Sunday, October 10, 2010

വള്ളത്തോളും വയലാറും വിഷണുനാരായണന്‍ നമ്പൂതിരിയും ഒത്തുചേരുമ്പോള്‍


വള്ളത്തോള്‍ പുരസ്ക്കാരത്തിനു പിന്നാലെ വയലാര്‍ അവാര്‍ഡും കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തേടി എത്തിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ ‘ചാരുലത’ എന്ന കവിതാസമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്. 25000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡെങ്കില്‍ വള്ളത്തോള്‍ പുരസ്ക്കാരം 1,11,111രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ്. ഈ തുകയിലൊന്നും കാര്യമില്ല!എന്നാലും പറഞ്ഞുവെന്നു മാത്രം.പുരസ്കാരമാണല്ലോ വലുത്.


പി സ്മാരക കവിതാ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുമുണ്ട്.അതുപോലെ വിശിഷ്ട അംഗത്വം നല്കി കേരള സാഹിത്യ അക്കാദമി ഇദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്.

മലയാള കവിതയ്ക്ക് പുതിയ ഭാവുകത്വം നല്‍കിയ ഇദ്ദേഹം വിലയിരുത്തപ്പെടുന്നത്. പാരമ്പര്യവും ആധുനികതയും വിദഗ്ധമായി സമ്മേളിപ്പിക്കുന്ന ഒരു ശൈലി നമുക്ക് ഇദ്ദേഹത്തിന്റെ കാവിതകളില്‍ കാണാവുന്നതാണ്‍.

എന്‍.വി. കൃഷ്ണവാര്യരെ കണ്ടുമുട്ടിയതായിരുന്നു ഇദ്ദേഹത്തിന്റെ കാവ്യ ജീവിതത്തിലെ വഴിതിരിവ് അല്ലെങ്കില്‍ ജീവിതം മറ്റൊന്നാകുമായിരുന്നു.
എന്‍.വി. കൃഷ്ണവാര്യര്‍ തിരുത്താതെ തന്റെ ഒരു കവിതയും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പ്രസിദ്ധപ്പെടുത്തിയതിന്റെ മൂന്നിരട്ടി കവിതകള്‍ പ്രസിദ്ധപ്പെടുത്താതെ തിരിച്ചയച്ചിട്ടുണ്ടെന്നും. തന്റെ തലമുറയെ കവിത എഴുത്ത് പഠിപ്പിച്ചത് എന്‍.വിയാണെങ്കില്‍ വഴികാട്ടിയായത് വൈലോപ്പിള്ളിയാണെന്നും ഇദ്ദേഹം പറഞ്ഞു.

അതുപോലെ എന്‍.വി സംഘടിപ്പിച്ച ഒരു സാഹിത്യ ക്യാമ്പിലാണ് വയലാര്‍ രാമവര്‍മയെ ആദ്യമായി കാണുന്നതെന്നും ഞാന്‍ പിന്‍ ബെഞ്ചിലിരിക്കുകയായിരുന്ന തന്റെ അരികില്‍ വന്ന് ശ്ലോകക്കാരനായ തന്നെ ഞാനറിയും എന്ന് പറഞ്ഞത് ഇന്നും ഓര്‍മയിലുണ്ട്. അന്ന് രണ്ടോ, മൂന്നോ ശ്ലോകങ്ങള്‍ മാത്രമേ എന്റേതായി പ്രസിദ്ധപ്പെടുത്തിയിരുന്നുളുവെങ്കിലും ഇത് എനിക്ക് വളരെ പ്രചോതനം നല്‍കിയെന്ന് ഇദ്ദേഹം അനുസ്മരിച്ചു. മാനുഷിക മൂല്യവും സ്‌നേഹവുമുള്ള കവിയായ വയലാര്‍ രാമവര്‍മയുടെ പേരിലുള്ള പുരസ്‌കാര ലബ്ധി തന്നെ സന്തോഷവാനാക്കുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുപോലെ വള്ളത്തോള്‍ പുരസ്‌കാരത്തിനു താന്‍ യോഗ്യനാണോ എന്നറിയില്ലയെന്നും, ദൂരെ നിന്നു മാത്രം കണ്ടുപരിചയമുള്ള മഹാകവിയായിരുന്നു വള്ളത്തോളെന്നും ഇദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഡയറിക്കുറിപ്പുകളും മറ്റും കണ്ടതുമാത്രമാണ് കവിയുമായുള്ള ബന്ധം.ഞാന്‍ കവിത എഴുതിയില്ലായിരുന്നെങ്കില്‍ മലയാളത്തില്‍ ഒരു നഷ്ടവും ഉണ്ടാകുമായിരുന്നില്ലയെന്നും ഇദ്ദേഹം പറഞ്ഞു.

