പ്രശസ്ത നടി അടൂര്‍ പങ്കജം മരിച്ച വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഇന്ന് (26/06/2010) രാത്രി ഒമ്പത് മണിയോടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കുറച്ചു കാലമായി അസുഖം ബാധിച്ചു കിടപ്പിലായിരുന്നു. സിനിമാ സീരിയല്‍ നടന് അടൂര്‍ അജയന് ഏക മകനാണ്. ഭര്‍ത്താവ് ദേവരാജന്‍ പോറ്റി നാലു വര്‍ഷം മുമ്പ് മരിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 ന് അന്തരിച്ച നടി അടൂര്‍ ഭവാനി സഹോദരിയാണ്. പങ്കജത്തിന്റെ മരണത്തോടെ അടൂര്‍ സിസ്റ്റേഴസ് ഓര്‍മ്മയായി.
'മധുമാധുര്യം' എന്ന നാടകത്തിലൂടെയാണ് പങ്കജം അഭിനയരംഗത്തെത്തുന്നത്. 12 ആം വയസിലായിരുന്നു ഈ നാടകത്തില്‍ അഭിനയിച്ചത്. പിന്നീട് രക്തബന്ധം, ഗ്രാമീണ ഗായകന് , വിവാഹവേദി, വിഷമേഖല തുടങ്ങിയ നാടകങ്ങളില്‍ വേഷമിട്ടു.
ഭവാനിയുടെ ആദ്യചിത്രമായ 'ശരിയോ തെറ്റോ'യിലും പങ്കജമുണ്ടായിരുന്നു. 'കരകാണാക്കടലി'ല്‍ സത്യന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി ഭവാനിയും കള്ളുകച്ചവടക്കാരി 'കടുക്കാമറിയ'മായി പങ്കജവും അഭിനയിച്ചു. ഒന്നിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 'ചെമ്മീനി'ലെ വേഷങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത്.ആദ്യകിരണങ്ങള്‍ , ഭാഗ്യജാതകം എന്നീ ചിത്രങ്ങളിലും അടൂര്‍ സഹോദരിമാരൊരുമിച്ചു.
1935 ല്‍ അടൂരിലെ പാറപ്പുറത്ത് കുഞ്ഞിരാമന്‍പിള്ളയുടേയും കുഞ്ഞുകുഞ്ഞമ്മയുടേയും എട്ടുമക്കളില്‍ രണ്ടാമത്തെ മകളായാണ് അടൂര്‍ പങ്കജം എന്ന പങ്കജാക്ഷി ജനിച്ചത്. നാടകത്തിന്റെ നടവഴികളിലൂടെ നടന്ന മൂത്തമകള്‍ ഭവാനിയുടെ പിന്നാലെ പങ്കജവും നാടകലോകത്തെത്തി. ദാരിദ്രം മൂലം പങ്കജം നാലാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. പാടാന്‍ കഴിവുള്ള പങ്കജത്തെ കുഞ്ഞിരാമന്‍പിള്ള, പന്തളം കൃഷ്ണപിള്ള ഭാഗവതരുടെ ശിഷ്യയാക്കി. പന്തളത്ത് താമസിച്ചായിരുന്നു പഠനം.
അങ്ങനെയിരിക്കെ കണ്ണൂര്‍ കേരള ലളിതകലാ നിലയത്തിന്റെ നടത്തിപ്പുകാരും പ്രശസ്ത നാടകക്കാരനുമായ കെ.പി.കെ പണിക്കരും സ്വാമി ബ്രഹ്മവ്രതനും പങ്കജത്തെ തേടിയെത്തി. അങ്ങനെ സ്വാമി ബ്രഹ്മവ്രതന്റെ 'മധുമാധുര്യം' എന്ന നാടകത്തില്‍ നായികയായി അഭിനയിച്ചു.
'രക്തബന്ധ'മായിരുന്നു അടുത്ത നാടകം. ഹാസ്യവേഷമായിരുന്നു അതില്‍. തുടര്‍ന്ന് ഹാസ്യനടിയെന്ന പേരില്‍ പങ്കജം പേരെടുത്തു. അതിനിടെയാണ് സിനിമയില്‍ നിന്നും വിളി വരുന്നത്. 'പ്രേമലേഖ'യാണ് ആദ്യം അഭിനയിച്ച ചിത്രം. അത് റിലീസായില്ലെങ്കിലും കുഞ്ചാക്കോയുടെ 'വിശപ്പിന്റെ വിളി'യാണ് ആദ്യം പുറത്തു വന്നത്.
