Friday, April 22, 2011

മലയാളത്തിന്റെ വാനമ്പാടിക്ക് എഴുപത്തിനാല്


മലയാളത്തിന്റെ പ്രിയ പാട്ടുക്കാരി ജാനകിയമ്മ എഴുപത്തിനാലിന്റെ നിറവിൽ.1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണിവർ ജനിച്ചത്.ചെറുപ്പത്തിലേ സംഗീതത്തോട്‌ താല്പര്യം പ്രകടിപ്പിച്ച ജാനകി പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. ഇവരുറ്റെ അമ്മാവൻ ഡോ. ചന്ദ്രശേഖറുടെ നിർദേശപ്രകാരം സംഗീത പഠനത്തിനായി മദ്രാസിലെത്തുകയും അക്കാലത്ത് ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെ ജാനകി ശ്രദ്ധേയമായി. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിക്കുകയുണ്ടായി.

1957ൽ 19 ആം വയസിൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചു. തെലുങ്ക്‌ ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകൾ ഹൃദയത്തിൽ സ്വീകരിച്ചു.വിവിധ ഭാഷകളിൽ ഇരുപതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച ജാനകിക്ക് നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.

എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ഇവർ ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും പാടിയീട്ടുണ്ട്‌. കുട്ടികളുടെ സ്വരത്തിൽ മധുരമായി പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്‌. മലയാളത്തിൽ ഇത്തരം നിരവധി ഗാനങ്ങൾ ആലപിക്കുകയുണ്ടായി.മികച്ച പിന്നണി ഗായികയ്‌ക്കുള്ള കേരള സസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിൻറെ അവാർഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിൻറെ അവാർഡ്‌ പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട്‌ സർക്കാരിൻറെ കലൈമാമണി പുരസ്‌ക്കാരം 1986-ലും സുർ സിംഗർ അവാർഡ്‌ 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ്‌ 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ്‌ അവാർഡ്‌ 2005-ലും ലഭിച്ചു.ഗായികക്ക് പുറമെ ഇവർ ഗാന രചനയും സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്‌. നിരവധി തമിഴ്‌, തെലുങ്കു ചിത്രങ്ങൾക്കു വേണ്ടി അവർ ഗാനങ്ങളെഴുതുകയുണ്ടായി

ഭർത്താവായ വി. രാമപ്രസാദിൻറെ മരണശേഷം ജാനകി സിനിമ രംഗത്ത്‌ സജീവമല്ലാതായി. കൂടുതൽ സമയവും പ്രാർത്ഥനക്കായി ചെലവിട്ടു. ഇപ്പോൾ ഇടക്കിടക്ക് ഭക്തിഗാന കാസെറ്റുകൾക്കു വേണ്ടി പാടുന്നുണ്ട്‌. ഏകമകൻ മുരളീ കൃഷ്‌ണയും ഭാര്യ ഉമയും അടങ്ങുതതാണ് ഇവരുടെ കുടുംബം.

കൂടുതൽ വായനക്ക് ഇവിടെ അമർത്തുക

Monday, February 21, 2011

ആ ആറന്മുള കണ്ണാടിയില്‍ ഇനി ചിത്രങ്ങള്‍ തെളിയില്ല


മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രശസ്ത നടി ആറന്‍മുള പൊന്നമ്മ നമ്മില്‍ നിന്ന് വിടവാങ്ങി.തിരുവന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് (ഫെബ്രുവരി 21 ) വൈകീട്ടായിരുന്നു അന്ത്യം. ഈ മാസം രണ്ടിനാണ് അവരെ ശാരീരിക അവശതകളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച അവരെ ശസ്ത്രക്രിയകക്ക് വിധേയമാക്കിയിരുന്നു. മരിക്കുമ്പോള്‍ 97 വയസായിരുന്നു.നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ അമ്മൂമ്മയാണ്. സുരേഷ് ഗോപിയുടെ കൂടെയാണ് താമസിച്ചുവന്നിരുന്നത്.

