Monday, February 11, 2013
മലയാള കവിതയുടെ പെരുമഴക്കാലം വിടവാങ്ങി
കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയുമെല്ലാം സാംസ്‌കാരിക കേരളത്തോട് സംവദിച്ച കവി ഡി. വിനയചന്ദ്രന്‍ നമ്മില്‍ നിന്നും വിട പറഞ്ഞിരിക്കുന്നു.അറുപത്തിയേഴ് വയസായിരുന്നു. ഇന്ന് (11-02 2013) രാവിലെ പതിനൊന്നോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാടക വീട്ടില്‍ ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ രണ്ടു ദിവസം മുന്‍പാണ് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്‌ച്ച നില വഷളായതിനെ തുടര്‍ന്നു വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഉദരരോഗവും പ്രമേഹവും മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് സ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ശ്രമം ഉണ്ടായെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ അതു വേണ്ടെന്നുവയ്ക്കുകയായിരുന്നു.
1946 മെയ് 16ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിലാണ് ഡി. വിനയചന്ദ്രന്റെ ജനനം. ഭൗതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്ദര ബിരുദവും നേടി. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള വിനയചന്ദ്രന് സംസ്ഥാനത്തങ്ങോളമായി വലിയ ശിഷ്യഗണം തന്നെയുണ്ട്. എണ്‍പതുകളില്‍ കേരളത്തിലെ കാമ്പസുകളെ സജീവമാക്കുന്നതില്‍ ഇദ്ദേഹത്തിന്റെകവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. അദ്ധ്യാപന രംഗത്ത് നിന്ന്.വിരമിച്ചശേഷം കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയുമെല്ലാം സാംസ്‌കാരിക കേരളത്തോട് സംവദിച്ച വിനയചന്ദ്രന്‍ ഒരു സാഹിത്യകാരന്‍ എന്നതിനപ്പുറം മലയാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടുവരുന്നതിനിടക്കായിരുന്നു ഈ അപ്രതീക്ഷിതമായ വിടവാങ്ങല്‍.
മലയാളത്തില്‍ കാല്പനികകവികള്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി, പിന്നെ ഞാന്‍” എന്ന് ഒരു ലേഖനത്തില്‍ എഴുതുകയും, കൃഷ്ണന്‍ നായര്‍ അതിനെതിരെ നക്ഷത്രമെവിടെ? പുല്‍ക്കൊടിയെവിടെ? എന്ന് വാരഫലത്തില്‍ എഴുതുകയുമുണ്ടായി.ഇവരുടെ സംവാദങ്ങള്‍ സാഹിത്യകാര്‍ക്കിടയിലും ആസ്വാദകര്‍ക്കിടയിലും അനവധി അവിസ്മരണീയ നിമിഷങ്ങള്‍ക്ക് കാരണമായി. മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായി.
വാവിട്ടുകരഞ്ഞാണ് താന്‍ തിരുവനന്തപുരത്ത് പഠിക്കാനുള്ള ആഗ്രഹം സാധിപ്പിച്ചത്. അന്ന് കല്ലടയില്‍നിന്ന് അപൂര്‍വമായി കോളജില്‍ പോയിരുന്നവരെല്ലാം അന്നന്ന് ബസ് കയറി കൊല്ലത്ത് പോയാണ് പഠിച്ചിരുന്നത്. ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്കാണ് അന്ന് ഗവണ്‍മെന്റ് കോളജുകളില്‍ സാധാരണ പ്രവേശനം ലഭിക്കുക. എന്‍ കൃഷ്ണപിള്ള സാറായിരുന്നു പ്രിന്‍സിപ്പലെന്നും. മലയാളം വിഭാഗത്തില്‍ കോളജ് മാഗസിനില്‍ ആദ്യത്തെ ഇനമായി ഇദ്ദേഹത്തിന്റെ കവിത അച്ചടിച്ചു വന്നു. ഇതേ തുടര്‍ന്ന് സഹപാഠികള്‍ 'കവി' എന്നു വിളിച്ചുതുടങ്ങിയതെന്നും പിന്നെ എല്ലാവരും ഏറ്റുവിളിക്കുകയായിരുന്നുവെന്നും ഇദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്.