പ്രണയഗീതങ്ങള്‍, സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, അപരാജിത എന്നിവയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രധാനകൃതികള്‍.

വിശ്വമാനവികതയുടെ വിശാലതയും ഭാരതീയസംസ്ക്കാരത്തിന്റെ
വിശുദ്ധിയും ഗ്രാമീണജീവിതത്തിന്റെ ശാലീനതയും ഉള്‍ക്കൊള്ളുന്ന ഇദ്ദേഹത്തിന്റെ കാവ്യശില്പങ്ങള്‍ മലയാള കാവ്യശാഖയ്ക്ക് അമൂല്യസമ്പത്താണ്.

ഈ പുരസ്‌കാരങ്ങളുടെ നിറവില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് പാഥേയം ആശംസകള്‍ അര്‍പ്പിക്കുന്നു.

Sunday, September 12, 2010

ഉസ്ലാംപട്ടി പെണ്‍കുട്ടി ഇനി ഓര്‍മയില്‍ മാത്രം



പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത അന്തരിച്ച വിവരം നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ചെന്നൈയിലെ സ്വകാര്യ ആസ്​പത്രിയില്‍ ശ്വാസകോശസംബന്ധമായ അസുഖത്തിനായി ചികിത്സയിലിരിക്കെ ഇന്ന് (ഞായറാഴ്ച) ഉച്ചക്ക് 12 മണിക്കായിരുന്നു മരണം.37 വയസായിരുന്നു.ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ രോഗം മൂര്‍ഛിക്കുകയായിരുന്നു.

പ്രശസ്ത ഹാര്‍മോണിസ്റ്റായ കെ.സി.ചെറുകുട്ടിയുടെയും കല്യാണിയുടെയും മകളായി പാലക്കാട് ചിറ്റൂരിലെ അത്തിക്കോട് എന്ന സ്ഥലത്താണ് സ്വര്‍ണ്ണലത ജനിച്ചത്. പിന്നീട് കുടുംബം കര്‍ണ്ണാടകയിലെ ഷിമോഗയിലേക്കു താമസം മാറ്റിയതിനാല്‍ സ്വര്‍ണ്ണലത പഠിച്ചതും വളര്‍ന്നതുമൊക്കെ കര്‍ണ്ണാടകയിലാണ്. മൂന്നാം വയസ്സില്‍ സംഗീതപഠനം തുടങ്ങി സ്വര്‍ണ്ണലത മൂത്തചേച്ചി സരോജത്തിന്റെ കീഴില്‍ കര്‍ണാടക സംഗീതം പഠിച്ചു.പിന്നീട് 1987ല്‍ ഇവര്‍ മദ്രാസിലേക്കു കുടിയേറി. ചലച്ചിത്ര പിന്നണിഗായികയാകണമെന്ന ലക്ഷ്യത്തോടെ മദ്രാസിലെത്തിയ അവര്‍ നാട്ടുകാരനായ പ്രശസ്ത സംഗീതസംവിധായകന്‍ എം.എസ് വിശ്വനാഥനെ കണ്ടു.ഈ കൂടിക്കാഴ്ച ഇവരുടെ സംഗീതജീവിതത്തിന് വഴിത്തിരിവുണ്ടാക്കി.

മലയാളത്തില്‍ ഇവര്‍ പാടിയത് വിരലിലെണ്ണാവുന്ന ഗാനങ്ങള്‍ മാത്രം. കണ്ണൂര്‍ രാജന്റെ സംഗീതസംവിധാനത്തിലാണ് ലത ആദ്യമായി മലയാളത്തില്‍ പാടിയത്. ആയിരം ചിറകുളള മോഹം, മന്മഥ ശരങ്ങള്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍. ഇതില്‍ 'ആയിരം ചിറകുളള മോഹം എന്ന ചിത്രത്തിലെ ''രാഗവതീ അനുരാഗവതീ....എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമായി.

സാദരം,മിന്നാമിന്നിനും മിന്നുകെട്ട്, തച്ചോളി വര്‍ഗീസ് ചേകവര്‍ , അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, കാട്ടിലെ തടി തേവരുടെ ആന, മംഗല്യസൂത്രം, സാക്ഷ്യം, പുന്നാരം, കര്‍മ്മ, ഏഴരക്കൂട്ടം,ഹൈവേ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.മോഹം എന്ന ആല്‍ബത്തിനു വേണ്ടിയാണ് ഇവര്‍ മലയാളത്തില്‍ അവസാനമായി പാടിയത്.