എം.പി.പൊന്നമ്മയെന്ന ആറന്മുള്ള പെന്നമ്മ 1914 മാര്‍ച്ച് 22ന് മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മകളായി പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു ജനിച്ചത്.കർണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ ഇവര്‍ പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റവും നടത്തി. പാലായിലെ ഒരു പ്രൈമറി വിദ്യാലയത്തിൽ പൊന്നമ്മ തന്റെ പതിനാലാം വയസ്സിൽ സംഗീതാധ്യാപികയായി.പതിനഞ്ചാമത്തെ വയസ്സില്‍ കൊച്ചുകൃഷ്ണപിള്ളയെ വിവാഹ കഴിച്ചു.പിന്നീട് സ്വാതിതിരുന്നാൾ മ്യൂസിക് അക്കാദമിയിൽ സംഗീതത്തിലെ തുടർപഠനത്തിനായി പൊന്നമ്മ ചേർന്നു. പഠനത്തിനുശേഷം പൊന്നമ്മ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ സംഗീതാധ്യാപികയായി.

തലശേരിയിലെ ആദ്യത്തെ സിനിമാ തിയറ്ററായ മുകുന്ദ് ടാക്കീസിലെ തിരശ്ശീലയിലൂടെയാണ് ഇവര്‍ അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്. ഗാനഗന്ധര്‍‌വന്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിൻ ജോസഫിന്റെ നായികയായി ഭാഗ്യലക്ഷ്മി എന്ന നാടകത്തിലാണ്‌ പൊന്നമ്മ ആദ്യയമായി അഭിനയിച്ചത്. അന്ന് പൊന്നമ്മയ്ക്ക് 29 വയസ്സായിരുന്നു പ്രായം. തുടർന്ന് പൊന്നമ്മ നാടകങ്ങളിൽ സജീവമായി. 1950-ൽ പുറത്തിറങ്ങിയ ശശിധരൻ എന്ന ചലച്ചിത്രത്തിൽ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ട് പൊന്നമ്മ സിനിമകളിലേയ്ക്ക് കടന്നു. അതേവർഷം തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ അമ്മ എന്ന ചിത്രത്തിലും പൊന്നമ്മ അമ്മവേഷം അണിഞ്ഞു. തുടർന്ന് പൊന്നമ്മയെ തേടിവന്നതെല്ലാം അമ്മവേഷങ്ങളായിരുന്നു.

ആദ്യ കളര്‍ച്ചിത്രമായ 'കണ്ടംബെച്ച കോട്ടില്‍ അഭിനയിച്ച ഇവര്‍ കഴിഞ്ഞ അറുപത് വർഷങ്ങളോളം അഭിനയരംഗത്ത് സജീവമായിരുന്നു. മലയാളം സിനിമയിലെ ആദ്യ തലമുറയിലെ നായകന്മാരായ തിക്കുറിശ്ശി സുകുമാരൻ നായർ, രണ്ടാമത്തെ തലമുറയിലെ നായകനായ പൊന്നമ്മ പ്രേം നസീര്‍ ‍, സത്യന്‍, മധു, ശിവാജി ഗണേശന്‍ , തുടങ്ങിയവർ, മൂന്നാം തലമുറയിലെ നായകന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ ‍, കമലഹാസന്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ അമ്മയായും മുത്തശ്ശിയായും നിരവധി അമ്മവേഷങ്ങൾ കൈകാര്യം ചെയ്തു.

1995 ല്‍ അടൂർ ഗോപാലകൃഷ്ണൻ സം‌വിധാനം ചെയ്ത കഥാപുരുഷൻ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. 2006 ൽ കേരള സർക്കാരിന്റെ ജെ.സി. ഡാനിയേൽ സ്മാരക ആയുഷ്കാലനേട്ടങ്ങൾക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തിയിരുന്നു.ഇതിനു പുറമെ ദുബായ് അറ്റ്ലസ് ഫിലിം അവാര്‍ഡ്, സമഗ്രസംഭാവനയ് ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ്, എം.ജി. സോമന്‍ അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ്, സത്യന്‍ അവാര്‍ഡ് തുടങ്ങിയവയൊക്കെയാണ് അഭിനയ ജീവിതം പൊന്നമ്മയ്ക്കു നല്‍കിയ അംഗികാരങ്ങളാണ്‍‍.

ജനാധിപത്യം, അമ്മ, കാവാലം ചുണ്ടന്‍, ശശീധരന്‍, കണ്ടംവെച്ച കോട്ട്, വിരുതന്‍ ശങ്കു, ഹൃദയം ഒരു ക്ഷേത്രം, ഓപ്പോള്‍ ‍, തീക്കടല്‍ , പത്താമുദയം, കഥാപുരുഷന്‍ , പുതുക്കോട്ടയിലെ പുതുമണവാളന്‍ ‍,അദ്വൈതം, ഒരു സാഅയാഹ്‌നത്തിന്റെ സ്വപ്‌നം, അച്ചുവേട്ടന്റെ വീട്‌, രാരീരം,അനിയത്തി തുടങ്ങിയവയാണ് ഇവര്‍ അഭിനയിച്ച പ്രധാന സിനിമകള്‍ .