ഹരികുമാരന്‍നായര്‍ എന്ന സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ 'ദ്രുത കവിതാമത്സര'ത്തില്‍ പങ്കെടുത്ത് ഒന്നാം സമ്മാനംനേടിയതായിരുന്നു ആദ്യത്തെ പാരിതോഷികം. അതിന് എന്‍ കൃഷ്ണപിള്ള കൈയൊപ്പിട്ട കവിതാസമിതിയുടെ ഒരു പുസ്തകമാണ് പാരിതോഷികമായി ലഭിച്ചത്. പാലാ നാരായണന്‍ നായര്‍, ഏവൂര്‍ പരമേശ്വരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ 'കവിതാരംഗം' എന്ന പേരില്‍ പ്രതിമാസ കവിസംഗമം നടന്നിരുന്നു. അതിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും ഇദ്ദേഹം ആയിരുന്നു.
നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി വിനയചന്ദ്രന്റെ കവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേയ്ക്കുള്ള വഴി, സമയമാനസം, സമസ്തകേരളം പി ഒ (കവിതാസമാഹാരങ്ങള്‍), പൊടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ), ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരഖ്യാനം), ദിഗംബര കവിതകള്‍ (പരിഭാഷ) എന്നിവയാണ് പ്രധാന കൃതികള്‍. യൂണിവേഴ്സിറ്റി കോളെജ് കവിതകള്‍, കര്‍പ്പൂരമഴ (പി യുടെ കവിതകള്‍), ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍, എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു.
നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതാ സമാഹാരത്തിന് 1992 ല്‍കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. തുടര്‍ന്ന് ചങ്ങമ്പുഴ പുരസ്്ക്കാരവും 2006ല്‍ ആശാന്‍ സ്മാരക കവിതാ പുരസ്ക്കാരവും ലഭിച്ചു. റഷ്യന്‍ കവിതകള്‍ മലയാളത്തിലേക്കു പരിചയപ്പെടുത്തുന്നതിനു വഹിച്ച സംഭാവനകള്‍ പരിഗണിച്ച് റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ സെര്‍ഗെയ് യെസിനിന്‍ അവാര്‍ഡിനു ഡി. വിനയചന്ദ്രന്‍ അര്‍ഹനായിരുന്നു.
മലയാള കവിതയില്‍ അനുഭവങ്ങളുടെ പുതിയ തലം സമ്മാനിച്ച അതുല്യ പ്രതിഭയായ ഇദ്ദേഹം കവിതയുടെ ലോകത്ത് വേറിട്ട സഞ്ചാര പദമൊരുക്കിയ കവിയായിരുന്നു.ഇദ്ദേഹത്തിന്റെ അകാല വേര്‍പാടില്‍ ദുഖിക്കുന്ന സാഹിത്യ ലോകത്തിനോടൊപ്പം പാഥേയം ഓണ്‍ലൈനും പങ്കുചേരുന്നു.
Tuesday, May 15, 2012
ഇനി ആ വെള്ളിനക്ഷത്രം ആകാശത്തുനിന്ന് നമ്മെ നോക്കി പുഞ്ചിരിക്കും
വെള്ളി നക്ഷത്രം എന്ന സിനിമയിൽ അമ്മു എന്ന കഥാ പാത്രമായി അഭിനയിച്ച തരുണി സച്ച്ദേവ് ഇന്നലെ നേപ്പാളിൽ വിമാന അപകടത്തിൽ മരണമടഞ്ഞു. ലോകം എമ്പാടുമുള്ള മലയാളികള്‍ അവിശ്വസനീയതയോടെയാണ് ഇന്നലെ ഈ വാര്‍ത്ത പങ്കുവച്ചത്. പലര്‍ക്കും അതിൽ അഭിനയിച്ചത് തരുണി സച്ച് ദേവ് എന്ന മുംബൈക്കാരിയാണ് എന്നറിയില്ലെങ്കിലും അതി സുന്ദരമായി പുഞ്ചിരിക്കുന്ന മുഖം ഏവര്‍ക്കും സുപരിചിതമായിരുന്നു.