ചെമ്മീന്‍, കടലമ്മ, അച്ഛന് , അവന് വരുന്നു, കിടപ്പാടം, പൊന്കതിര് , പാടാത്ത പൈങ്കിളി, മന്ത്രവാദി, ഭക്തകുചേല, മറിയക്കുട്ടി, സി.ഐ.ഡി, സ്വാമി അയ്യപ്പന് , കരകാണാക്കടല്‍ തുടങ്ങി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. കുഞ്ഞിക്കൂനനാണ് അവസാന ചിത്രം.
മലയാള സിനിമയുടെ കുശുമ്പി അമ്മായിയമ്മക്ക് പാഥേയത്തിന്റെ ആദരഞ്ജലി.
പ്രശസ്ഥ ചലചിത്ര സംവിധായകന് പി.ജി.വിശ്വംഭരന് അന്തരിച്ച വാര്‍ത്ത നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുമല്ലോ?.കൊച്ചി പി.വി.എസ്. ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ഇദ്ദേഹത്തിന്റെ വേര്‍പാട്.മരിക്കുമ്പോള്‍ അദ്ദ്ദേഹത്തിന് അറുപത്തിനാല് വയസ്സായിരുന്നു. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ഒരാഴ്ചയായി ചികില്‍സയിലായിരുന്ന അദ്ദേഹം ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളടക്കം 63 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് ഇദ്ദേഹം.
തിരുവനന്തപുരം പുല്ലുവിള കരിച്ചല്‍ വടക്കേക്കര പ്ലാവിലവീട്ടില്‍ പരേതരായ ഗംഗാധരന്റ്റേയും പൊന്നിയമ്മയുടേയും മകനാണ് പി.ജി. വിശ്വംഭരന്.
മമ്മുട്ടിയുടെ ആദ്യത്തെ ചിത്രമായ സ്ഫോടനം ഇദ്ദേഹമാണ് സംവിധാനം ചെയ്തത്.ഒഴുക്കിനെതിരെയാണ് ആദ്യ ചിത്രം. 2002 ല്‍ 'പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ച്' യാണ് വിശ്വംഭരന് ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. തുടര്‍ന്ന് എട്ട് വര്‍ഷത്തോളം ഈ ജനപ്രിയ സംവിധായകന് കാണാമറയത്തായിരുന്നു. വര്‍ഷം രണ്ടും മൂന്നും സിനിമകള്‍ സംവിധാനം ചെയ്തു കൊണ്ടിരുന്ന ഒരു തിരക്കേറിയ സംവിധായകനെ സംബന്ധിച്ചിടത്തോളം ഈ ദീര്‍ഘമായ ഇടവേള കഠിനമായിരുന്നു. ഇതിനിടെ 'ആനമയില്‍ ഒട്ടകം' എന്ന സിനിമ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല.
1975ലാണ് വിശ്വംഭരന് സംവിധാന രംഗത്തെത്തുന്നത്. അറുപത്തഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തു. സന്ധ്യക്കു വിരിഞ്ഞ പൂവ്, കാട്ടുകുതിര, ഗജകേസരിയോഗം തുടങ്ങി വിശ്വംഭരന്റെ ഫാമിലി ഹിറ്റുകള്‍ 80-കളിലെ മലയാള സിനിമയില്‍ തരംഗമായിരുന്നു. സത്യവാന് സാവിത്രി എന്ന കളര്‍ സിനിമയുടെ സംവിധായകനെന്ന നിലയിലാണു വിശ്വംഭരന് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രേംനസീര്‍ മുതല്‍ മമ്മുട്ടി വരെയുള്ള സൂപ്പര്‍ താരങ്ങളെ വച്ചു ചിത്രം എടുത്തിട്ടുള്ള വിശ്വംഭരന് മമ്മുട്ടിയെ നായകനാക്കിയാണു കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.
1987 ല്‍ വിശ്വംഭരന് സംവിധാനം ചെയ്ത 'പൊന്ന്' എന്ന സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നതിന്റെ ചര്‍ച്ച നടക്കുന്നതിനിടെയാണ് അദ്ദേഹം ആസ്പത്രിയിലാവുന്നത്. കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ സിനിമയെടുക്കാന്‍ ഒരു നിര്‍മ്മാതാവ് താത്പര്യം പ്രകടിപ്പിച്ചിരിക്കുകയായിരുന്നു.ഈ സംവിധായകന് മുന്നില്‍ കാലം തിരശ്ശീലയിടുമ്പോള്‍ ഈ സ്വപ്നം ബാക്കിയായി നില്ക്കുന്നു.