മലയാള സിനിമക്ക് സൗഭാഗ്യവും വാല്‍സല്യവും നിറഞ്ഞ അമ്മയുടെ മുഖം സംഭാവന നല്‍കിയ ആ അഭിനേത്രിയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

ഈ ലേഖനം ഇവിടെയും വായിക്കാം

Monday, February 7, 2011

കത്ത് പാട്ടുകളുടെ രാജകുമാരൻ ഓർമ്മയായി


നിലമ്പൂർ സയ്യിദ് അബ്ദുല്‍ജമീല്‍ എന്ന എസ്.എ. ജമീല്‍ നമ്മിൽ നിന്ന് വിടവാങ്ങി. ഹൃദയാഘാതം മൂലം ഫെബ്രുവരി അഞ്ചാം തിയതി രാത്രി 12 മണിയോടെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. ചന്തക്കുന്നിലെ വീട്ടില്‍വെച്ച് പതിനൊന്നരയോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചയുടനെയാണ് മരണം സംഭവിച്ചത്.

സ്വാതന്ത്ര്യസമര സേനാനിയും ഹോമിയോ ഭിഷഗ്വരനുമായിരുന്ന സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ എന്ന എസ്.എം.ജെ മൗലാനായുടെയും തഞ്ചാവൂര്‍ സ്വദേശി ആയിശാബിയുടെ മകനായി ജനിച്ച ഇദ്ദേഹം മലയാളികൾക്ക് ഏറെ പരിചിതനാവുന്നത് കത്ത് പാട്ടുകളിലൂടെയാണ്.പ്രവാസ ജീവിതത്തിന്റെ വൈകാരിക മാനങ്ങള്‍ ലളിത സംഗീതത്തിലേക്കാവിഷ്‌കരിച്ച് കത്തുപാട്ടുകള്‍ക്ക് രൂപം നല്‍കിയത് ഇദ്ദേഹമായിരുന്നു.

ഗാനരചയിതാവ്, ഗായകന്‍, ചിത്രകാരന്‍, നടന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ഒട്ടേറെ പ്രശസ്തരെ സംഭാവന ചെയ്ത നിലമ്പൂര്‍ യുവജനകലാസമിതി വഴി പതിനേഴാം വയസ്സില്‍ നാടകരംഗത്തെത്തിയാണ് ജമീല്‍ കലാരംഗത്ത് വരുന്നത്. ഇ.കെ അയമുവിന്റെ 'ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്' തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. 1960 ഓടെ ഗാനരംഗത്തേക്ക് തിരിഞ്ഞു. പ്രവാസലോകമാകെ നെഞ്ചേറ്റിയ കത്തുപാട്ടുകള്‍ക്ക്‌രൂപം നല്‍കുന്നത് തുടര്‍ന്നാണ് . 1976 ല്‍ 'എ്രതയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍..' എന്ന ഗാനവുമായി ജമീല്‍ മാപ്പിളപ്പാട്ടിന് പുതുവഴിതീര്‍ത്തു. രചനയും ആലാപനവും ജമീല്‍ തന്നെയായിരുന്നു. ഇതിനുശേഷം, ' അബൂദാബീലുള്ളോരെഴുത്തു പെട്ടി..' എന്ന തുടങ്ങുന്ന മറുപടിക്കത്തുപാട്ടു കൂടി വന്നതോടെ മലയാളികള്‍ ജമീലിനെ നെഞ്ചേറ്റി.

റമീജ (ദുബൈ), ജാസ്മിൻ,ജൗഹർ എന്നിവരാണ് മക്കൾ‍. അഹമ്മദ്കുട്ടി (ദുബൈ), ബാബു (മഞ്ചേരി)എന്നിവർ മരുമക്കളുമാണ്.ഡോ. ഹക്കീം, നിലമ്പൂര്‍ ഷാജി (ഗായകന്‍)എന്നിവർ സഹോദരങ്ങളാണ്. റുഖിയയാണ് ഭാര്യ.

കത്ത് പാട്ടുകളുടെ രാജകുമാരന്റെ ഓർമ്മയ്ക്ക് മുന്നിൽ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.