വിമാനാപകടത്തിൽ പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട താരവും മരിച്ചവരിൽ ഉണ്ടെന്നറിയാന്‍ മലയാളികള്‍ വൈകി. നേരത്തെ തരുണി മരിച്ചവിവരം പുറത്ത് വന്നെങ്കിങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണെന്ന് ആരും അറിഞ്ഞിരുന്നില്ല.എൽ കെ ജി വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് വെള്ളിനക്ഷത്രത്തിലെ അമ്മുകുട്ടിയായി മലയാളികളുടെ കുസൃതികുടുക്കയായി മാറുന്നത്. ഇപ്പോള്‍ ആ അമ്മുകുട്ടിയ്ക്ക് പതിനാലു വയസായെങ്കിലും മലയാളികളുടെ മനസിൽ നിന്നും ഇന്നും മായാതെ കിടക്കുന്നത് നിഷ്കളങ്കമായ ആ പാൽ പുഞ്ചിരിയാണ്. വെള്ളിനക്ഷത്രത്തിലെ അമ്മുക്കുട്ടി മലയാളി കുട്ടികളെക്കാള്‍ പ്രിയങ്കരിയായി മലയാളികള്‍ക്ക്.
പിന്നീട്, സത്യം, അതിശയന്‍ തുടങ്ങിയ ചിത്രങ്ങളിലും തരുണിയുടെ വേഷങ്ങള്‍ ഏറെ ശ്രദ്ധേയമായി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വിദ്യ ബാലനും മുഖ്യ വേഷങ്ങളിലെത്തിയ പാ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിച്ചിരുന്നു തരുണി.വെള്ളിനക്ഷത്രത്തിലെ അതിഭാവുകത്വമുള്ള കഥാപാത്രത്തിനു ചേരും വിധമായിരുന്നു മുംബൈക്കാരിയായ തരുണിയുടെ മലയാള സിനിമയിലെ അരങ്ങേറ്റവും. മലയാളം പാട്ടിനൊപ്പം ആടിപാടിയും താരങ്ങള്‍ക്കൊപ്പം ഡയലോഗ് പറഞ്ഞും അഭിനയച്ച തരുണി മലയാളിയല്ലന്ന് പലര്‍ക്കും അറിയില്ലായിരുന്നു. പ്രേത ബാധ കയറിയ കുസൃതി കുട്ടിയായി എല്ല മലയാളികളെയും അമ്മു കയ്യിലെടുത്തു..വീണ്ടും മലയാള ചിത്രത്തിൽ അഭിനയിക്കാന്‍ കാത്തിരിക്കുമ്പോഴാണ് ആ കുരുന്ന് പ്രതിഭ എല്ലാവരെയും ദുഖത്തിലാഴ്ത്തി കടന്നുപോയത്.
അമിതാഭ് ബച്ചനൊപ്പം ഒരു ടിവി പരസ്യചിത്രത്തിൽ കണ്ടാണ് വിനയന്‍ ഈ കുട്ടിയെ മലയാളത്തിലേക്ക് ക്ഷണിച്ചത്.പിതാവ് സച്ദേവ് മുംബൈയിൽ ബിസിനസുകാരനാണ്. സാമാന്യം നല്ല് സാമ്പത്തിക നിലയിലുള്ള കുടുംബം. സിനിമയിൽ വരാന്‍ തരുണിക്കും വീട്ടുകാര്‍ക്കും താൽപര്യമായിരുന്നു. വെള്ളിനക്ഷത്രത്തിലെ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കൂടുതൽ ആവേശമായി.
വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള ചിത്രങ്ങളിലും വിഐപി, എൽജി, എയര്‍ടെൽ, കിന്‍ലേ, ഷെവര്‍ലെ തുടങ്ങിയ കമ്പനികളുടെത് ഉള്‍പ്പെടെ മുന്നൂറോളം പരസ്യചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച മലയാളത്തിന്റെ സ്വന്തം അമ്മു ഇനി കണ്ണീരിൽ കുതിര്‍ന്ന ഓര്‍മ മാത്രം.ഇനി ഈ വെള്ളിനക്ഷത്രം ആകാശത്തെ അനേകം വെള്ളിനക്ഷത്രങ്ങളോട് ചേർന്ന് നമ്മെ നോക്കി പുഞ്ചിരിക്കും!ഈ കൊച്ചു അഭിനേത്രിക്ക് പാഥേയം ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Saturday, March 24, 2012
സുന്ദരവില്ലൻ വിടവാങ്ങി
അരനൂറ്റാണ്ടു കാലം മലയാള സിനിമയിലെ വില്ലന്‍ സങ്കല്‍പ്പത്തിന് സ്വന്തം രൂപം സമ്മാനിച്ച പ്രശസ്ഥ നടനും ഗായകനും 2011 ലെ ജെ.സി ഡാനിയേല്‍ പുരസ്കാരജേതാവുമായ ജോസ് പ്രകാശ് ഇന്ന് (മാര്‍ച്ച് 24 ) നമ്മോട് വിടപറഞ്ഞിരിക്കുന്നു.കോട്ടയം മുൻസിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫിന്റെയും എലിയാമ്മയുടെയും. മൂത്ത മകനായി 1925 വിഷുദിനത്തിൽ ചങ്ങനാശേരിയിലായിരുന്നു ജോസഫ് എന്ന ജോസ് പ്രകാശിന്റെ ജനനം.
കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു ഫോർത്ത് ഫോം വരെ ഇദ്ദേഹം പഠിച്ചത്.സര്‍ക്കാര്‍ ജോലിക്കാരനായ അച്ഛന് മകനെ ആ വഴിയിലേക്ക് കൊണ്ടുപോകാനായിരുന്നു താല്‍പ്പര്യം. എന്നാല്‍ , സംഗീതത്തെ ഏറെ സ്നേഹിച്ച ഇദ്ദേഹത്തിനു ഗായകനാകാനായിരുന്നു ഇഷ്ടം. പഠനകാലത്തിനിടെ സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ പോയതിന് രക്ഷിതാക്കള്‍ ശിക്ഷിച്ചതിന്റെ പ്രതികാരവുമായി വീടുവിട്ടിറങ്ങി. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട 1942 ൽ ആയിരുന്നു ഈ ഓളിച്ചോട്ടം. ആ സമയത്ത് തിരുവനന്തപുരത്ത് നടന്ന പട്ടാള റിക്രൂട്ട്മെന്‍റില്‍ പങ്കെടുത്ത് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ എത്തി. ലാൻസ് നായിക് ആയിട്ടയിരുന്നു നിയമനം. ഫിറോസ്പൂരിലായിരുന്നു പരിശീലനം. ആദ്യനിയമനം മണിപ്പൂരിൽ ഹവിൽദാറായിട്ടായിരുന്നു. 65 രൂപ ശമ്പളത്തിൽ . ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. അക്കാലത്ത് സിങ്കപ്പൂർ , ബർമ തുടങ്ങിയ രാജ്യങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ബ്രിട്ടീഷ് റെജിമെന്‍റ് പിരിച്ചുവിട്ടപ്പോള്‍ ജോസ് പ്രകാശ് എട്ടുവര്‍ഷത്തെ സൈനിക സേവനം അവസാനിപ്പിച്ച് നാട്ടിലെത്തി.