പൊന്ന്, ഗജകേസരിയോഗം, പ്രത്യേകം ശ്രദ്ധിക്കുക, ആഗേ്നയം, ഫസ്റ്റ് ബെല്‍, എഴുപുന്ന തരകന് എന്നിവ ഉള്‍പ്പെടെ പി.ജി. വിശ്വംഭരന്റെ പതിനാലോളം ചിത്രങ്ങളുടെ തിരക്കഥയെഴുതിയത് കലൂര്‍ ഡെന്നീസാണ്. ഹിന്ദി താരങ്ങളെ വെച്ച് സിനിമയെടുക്കാനും വിശ്വംഭരന് താത്പര്യം കാണിച്ചിരുന്നു. . 1985 ലാണ് 'ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍' എന്ന സിനിമയില്‍ അംജദ്ഖാനെ അഭിനയിപ്പിക്കുന്നത്. 'എഴുപുന്ന തരകനി'ല്‍ നമ്രദ ശിരോദ്കറെ നായികയാക്കി.
ഒഴുക്കിനെതിരെ, നീയെന്റെ ലഹരി, സത്യവാന് സാവിത്രി, സീമന്തിനി, പോക്കറ്റടിക്കാരി, പടക്കുതിര, മധുരിക്കുന്ന രാത്രി, അവര്‍ ജീവിക്കുന്നു, ഇവിടെ കാറ്റിന് സുഗന്ധം, ഇതാ ഒരു തീരം, കടല്‍കാറ്റ്, ചാകര, ഗ്രീഷ്മജ്വാല, എന്നെ സ്നേഹിക്കൂ എന്നെ മാത്രം, സ്ഫോടനം, ഇതു ഞങ്ങളുടെ കഥ, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, സാഗരം ശാന്തം, രുഗ്മ, പിന്നിലാവ്, ഒന്നു ചിരിക്കൂ, ഹിമവാഹിനി, വീണ്ടും ചലിക്കുന്ന ചക്രം, തിരക്കില്‍ അല്പം സമയം, സന്ധ്യക്കെന്തിന് സിന്ദൂരം, ഒരു കൊച്ചു കഥ ആരും പറയാത്ത കഥ, ഒന്നാണ് നമ്മള്, ഇവിടെ ഈ തീരത്ത്, ഈ തണലില്‍ ഇത്തിരിനേരം, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, ഇതിലെ ഇനിയും വരൂ, പ്രത്യേകം ശ്രദ്ധിക്കുക, നന്ദി വീണ്ടും വരിക, അവള് കാത്തിരുന്നു അവനും, പൊന്ന്, ഇതാ സമയമായി, സൈമണ്‍ പീറ്റര്‍ നിനക്ക് വേണ്ടി, ഒരു വിവാദവിഷയം, കാര്‍ണിവല്‍, കാട്ടുകുതിര, ഗജകേസരിയോഗം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ഇന്നത്തെ പ്രോഗ്രാം, ഫസ്റ്റ് ബെല്‍, വക്കീല്‍ വാസുദേവ്, പ്രവാചകന്, ആഗേ്നയം, ദാദ, പാര്‍വതീപരിണയം, സുവര്‍ണ സിംഹാസനം, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രെം യുഎസ്എ, എഴുപുന്ന തരകന്, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച തുടങ്ങിയവയാണ് വിശ്വംഭരന്റെ സിനിമകള്‍.
ഏറെക്കാലമായി കലൂരിലാണു താമസം. ഭാര്യ: മീന. മക്കള്‍ വിമി, വിനോദ് (മെഡിക്കല്‍ വിദ്യാര്‍ഥി, മംഗലാപുരം), മരുമകന് : രാജേഷ് (ബിസിനസ്, കൊടുങ്ങല്ലൂര്‍ ).
പാഥേയം ജൂണ്‍ ലക്കം രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുമായി ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.
ഈ ലക്കം ഇറങ്ങിയീട്ട് ദിവസങ്ങള്‍ പലതു കഴിഞ്ഞു ഇങ്ങിനെ ഒരു കുറിപ്പിടാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.ഇനി എല്ലാ മാസം അഞ്ചാം തിയതിക്കുമുന്‍പായി ഓരോ ലക്കവും നിങ്ങളെ തേടിയെത്തും.സഹകരിക്കുക.