലിയ നഷ്ടം വരുത്തിവെച്ചതോടെ നിര്‍മാണം അവസാനിപ്പിച്ചുവെന്നതാണ് സത്യം.
കഴിഞ്ഞ വർഷത്തിൽ ഇദ്ദേഹത്തിന്റെ കണ്ണുകളുടെ കാഴ്ചനഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയും ചെയ്തിരുന്നു.കൃഷ്ണന്‍നായർ എന്ന ജയനെ ജയൻ എന്ന പേരിട്ടത് ഇദ്ദേഹമായിരുന്നു. കൊച്ചിയില്‍ നേവി പെറ്റി ഓഫീസറായിരുന്ന ജയൻ ഇദ്ദേഹത്തിന്റെ മകന്‍ രാജന്റെ അടുത്ത സുഹൃത്തായിരുന്നു. നിർമ്മാതാവും നടനും സംവിധായകനുമായ സഹോദരനായ സഖറിയ എന്ന പ്രേം പ്രകാശിന്റെ മക്കളായ ബോബിയും സഞ്ജയും തിരക്കഥാകൃത്തുകളാണ്. നോട്ട്ബുക്ക്, ട്രാഫിക് എന്നീ സിനിമകളുടെ രചനകൾ ഇവരിരുവരുമാണ് .തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മരുമകനുമാണ്. 1995ല്‍ പരേതയായ ചിന്നമ്മയാണ് ഭാര്യ . എല്‍സമ്മ, ഗ്രേസി, സൂസണ്‍ , രാജന്‍ , ജാസ്മിന്‍ , ഷാജി എന്നിവരാണ് മക്കള്‍ .ഇതിൽ മകന്‍ ഷാജിയുമൊത്ത് എറണാകുളം വടുതലയിലായിരുന്നു ഇദ്ദേഹം താമസിച്ചുവന്നിരുന്നത്.
അരനൂറ്റാണുകളിലധികമായി മലയാള ചലചിത്രത്തിന്റെ ഭാഗമായ ഈ അതുല്യ അഭിനയ പ്രതിഭയുടെ വേര്‍പ്പാടില്‍ പാഥേയം ഓണ്‍ലൈന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
Wednesday, October 19, 2011
കാക്കനാടന്‍ മാഷിനാദരാഞ്ജലികള്‍
ആധുനീക മലയാള സാഹിത്യത്തിലെ സ്നേഹത്തിന്റെ കുലപതിയായ ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന കാക്കനാടൻ ഇന്ന് നമ്മോടൊപ്പം ഇല്ല.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് (2011 ഒക്ടോബർ 19-ന്) അന്തരിച്ച ഇദേഹം മലയാളത്തില്‍ അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. ഇദ്ദേഹത്തിന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളാണെന്ന് പറയാം.
വർഗ്ഗീസ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി 1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ച ഇദേഹത്തിന്റെ പഠനം കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിലും ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിലുമായിരുന്നു. 1955-ൽ ബി.എസ്.സി. പാസായ ശേഷം സ്കൂൾ അദ്ധ്യാപകനായി രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലു വര്‍ഷം ദക്ഷിണ റെയിൽവേയിലും ആറു വര്‍ഷം റെയിൽവേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തു. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു.
1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. എന്നാൽ അവിടെ നിന്ന് ജർമൻ ഭാഷ പഠിക്കുകയും പിന്നെ യൂറോപ്പിലേക്ക് പോയെങ്കിലും 1968-ൽ കേരളത്തിൽ തിരിച്ചെത്തി.
