Wednesday, October 19, 2011

കാക്കനാടന്‍ മാഷിനാദരാഞ്ജലികള്‍


ആധുനീക മലയാള സാഹിത്യത്തിലെ സ്നേഹത്തിന്റെ കുലപതിയായ ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന കാക്കനാടൻ ഇന്ന് നമ്മോടൊപ്പം ഇല്ല.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് (2011 ഒക്ടോബർ 19-ന്) അന്തരിച്ച ഇദേഹം മലയാളത്തില്‍ അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. ഇദ്ദേഹത്തിന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളാണെന്ന് പറയാം.

വർഗ്ഗീസ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി 1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ച ഇദേഹത്തിന്റെ പഠനം കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിലും ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിലുമായിരുന്നു. 1955-ൽ ബി.എസ്.സി. പാസായ ശേഷം സ്കൂൾ അദ്ധ്യാപകനായി രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലു വര്‍ഷം ദക്ഷിണ റെയിൽ‌വേയിലും ആറു വര്‍ഷം റെയിൽ‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തു. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു.

1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. എന്നാൽ അവിടെ നിന്ന് ജർമൻ ഭാഷ പഠിക്കുകയും പിന്നെ യൂറോപ്പിലേക്ക് പോയെങ്കിലും 1968-ൽ കേരളത്തിൽ തിരിച്ചെത്തി.

1965-ൽ അമ്മിണിയെ വിവാഹം കഴിച്ചു കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടക്ക് 1971 മുതൽ 73 വരെ മലയാളനാട് വാരികയുടെ പത്രാധിപ സമിതിയിൽ. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാൽപതിലധികം കൃതികൾ. 'പറങ്കിമല'യും 'അടിയറവും' (സംവിധാനം : ഭരതൻ) ,ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് (സംവിധാനം : കമൽ), ഓണപ്പൂവേ (സംവിധാനം : കെ.ജി. ജോർജ്) എന്നിവയും സിനിമയായി. 1981-84-ൽ സാഹിത്യ അക്കാദമി അംഗവും 1988-91-ൽ നിർവാഹക സമിതി അംഗവും.

1980 ൽ ജാപ്പാണം പുകയില എന്ന ചെറുകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും,"ഒറോത" എന്ന നോവലിന് 1984-ൽ കേരളസാഹിത്യ അക്കാദമി അവാർഡും,1986-ൽ ഉഷ്ണമേഖലക്ക് മികച്ച ചെറുകഥക്കുള്ള പുരസ്കാരവും ലഭിച്ചു. 2008-ൽ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കുകയുണ്ടായി. 2003-ൽ മികച്ച നോവലിനും ചെറുകഥക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2005-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.2008-ൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ബാലാമണിയമ്മ പുരസ്കാരത്തിനും ഇദ്ദേഹം അർഹനായി. കൂടാതെ വിശ്വദീപം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായിട്ടുണ്ട്.

രാധ, രാജൻ, ഋഷി എന്നിവരാണ്‌ മക്കള്‍ . പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ,പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ,തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്.ഈ സാഹിത്യ പ്രതിഭയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

Thursday, August 18, 2011

പാതിരാപ്പുള്ളുണര്‍ത്തി മോഹം കൊള്ളിക്കാൻ ഇനി വരില്ല ആ സംഗീതം


പാതിരാപ്പുള്ളുണര്‍ത്തി മോഹം കൊള്ളിച്ച പാട്ടൂകൾ മലയാളികൾക്ക് സമ്മാനിച്ച ജോൺസൺ മാസ്റ്റർ ഇനി നമുക്ക് സംഗിതമൊരുക്കില്ല. സംഗീതകുടുംബത്തിൽ ,1953 മാർച്ച് 26 ആം തിയതി തൃശ്ശൂരിലെ നെല്ലികുന്നിൽ ആൻ‌റണിയുടെയും മേരിയുടെയും മകനായ് ജനിച്ച ഇദ്ദേഹം മലയാളത്തിലെ ജോൺ വില്ല്യംസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം ചെറുപ്പത്തിലേ സംഗീതത്തോട് വലിയ കമ്പക്കാരനായിരുന്ന ഇദ്ദേഹം നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ക്വയറില്‍ പാട്ടുകാരനായിരുന്നു.ക്വയറിലെ സീനിയര്‍ ആയ വി സി ജോര്‍ജ് ആയിരുന്നു ആദ്യ ഗുരുസ്ഥാനീയന്‍ . ഇദ്ദേഹത്തിന്റെ പ്രോത്സാഹനമായിരുന്നു സംഗീതത്തിൽ തുടരാൻ മാസ്റ്ററെ പ്രോത്സാഹിപ്പിച്ചത്.