1994ല്‍ 'കറുത്തമ്മ എന്ന ചിത്രത്തിലെ ''പോറാളെ പൊന്നുത്തായേ.... എന്നു തുടങ്ങുന്ന ഗാനത്തിന് സ്വര്‍ണ്ണലതയ്ക്ക് മികച്ച ഗായികയ്ക്കുളള ദേശീയ അവാര്‍ഡു ലഭിച്ചു.1991ല്‍ 'ചിന്നതമ്പിയിലെ ''പോവോമാ ഉൌര്‍കോലം.... എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുളള തമിഴ്നാട് സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു. 1991 മുതല്‍ തുടര്‍ച്ചയായി നാലുകൊല്ലം തംസ് അപ്പ് അവാര്‍ഡ് നേടിയ സ്വര്‍ണ്ണലത 1994ല്‍ കലൈമണി പുരസ്കാരവും സ്വന്തമാക്കി.



'നീതിക്കു ദണ്ഡനൈ എന്ന തമിഴ് ചിത്രത്തില്‍ പാടുവാന്‍ എം.എസ്.വിശ്വനാഥന്‍ സ്വര്‍ണ്ണലതയ്ക്ക് അവസരം നല്‍കി. സുബ്രഹ്മണ്യ ഭാരതിയുടെ ''ചിന്നഞ്ചിറുകിളിയേ കണ്ണമ്മാ... എന്നു തുടങ്ങുന്ന ആദ്യഗാനം ലത പാടിയത് ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പമാണ്. അതിനുശേഷം ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ പാടിയ 'ഗുരു ശിഷ്യന്‍ എന്ന ചിത്രത്തിലെ ''ഉത്തമപുത്രി നാന്‍ ‍..... എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു.

ഇളയരാജ സംഗീതം നല്‍കിയ ''ചിന്നത്തമ്പി....., ''പോവാമാ ഉൌര്‍കോലം... തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായതോടെ സ്വര്‍ണ്ണലത തമിഴ്നാട്ടിലെ പ്രശസ്തഗായികയായി. ''റാക്കമ്മാ കൈയ്യത്തട്ട്....(ദളപതി), ''ആട്ടമ്മ തോരാട്ടമ്മ...(ക്യാപ്റ്റന്‍ പ്രഭാകര്‍ ), ''മാസി മാസം ആളാന പൊണ്ണ്....'(ധര്‍മ്മദുരൈ), ''കാതല്‍ കടിതം....'(ചേരന്‍ പാണ്ഡ്യന്‍ ), ''മലൈയില്‍ യാരോ മനേതാട്...(ക്ഷത്രിയന്‍ ), ''കുയില്‍പാട്ട് സന്തതെന്ന....(എന്‍ രാസാവിന്‍ മനസ്സിലെ), ''അന്തിവെയിലേ വാനം....'(ചിന്നവര്‍ ), ''കാലൈയില്‍ കേട്ടത്....(ശെന്തമിഴ് പാട്ട്), ''ചന്ദന മലര്‍കളെ....(കാവിയ തലൈവന്‍ ), ''മുക്കാല മുക്കാബല...(കാതലന്‍ ‍), ''കുച്ച് കുച്ച് രാക്കമ്മ പൊണ്ണുവേണം...(ബോംബെ), ''ഉസ്ലാംപട്ടി പെണ്‍കുട്ടി...(ജന്റില്‍മാന്‍ )തുടങ്ങിവയാണ് തമിഴില്‍ സ്വര്‍ണ്ണലതയുടെ ചില പ്രശസ്ത ഗാനങ്ങള്‍ .

നാലു തെന്നിന്ത്യന്‍ ഭാഷകള്‍ക്കു പുറമെ ഹിന്ദിയിലും ഒറിയയിലുമായി ഏകദേശം രണ്ടായിരത്തിലധികം ഗാനങ്ങള്‍ സ്വര്‍ണ്ണലത പാടിയിട്ടുണ്ട്.ചലചിത്രലോകത്തെ പ്രണയ ഗായികയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

Thursday, September 9, 2010

വിപ്ലവ സം‌വിധായകന്റെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.


