Saturday, July 31, 2010

മലയാള പത്ര തറവാട്ടിലെ മഹാവൃക്ഷം വേരറ്റു



ഇന്ത്യന്‍ പത്രലോകത്തെ ആചാര്യനും മലയാള മനോരമ മുഖ്യപത്രാധിപരുമായ കെ.എം മാത്യു ഇന്ന് (ആഗസ്റ്റ് ഒന്ന്) പുലച്ചെ ആരുമണിക്ക് അന്തരിച്ച വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. മൃതദേഹം വൈകിട്ടു നാലു മണിയോടെ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിയില്‍ കൊണ്ടുവരും. ഭൌതിക ശരീരം നാളെ ഉച്ചയ്ക്ക് ഒരു മണിക്കു കോട്ടയം മലയാള മനോരമ ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ വൈകിട്ടു നാലിനു കോട്ടയം പുത്തന്‍പള്ളിയില്‍ സംസ്കാരിക്കും

കോട്ടയത്തെ കണ്ടത്തില്‍ കുടുംബത്തില്‍ കെ. സി. മാമ്മന്‍ മാപ്പിളയുടെയും കുഞ്ഞാണ്ടമ്മ എന്ന മാമ്മിയുടെയും എട്ടാമത്തെ കുട്ടിയായി 1917 ജനുവരി രണ്ടിന് ജനിച്ചു. കുട്ടനാട്ടില്‍ കുപ്പപ്പുറത്തെ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്കൂളിലും കോട്ടയം എംഡി സെമിനാരി ഹൈസ്കൂളിലുമായി പഠനം തുടര്‍ന്നു. കോട്ടയം സിഎംഎസ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ശേഷം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദപഠനം.

പിതാമഹന്റെ സഹോദരനായ കണ്ടത്തില്‍ വറുഗീസ് മാപ്പിള 1888 ല്‍ തുടക്കമിട്ട്, പിതാവ് കെ.സി മാമ്മന്‍ മാപ്പിള, ജ്യേഷ്ഠന്‍ കെ.എം ചെറിയാന്‍ എന്നിവരുടെ പത്രാധിപത്യത്തിലൂടെ വളര്‍ന്ന മലയാള മനോരമയില്‍ മാനേജിങ് എഡിറ്ററും ജനറല്‍ മാനേജരുമായി കെ.എം മാത്യു ചുമതലയേല്‍ക്കുന്നതു 1954 ലാണ്. പഠനശേഷം ചിക്മഗളൂരില്‍ എസ്റ്റേറ്റ് മേല്‍നോട്ടവും പിന്നീട് മുംബൈയില്‍ കുടുംബ ബിസിനസും നടത്തിയ ശേഷമായിരുന്നു മനോരമ പ്രവേശം. 1973 ല്‍ കെ.എം ചെറിയാന്റെ നിര്യാണത്തെ തുടര്‍ന്ന് ചീഫ് എഡിറ്ററായി.

മാത്യു മനോരമയില്‍ വരുമ്പോള്‍ 30,000 കോപ്പി മാത്രമായിരുന്ന പ്രചാരം പതിനെട്ടു ലക്ഷത്തിലേറെ കോപ്പികളാണ് ഇപ്പോള്‍. കോട്ടയത്തു നിന്നു മാത്രം പ്രസിദ്ധീകരിച്ചിരുന്ന മനോരമയ്ക്ക് ഇന്ത്യയിലും വിദേശത്തുമായി ഇപ്പോള്‍ പതിനേഴ് എഡിഷനുകളുണ്ട്.

മനോരമ ആഴ്ചപ്പതിപ്പ്, ഭാഷാപോഷിണി, വനിത, ദ് വീക്ക് , ബാലരമ എന്നിവയുള്‍പ്പെടെ വിവിധ ഭാഷകളിലായുള്ള നാലു ഡസനോളം പ്രസിദ്ധീകരണങ്ങളും മനോരമ ന്യൂസ് ടിവി ചാനല്‍, മനോരമ മ്യൂസിക്, റേഡിയോ മാംഗോ, മനോരമ ഓണ്‍ലൈന്‍ തുടങ്ങിയ സംരഭങ്ങളും ഉള്‍പ്പെട്ട മനോരമ കുടുംബത്തിന്റെ കാരണവരായിരുന്നു കെ.എം. മാത്യു.