യുവജനോത്സവങ്ങളിലും സംഗീത പരിപാടികളിലും ഗായകനായ ഇദ്ദേഹം സ്ത്രീശബ്ദത്തിൽ ഗാനമേളകളിൽ പാടുമായിരുന്നു. 1968 ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം 'വോയ്‌സ് ഓഫ് തൃശൂര്‍ ' എന്ന പേരില്‍ ക്ലബ് രൂപവല്‍ക്കരിച്ച് സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന ഇദ്ദേഹം ഗിത്താര്‍ , ഹാര്‍മോണിയം, വയലിന്‍ തുടങ്ങി വിവിധ സംഗീതഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുമായിരുന്നു.നാട്ടുകാരനായ ഗായകൻ ജയചന്ദ്രൻ പറഞ്ഞതനുസരിച്ച് ദേവരാജൻ മാസ്റ്റർ 1974 ൽ ഇദ്ദെഹത്തെ മദ്രാസിലേക്ക് വിളിപ്പിക്കുകയായിരുന്നു.

1978-ൽ ആരവം എന്ന സിനിമക്ക് വേണ്ടി പശ്ചാതല സംഗീതമൊരുക്കിയാണ് ചലചിത്രലോകത്തെത്തിയത്.തുടർന്ന് തകര, ചാമരം എന്നീ സിനിമകൾക്കും അദ്ദേഹം പശ്ചാതല സംഗീതമൊരുക്കുകയുണ്ടായി.ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത് 'ഇണയെ തേടി' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.തുടർന്ന് ഒരു പിടി ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഭരതനുമായി പത്തോളം ചിതങ്ങളും പത്മരാജനുമായി പതിനേഴോളം ചിത്രങ്ങൾ എല്ലാ ചിത്രങ്ങളിലേയും ഗാനങ്ങൾ വലരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് സത്യൻ അന്തിക്കാടുമായി ചേർന്ന് ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ,ഈ കൂട്ടുകെട്ടുകളെല്ലാം വളരെ നല്ല കുറേ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കുകയുണ്ടായി.വയലാർ - ദേവരാജൻ ,ഭാസ്ക്കരൻ മാസ്റ്റർ - ബാബുരാജ്,ശ്രീകുമാരൻ തമ്പി - ദക്ഷിണാമൂർത്തി,ഒ.ൻ.വി - എം.ബി.ശ്രീനിവാസൻ എന്നീ കൂട്ടു കെട്ടുകൾ പോലെ വളരെ പ്രസിദ്ധമായ കൂട്ട് കെട്ടായിരുന്നു കൈതപ്രം - ജോൺസൺ .ഇവർ ഒന്നിക്കുന്നത് 1989 ൽ പുറത്തിറങ്ങിയ വരവേൽ‌പ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു.2006 ൽ പുറത്തുവന്ന ഫോട്ടോഗ്രാഫർ എന്ന ചിത്രമായിരുന്നു ഈ കൂട്ടുകെട്ടിൽ അവസാനം ഇറങ്ങിയ ചിത്രം.

മലയാള സംഗീത സം‌വിധായകരിലെ പ്രമുഖ സ്ഥാനിയനായ ഇദ്ദേഹത്തിന് 1993-ൽ പൊന്തന്മാടയിലൂടെയും 1994-ൽ സുകൃതത്തിലൂടെയും ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി.1982 -ൽ ഓര്‍മയ്ക്കായി,1989 -ൽ വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (രണ്ടും ഒരേവർഷം),1999 -ൽ അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ ചിത്രങ്ങളിലൂടെ മൂന്നുതവണ സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡുകളും.1992 -ൽ സദയം,1996 -ൽ സല്ലാപം എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.