കോട്ടയത്ത് രാം മനോഹര്‍ ലോഹ്യ പ്രസംഗിക്കുന്ന ചടങ്ങില്‍ ഹിന്ദി ഗാനം പാടാന്‍ ജോസ് പ്രകാശിന് അവസരം ലഭിച്ചു. പാട്ടിനെക്കുറിച്ച് അറിഞ്ഞ തിക്കുറിശി സുകുമാരന്‍ നായരാണ് ജോസ് പ്രകാശിനെ സിനിമയിലേക്ക് ക്ഷണിച്ചത്. 1953ൽ റിലീസായ തിക്കുറിശ്ശിയുടെ ആദ്യസംവിധാന സംരംഭമായ ശരിയോ തെറ്റോ എന്നാ സിനിമയിൽ ഗായകൻ ആയിട്ടാണ് സിനിമയിലെ തുടക്കം . പാട്ടുകാരനായി വന്ന ജോസ് പ്രകാശ് ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. സിനിമയിൽ “പാടുപെട്ടു പാടങ്ങളിൽ“ എന്ന തത്വശാസ്ത്ര സ്പർശമുള്ള ഗാനം ജോസ് പ്രകാശ് പി. ലീലയോടൊപ്പമാണ് പാടിയത്. ഈ ശീർഷക ഗാനം പുതിയ പ്രവണതയുടെ തുടക്കവുമായിരുന്നു. ആദ്യ ശ്രമം മോശമായില്ല. 1960 ആകുമ്പോഴേക്കും 60 ചലച്ചിത്രങ്ങളിൽ പാടിക്കൊണ്ട് അതിശ്രദ്ധേയനായിത്തീർന്നു. വിശപ്പിന്റെ വിളി, പ്രേമലേഖ, ദേവസുന്ദരി, ആൽഫോൺസ്, അവൻ വരുന്നു തുടങ്ങിയവ നാഴികക്കല്ലുകൾ .
1968ല്‍ ‘ലൗ ഇന്‍ കേരള’യില്‍ വില്ലനായി രംഗപ്രവേശം ചെയ്തു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശശികുമാറായിരുന്നു ഈ ചിത്രത്തിന്റെയും സംവിധായകന്‍ . പിന്നീട് വില്ലന്‍ വേഷങ്ങളുടെ പരമ്പരയായിരുന്നു.സ്നാപകയോഹന്നാനിലൂടെ സ്വഭാവ നടന്‍ എന്ന നിലയിലും പേരെടുത്തു. ഗായകന്‍ ദാസ് (കാട്ടുകുരങ്ങ്), പുതുപ്പണക്കാരന്‍ കുഞ്ഞാലി (ഓളവും തീരവും) മേനോന്‍ (ബീന) തുടങ്ങി ഏറെ കഥാപാത്രങ്ങള്‍ ആ കൈകളില്‍ ഭദ്രമായിരുന്നു. പെരുവഴിയമ്പലം, തുറമുഖം, ശക്തി, സ്നേഹമുള്ള സിംഹം, അര്‍ഥം, ഇന്ദ്രജാലം, ദേവാസുരം, പത്രം തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ ആന്തരിക ബലം തെളിയിച്ചവയും. അഭിനയത്തിന്റെ തുടക്കകാലം മുതല്‍ മേരിലാന്റിന്റെ അവിഭാജ്യ ഘടകമായിരുന്നു ഇദ്ദേഹം. അച്ഛന്റെ ഭാര്യക്കുശേഷം ഭക്തകുചേല, സിഐഡി നസീര്‍ , ഈറ്റ, ലിസ, മാമാങ്കം, പുതിയ വെളിച്ചം, ലവ് ഇന്‍ സിങ്കപ്പൂര്‍ , മനുഷ്യമൃഗം, ശക്തി, ജോണ്‍ ജാഫര്‍ ജനാര്‍ദനന്‍ , കൂടെവിടെ, പിരിയില്ല നാം, നിറക്കൂട്ട്, രാജാവിന്റെ മകന്‍ , ഇന്ദ്രജാലം, ആകാശദൂത്, ദേവാസുരം, എന്റെ വീട് അപ്പൂന്റേയും തുടങ്ങിയ ചിത്രങ്ങളില്‍ മികവുറ്റ പ്രകടനങ്ങളായിരുന്നു.