സമൂഹത്തിനു നല്‍കിയ വിശിഷ്ട സംഭാവനകള്‍ മാനിച്ച് 1998ല്‍ പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയിലെ മികച്ച പത്രാധിപര്‍ക്ക് 'ഇന്ത്യന്‍ എക്സ്പ്രസ് ഏര്‍പ്പെടുത്തിയ ബി. ഡി. ഗോയങ്ക അവാര്‍ഡ് , ഫൌണ്ടേഷന്‍ ഫോര്‍ ഫ്രീഡം ഒാഫ് ഇന്‍ഫര്‍മേഷന്‍ അവാര്‍ഡ് , പത്രരംഗത്തു ദീര്‍ഘകാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും മാത്യുവിനെ തേടിയെത്തി.

ആത്മകഥയായ 'എട്ടാമത്തെ മോതിരം, പത്നി മിസിസ് കെ. എം. മാത്യുവിന്റെ വിയോഗത്തെത്തുടര്‍ന്ന് എഴുതിയ 'അന്നമ്മ എന്ന ഓര്‍മ്മപ്പുസ്തകം എന്നിവയാണു കൃതികള്‍.

പത്നി അന്നമ്മ ചാത്തന്നൂര്‍ കൈതക്കുഴി നെടുഞ്ചിറ ബംഗാവില്‍( റിവര്‍സൈഡ്) പരേതനായ ഡോ. ജോര്‍ജ് ഫിലിപ്പിന്റെ മകളാണ്. 2003 ല്‍ മരണംവരെ 'വനിതയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന മിസിസ് കെ.എം. മാത്യു പ്രശസ്തയായ പാചകവിദഗ്ധയും ഇംഗീഷിലും മലയാളത്തിലുമായി രണ്ട് ഡസനിലേറെ പാചകഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
മലയാള മനോരമ എഡിറ്റര്‍ മാമ്മന്‍ മാത്യു, മാനേജിങ് എഡിറ്റര്‍ ഫിലിപ്പ് മാത്യു, എക്സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു, തങ്കം മാമ്മന്‍ എന്നിവരാണു മക്കള്‍ .

മലയാള പത്ര തറവാട്ടിലെ കുലപതിയുടെ വിയോഗത്തില്‍ പാഥേയത്തിന്റെ ബാഷ്പാഞ്ചലി.

Wednesday, July 28, 2010

പാഥേയം ആഗസ്റ്റ് ലക്കം അണിയറയില്‍

പാഥേയം ആഗസ്റ്റ് ലക്കം അണിയറയില്‍ ഒരുങ്ങുന്നു.ആഗസ്റ്റ് മാസം ഒന്നാം തിയതിയില്‍ പുറത്തിറങ്ങുന്നു.
ആഗസ്റ്റ് മാസത്തിലെ പ്രാധാന്യം നിലര്‍നിര്‍ത്തുന്ന രീതിയില്‍ റമദാന്‍,സ്വാതന്ത്ര്യദിനം,രാമായണമാസം,ഓണം തുടങ്ങി എല്ലാം അടങ്ങുന്ന ഒരു സമ്പൂര്‍ണ പതിപ്പ്.

ആഗസ്റ്റ് പാഥേയം കലവറയില്‍ വായിക്കുക. റമദാന്‍ വിഭവങ്ങള്‍ എന്ന ഒരു പുതിയ പംക്തി.

ഒപ്പം അടിപൊളി ഓണസദ്യ ഒരുക്കിയിരിക്കുന്നു.

ഇപ്രാവശ്യം വിനോദത്തില്‍ വായിക്കാം.ഓണമൊഴികള്‍,ഓണകളികള്‍,ഓണപാട്ടുകള്‍ തുടങ്ങിയവ.

സ്വതന്ത്ര്യത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ ഒരു യാത്ര.
ഓണത്തിന്റെ ഐതീഹ്യം.
പുണ്യങ്ങളുടെ പൂക്കാലം (റമദാന്റെ പ്രത്യേഗതകളെ കുറിച്ചുള്ള ലേഖനം).
വിയോഗം (മുരളിയേയും രാജന്‍ പി ദേവിനെയും കുറിച്ചുള്ള ലേഖനം).
ഓര്‍മയില്‍ നേതാജിയെ കുറിച്ചുള്ള ലേഖനം.
ജന്മദിനത്തില്‍ മദര്‍ തെരേസയെ കുറിച്ചുള്ള ലേഖനം.

ആദരാഞ്ജലികളില്‍ പാണ്ഡ്യത്ത്യമാം വിളക്കണഞ്ഞു പ്രൊഫ.എ ശ്രീധരമേനോനെ കുറിച്ചുള്ള ലേഖനം
ഒപ്പം കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ശിവരാമനെ കുറിച്ചുമുള്ള ലേഖനം.