1965-ൽ അമ്മിണിയെ വിവാഹം കഴിച്ചു കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടക്ക് 1971 മുതൽ 73 വരെ മലയാളനാട് വാരികയുടെ പത്രാധിപ സമിതിയിൽ. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാൽപതിലധികം കൃതികൾ. 'പറങ്കിമല'യും 'അടിയറവും' (സംവിധാനം : ഭരതൻ) ,ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് (സംവിധാനം : കമൽ), ഓണപ്പൂവേ (സംവിധാനം : കെ.ജി. ജോർജ്) എന്നിവയും സിനിമയായി. 1981-84-ൽ സാഹിത്യ അക്കാദമി അംഗവും 1988-91-ൽ നിർവാഹക സമിതി അംഗവും.
1980 ൽ ജാപ്പാണം പുകയില എന്ന ചെറുകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും,"ഒറോത" എന്ന നോവലിന് 1984-ൽ കേരളസാഹിത്യ അക്കാദമി അവാർഡും,1986-ൽ ഉഷ്ണമേഖലക്ക് മികച്ച ചെറുകഥക്കുള്ള പുരസ്കാരവും ലഭിച്ചു. 2008-ൽ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കുകയുണ്ടായി. 2003-ൽ മികച്ച നോവലിനും ചെറുകഥക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2005-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.2008-ൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ബാലാമണിയമ്മ പുരസ്കാരത്തിനും ഇദ്ദേഹം അർഹനായി. കൂടാതെ വിശ്വദീപം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായിട്ടുണ്ട്.
രാധ, രാജൻ, ഋഷി എന്നിവരാണ് മക്കള്‍ . പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ,പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ,തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്.ഈ സാഹിത്യ പ്രതിഭയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.
Thursday, August 18, 2011
പാതിരാപ്പുള്ളുണര്‍ത്തി മോഹം കൊള്ളിക്കാൻ ഇനി വരില്ല ആ സംഗീതം
പാതിരാപ്പുള്ളുണര്‍ത്തി മോഹം കൊള്ളിച്ച പാട്ടൂകൾ മലയാളികൾക്ക് സമ്മാനിച്ച ജോൺസൺ മാസ്റ്റർ ഇനി നമുക്ക് സംഗിതമൊരുക്കില്ല. സംഗീതകുടുംബത്തിൽ ,1953 മാർച്ച് 26 ആം തിയതി തൃശ്ശൂരിലെ നെല്ലികുന്നിൽ ആൻറണിയുടെയും മേരിയുടെയും മകനായ് ജനിച്ച ഇദ്ദേഹം മലയാളത്തിലെ ജോൺ വില്ല്യംസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം ചെറുപ്പത്തിലേ സംഗീതത്തോട് വലിയ കമ്പക്കാരനായിരുന്ന ഇദ്ദേഹം നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ക്വയറില്‍ പാട്ടുകാരനായിരുന്നു.ക്വയറിലെ സീനിയര്‍ ആയ വി സി ജോര്‍ജ് ആയിരുന്നു ആദ്യ ഗുരുസ്ഥാനീയന്‍ . ഇദ്ദേഹത്തിന്റെ പ്രോത്സാഹനമായിരുന്നു സംഗീതത്തിൽ തുടരാൻ മാസ്റ്ററെ പ്രോത്സാഹിപ്പിച്ചത്.
യുവജനോത്സവങ്ങളിലും സംഗീത പരിപാടികളിലും ഗായകനായ ഇദ്ദേഹം സ്ത്രീശബ്ദത്തിൽ ഗാനമേളകളിൽ പാടുമായിരുന്നു. 1968 ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം 'വോയ്‌സ് ഓഫ് തൃശൂര്‍ ' എന്ന പേരില്‍ ക്ലബ് രൂപവല്‍ക്കരിച്ച് സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന ഇദ്ദേഹം ഗിത്താര്‍ , ഹാര്‍മോണിയം, വയലിന്‍ തുടങ്ങി വിവിധ സംഗീതഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുമായിരുന്നു.നാട്ടുകാരനായ ഗായകൻ ജയചന്ദ്രൻ പറഞ്ഞതനുസരിച്ച് ദേവരാജൻ മാസ്റ്റർ 1974 ൽ ഇദ്ദെഹത്തെ മദ്രാസിലേക്ക് വിളിപ്പിക്കുകയായിരുന്നു.