തമിഴ് അടക്കം 450ലധികം സിനിമകളുടെ ഭാഗമായ അദ്ദേഹത്തിന്റെ അവസാന വേഷം ട്രാഫിക്കിലായിരുന്നുവെന്നത് മറ്റൊരു സന്തോഷം.അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ജോസ് പ്രകാശ് പൂര്‍ണമായും മിനി സ്ക്രീനിലേക്ക് മാറി. അവിടെയും തന്റെ സാന്നിധ്യമറിയിച്ചു. മിഖായേലിന്റെ സന്തതികള്‍ , ചാരുതല തുടങ്ങിയ പരമ്പരകള്‍ കുടുംബസദസ്സുകളുടെ പ്രിയപ്പെട്ട കാഴ്ചയായി. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത മിഖായേലിന്റെ സന്തതികളിലെ വേഷത്തിന് 1993ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.പത്മരാജന്റെ കൂടെവിടെ, എന്നീ സിനിമകൾ നിർമ്മിച്ചു. തുടര്‍ന്ന് ആയിരം കണ്ണുകള്‍ , ഉപഹാരം, ഈറന്‍ സന്ധ്യ തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു.ആയിരം കണ്ണുകള്‍ വലിയ നഷ്ടം വരുത്തിവെച്ചതോടെ നിര്‍മാണം അവസാനിപ്പിച്ചുവെന്നതാണ് സത്യം.
കഴിഞ്ഞ വർഷത്തിൽ ഇദ്ദേഹത്തിന്റെ കണ്ണുകളുടെ കാഴ്ചനഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയും ചെയ്തിരുന്നു.കൃഷ്ണന്‍നായർ എന്ന ജയനെ ജയൻ എന്ന പേരിട്ടത് ഇദ്ദേഹമായിരുന്നു. കൊച്ചിയില്‍ നേവി പെറ്റി ഓഫീസറായിരുന്ന ജയൻ ഇദ്ദേഹത്തിന്റെ മകന്‍ രാജന്റെ അടുത്ത സുഹൃത്തായിരുന്നു. നിർമ്മാതാവും നടനും സംവിധായകനുമായ സഹോദരനായ സഖറിയ എന്ന പ്രേം പ്രകാശിന്റെ മക്കളായ ബോബിയും സഞ്ജയും തിരക്കഥാകൃത്തുകളാണ്. നോട്ട്ബുക്ക്, ട്രാഫിക് എന്നീ സിനിമകളുടെ രചനകൾ ഇവരിരുവരുമാണ് .തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മരുമകനുമാണ്. 1995ല്‍ പരേതയായ ചിന്നമ്മയാണ് ഭാര്യ . എല്‍സമ്മ, ഗ്രേസി, സൂസണ്‍ , രാജന്‍ , ജാസ്മിന്‍ , ഷാജി എന്നിവരാണ് മക്കള്‍ .ഇതിൽ മകന്‍ ഷാജിയുമൊത്ത് എറണാകുളം വടുതലയിലായിരുന്നു ഇദ്ദേഹം താമസിച്ചുവന്നിരുന്നത്.
അരനൂറ്റാണുകളിലധികമായി മലയാള ചലചിത്രത്തിന്റെ ഭാഗമായ ഈ അതുല്യ അഭിനയ പ്രതിഭയുടെ വേര്‍പ്പാടില്‍ പാഥേയം ഓണ്‍ലൈന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
Subscribe to:
Posts (Atom)