2011ആഗസ്റ്റ് പതിനെട്ടാം തിയതി അദ്ദേഹത്തിന്റെ അമ്പത്തിയെട്ടാം വയസ്സിൽ അദ്ദേഹം നമ്മെവിട്ടുപിരിഞ്ഞു.ഈ വര്‍ഷമിറങ്ങിയ 'നാടകമേ ഉലകം' എന്ന ചിത്രത്തിനാണ് ഇദ്ദേഹം അവസാനമായി സംഗീതം ഒരുക്കിയത്. കൂടാതെ 'ഓര്‍മ്മ മാത്രം' എന്ന ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതവും നല്‍കിയിരുന്നു.അണിയരയിൽ അഞ്ചോളം ചിത്രങ്ങൾക്ക് സംഗീതസംവിധാനം ഒരുക്കിന്നതിനിടക്കാണ് അപ്രതീക്ഷ ഈ വേർപ്പാട് ഈ സംഗീതപ്രതിഭക്ക് മുന്നിൽ പാഥേയം ആദരാഞ്ജലികൾ അർപ്പിക്കുന്നു.


Friday, April 22, 2011

മലയാളത്തിന്റെ വാനമ്പാടിക്ക് എഴുപത്തിനാല്


മലയാളത്തിന്റെ പ്രിയ പാട്ടുക്കാരി ജാനകിയമ്മ എഴുപത്തിനാലിന്റെ നിറവിൽ.1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണിവർ ജനിച്ചത്.ചെറുപ്പത്തിലേ സംഗീതത്തോട്‌ താല്പര്യം പ്രകടിപ്പിച്ച ജാനകി പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. ഇവരുറ്റെ അമ്മാവൻ ഡോ. ചന്ദ്രശേഖറുടെ നിർദേശപ്രകാരം സംഗീത പഠനത്തിനായി മദ്രാസിലെത്തുകയും അക്കാലത്ത് ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെ ജാനകി ശ്രദ്ധേയമായി. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിക്കുകയുണ്ടായി.

1957ൽ 19 ആം വയസിൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചു. തെലുങ്ക്‌ ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകൾ ഹൃദയത്തിൽ സ്വീകരിച്ചു.വിവിധ ഭാഷകളിൽ ഇരുപതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച ജാനകിക്ക് നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.

എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ഇവർ ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും പാടിയീട്ടുണ്ട്‌. കുട്ടികളുടെ സ്വരത്തിൽ മധുരമായി പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്‌. മലയാളത്തിൽ ഇത്തരം നിരവധി ഗാനങ്ങൾ ആലപിക്കുകയുണ്ടായി.മികച്ച പിന്നണി ഗായികയ്‌ക്കുള്ള കേരള സസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിൻറെ അവാർഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിൻറെ അവാർഡ്‌ പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട്‌ സർക്കാരിൻറെ കലൈമാമണി പുരസ്‌ക്കാരം 1986-ലും സുർ സിംഗർ അവാർഡ്‌ 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ്‌ 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ്‌ അവാർഡ്‌ 2005-ലും ലഭിച്ചു.ഗായികക്ക് പുറമെ ഇവർ ഗാന രചനയും സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്‌. നിരവധി തമിഴ്‌, തെലുങ്കു ചിത്രങ്ങൾക്കു വേണ്ടി അവർ ഗാനങ്ങളെഴുതുകയുണ്ടായി

ഭർത്താവായ വി. രാമപ്രസാദിൻറെ മരണശേഷം ജാനകി സിനിമ രംഗത്ത്‌ സജീവമല്ലാതായി. കൂടുതൽ സമയവും പ്രാർത്ഥനക്കായി ചെലവിട്ടു. ഇപ്പോൾ ഇടക്കിടക്ക് ഭക്തിഗാന കാസെറ്റുകൾക്കു വേണ്ടി പാടുന്നുണ്ട്‌. ഏകമകൻ മുരളീ കൃഷ്‌ണയും ഭാര്യ ഉമയും അടങ്ങുതതാണ് ഇവരുടെ കുടുംബം.

കൂടുതൽ വായനക്ക് ഇവിടെ അമർത്തുക