1978-ൽ ആരവം എന്ന സിനിമക്ക് വേണ്ടി പശ്ചാതല സംഗീതമൊരുക്കിയാണ് ചലചിത്രലോകത്തെത്തിയത്.തുടർന്ന് തകര, ചാമരം എന്നീ സിനിമകൾക്കും അദ്ദേഹം പശ്ചാതല സംഗീതമൊരുക്കുകയുണ്ടായി.ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത് 'ഇണയെ തേടി' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.തുടർന്ന് ഒരു പിടി ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ഭരതനുമായി പത്തോളം ചിതങ്ങളും പത്മരാജനുമായി പതിനേഴോളം ചിത്രങ്ങൾ എല്ലാ ചിത്രങ്ങളിലേയും ഗാനങ്ങൾ വലരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് സത്യൻ അന്തിക്കാടുമായി ചേർന്ന് ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ,ഈ കൂട്ടുകെട്ടുകളെല്ലാം വളരെ നല്ല കുറേ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കുകയുണ്ടായി.വയലാർ - ദേവരാജൻ ,ഭാസ്ക്കരൻ മാസ്റ്റർ - ബാബുരാജ്,ശ്രീകുമാരൻ തമ്പി - ദക്ഷിണാമൂർത്തി,ഒ.ൻ.വി - എം.ബി.ശ്രീനിവാസൻ എന്നീ കൂട്ടു കെട്ടുകൾ പോലെ വളരെ പ്രസിദ്ധമായ കൂട്ട് കെട്ടായിരുന്നു കൈതപ്രം - ജോൺസൺ .ഇവർ ഒന്നിക്കുന്നത് 1989 ൽ പുറത്തിറങ്ങിയ വരവേൽപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു.2006 ൽ പുറത്തുവന്ന ഫോട്ടോഗ്രാഫർ എന്ന ചിത്രമായിരുന്നു ഈ കൂട്ടുകെട്ടിൽ അവസാനം ഇറങ്ങിയ ചിത്രം.
മലയാള സംഗീത സംവിധായകരിലെ പ്രമുഖ സ്ഥാനിയനായ ഇദ്ദേഹത്തിന് 1993-ൽ പൊന്തന്മാടയിലൂടെയും 1994-ൽ സുകൃതത്തിലൂടെയും ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി.1982 -ൽ ഓര്‍മയ്ക്കായി,1989 -ൽ വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (രണ്ടും ഒരേവർഷം),1999 -ൽ അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ ചിത്രങ്ങളിലൂടെ മൂന്നുതവണ സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡുകളും.1992 -ൽ സദയം,1996 -ൽ സല്ലാപം എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.
2011ആഗസ്റ്റ് പതിനെട്ടാം തിയതി അദ്ദേഹത്തിന്റെ അമ്പത്തിയെട്ടാം വയസ്സിൽ അദ്ദേഹം നമ്മെവിട്ടുപിരിഞ്ഞു.ഈ വര്‍ഷമിറങ്ങിയ 'നാടകമേ ഉലകം' എന്ന ചിത്രത്തിനാണ് ഇദ്ദേഹം അവസാനമായി സംഗീതം ഒരുക്കിയത്. കൂടാതെ 'ഓര്‍മ്മ മാത്രം' എന്ന ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതവും നല്‍കിയിരുന്നു.അണിയരയിൽ അഞ്ചോളം ചിത്രങ്ങൾക്ക് സംഗീതസംവിധാനം ഒരുക്കിന്നതിനിടക്കാണ് അപ്രതീക്ഷ ഈ വേർപ്പാട് ഈ സംഗീതപ്രതിഭക്ക് മുന്നിൽ പാഥേയം ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Subscribe to:
Posts (Atom)