നടനും സംവിധായകനും തിരക്കഥാകൃത്തുമായ വേണുനാഗവള്ളി ഇന്ന് (വ്യാഴാഴ്ച) പുലര്‍ച്ചെ 1.30ന് തിരുവനന്തപുരത്തെ കിംസ് ആസ്​പത്രിയില്‍ വെച്ച് അന്തരിച്ച വിവരം എന്നെപ്പോലെ നിങ്ങളും അറിഞിരിക്കുമല്ലോ?.. ദീര്‍ഘകാലമായി കരള്‍സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം.

നാഗവള്ളി ആര്‍ .എസ്.കുറുപ്പിന്റെയും രാജമ്മയുടെയും മകനായാണ് 1949 ഏപ്രില്‍ 16ന് വേണുഗോപാല്‍ എന്ന വേണു നാഗവള്ളി ജനിച്ചത്.ഇദ്ദേഹത്തിന്റെ എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുന്‍നിരക്കാരില്‍ ഒരാളുമായിരുന്നു.

തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍ , യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം . ആള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സറായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തെ തുടര്‍ന്ന് സിനിമയിലെത്തി അഭിനേതാവായി തുടങ്ങി സംവിധായകനുമായി മാറി.

1979 ല്‍ ജോര്‍ജ് ഓണക്കൂറിന്റെ 'ഉള്‍ക്കടല്‍ ' കെ.ജി. ജോര്‍ജ്‌ സിനിമയാക്കിയപ്പോള്‍ വേണു നാഗവള്ളിയായിരുന്നു നായകന്‍ . വിഷാദം തുളുമ്പുന്ന പ്രണയനായകനായി അക്കാലത്ത് നിരവധി ചിത്രങ്ങളില്‍ ഇദ്ദേഹം നായകനായി. ശാലിനി എന്റെ കൂട്ടുകാരിയില്‍ ഉര്‍വശി ശോഭയോടൊപ്പം നായകനായത് ഏറെ ശ്രദ്ധിക്കപ്പെട്ടു. യവനിക, ചില്ല്, ഓമനത്തിങ്കള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, മീനമാസത്തിലെ സൂര്യന്‍ , ആരാന്റെ മുല്ല കൊച്ചുമുല്ല, ആദാമിന്റെ വാരിയെല്ല്, ദേവദാസ്, വാര്‍ത്ത തുടങ്ങിയവ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഇദ്ദേഹത്തിന്റെ ചിത്രങ്ങളാണ്.

സൂപ്പര്‍ഹിറ്റായ സുഖമോദേവി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് 1986ല്‍ സംവിധാനരംഗത്തെക്ക് വന്ന ഇദ്ദേഹം 12 സിനിമകള്‍ സംവിധാനം ചെയ്യുകയുയി. സര്‍വകലാശാല, അയിത്തം, ലാല്‍സലാം, ഏയ് ഓട്ടോ, ആയിരപ്പറ, അഗ്‌നിദേവന്‍, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്.

എന്‍ ‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെ വേണു തിരക്കഥാ കൃത്തുമായ ഇദ്ദേഹം തുടര്‍ന്ന് ഗായത്രീദേവി എന്റെ അമ്മ, ഗുരുജി ഒരു വാക്ക്, ദൈവത്തെ ഓര്‍ത്ത്, അര്‍ഥം,സുഖമോ ദേവി , അഹം, കിലുക്കം, വിഷ്ണു, എന്നീ ചിത്രങ്ങള്‍ക്കും അദ്ദേഹം തിരക്കഥയൊരുക്കി.ഇതില്‍ ജനപ്രീതി നേടിയ 'കിലുക്കം' എന്ന ചിത്രത്തിന്റെ തിരക്കഥയോടെ ഹാസ്യവും നന്നായി വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

പുതുമുഖ സംവിധായകന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ കോളേജ്‌ ഡെയ്സിലാണ്‌ ഇദ്ദേഹം അവസാനമായി അഭിനയിച്ചത്‌. മെഡിക്കല്‍ കോളേജ്‌ ക്യാമ്പസില്‍ വച്ച്‌ നടന്ന കൊലപാതകങ്ങളുടെ ചുരുളഴിക്കാനെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ്‌ ഇദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിച്ചത്‌. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത ഭാഗ്യദേവതയാണ്‌ ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ പുറത്തുവന്ന അവസാനചിത്രം.

ഇന്ന് രാവിലെ എട്ടുമണിയോടെ കവടിയാറിലെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരിക്കും.

മലയാള ചലചിത്രലോകത്തെ വിരഹകാമുകന്റെയും വിപ്ലവ സം‌വിധായകന്റെയും വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.