സിനിമാ നിരൂപണത്തില്‍ മിസ്റ്റര്‍ സിങ്‌ & മിസ്സിസ് മെഹ്ത്ത എന്ന ബോളിവുഡ് ചിത്രത്തെ പറ്റി.

കൂടാതെ ആരോഗ്യം എന്ന പംക്തിയില്‍ അയൂവേദ ചികിത്സയുമായി ബന്ധപ്പെട്ട ലേഖനം.

ഒപ്പം വനിതാവേദി,ബാലപംക്തി,കഥകള്‍,കവിതകള്‍ തുടങ്ങിയവ.

കാത്തിരിക്കുക,ഇനി മൂന്നു നാളുകള്‍ മാത്രം!.

Thursday, July 22, 2010

പാണ്ഡ്യത്തമാം ആ വിളക്കണഞ്ഞു


പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ പ്രൊഫ.എ ശ്രീധരമേനോന്‍ ഇന്ന് (23/07/2010) രാവിലെ ആറുമണിക്ക് അന്തരിച്ചവിവരം അറിഞ്ഞിരിക്കുമല്ലോ.എണ്‍പത്തിനാലുവയസ്സായിരുന്നു. തിരുവനന്തപുരത്ത് ജവഹര്‍നഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

കേരള ചരിത്രത്തെ രേഖപ്പെടുത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു. ചരിത്രത്തെ അടയാളപ്പെടുത്തുന്ന ആധികാരികമായ നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 1997 ല്‍ കേരള ചരിത്രത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പുന്നപ്ര വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പുസ്തകത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇടതുപക്ഷ ബുദ്ധിജീവീകളില്‍ നിന്ന് വിമര്‍ശനമുയരാന്‍ കാരണമായത്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2009 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു.

ആധുനിക കേരളചരിത്രരചനയെ ജനകീയവത്കരിച്ചത് ആലപ്പാട്ട് ശ്രീധരമേനോന്‍ എന്ന പ്രൊഫ. എ. ശ്രീധരമേനോനാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം രചിച്ച പ്രൗഢ ഗ്രന്ഥങ്ങളാണ് ഇന്നും കേരളത്തിന്റെ പ്രധാന ചരിത്രപാഠങ്ങള്‍. പ്രഗത്ഭനായ അധ്യാപകനായിരുന്ന ശ്രീധരമേനോന്‍ വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമയാണ്. ചരിത്രത്തില്‍ ഏറെ ദുഷിക്കപ്പെട്ട സര്‍. സി.പി. രാമസ്വാമിഅയ്യരെ വേറിട്ട കാഴ്ചപ്പാടില്‍ അവതരിപ്പിച്ചതോടെ ഏറെ വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം വിധേയനായി.

1925 ഡിസംബര്‍ 18ന് എറണാകുളത്തായിരുന്നു എ ശ്രീധരമേനോന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റും രാജാവിന്റെ സ്‌കോളര്‍ഷിപ്പോടെ മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും നേടി. 1948 ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലാണ് അധ്യാപന ജീവിതം തുടങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും അധ്യാപകനായി പ്രവര്‍ത്തിച്ചു. പിന്നീട് അമേരിക്കന്‍ സ്‌കോളര്‍ഷിപ്പോടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടി.

1958 ല്‍ അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ അദ്ദേഹം കേരള സ്റ്റേറ്റ് ഗസറ്റീറുകളുടെ ആദ്യ എഡിറ്റായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസസര്‍, കേരള സര്‍വകലാശാല രജിസ്ട്രാര്‍ സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ സെനറ്റിലും അക്കാദമിക് കൗണ്‍സിലിലും, പരീക്ഷാ ബോര്‍ഡ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയിലും അംഗമായിരുന്നിട്ടുണ്ട്.

അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ :-കേരളചരിത്രം,കേരള സംസ്‌കാരം,കേരള ചരിത്ര ശില്പികള്‍ ,ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളില്‍ ),കേരള രാഷ്ട്രീയ ചരിത്രം 1885-1957,കേരളവും സ്വാതന്ത്ര്യ സമരവും,
സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും,പുന്നപ്രവയലാറും കേരള ചരിത്രവും,അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ ,സര്‍ സി.പി.യുടെ പരാജയപ്പെട്ട ഭരണപരിഷ്‌കാര നിര്‍ദ്ദേശം,സ്വതന്ത്രതിരുവിതാംകൂര്‍ വാദവും സര്‍ സി.പി. എന്ന വില്ലനും

സരോജിനി ദേവിയാണ് ഭാര്യ. മക്കള്‍ പൂര്‍ണിമ, സതീഷ് കുമാര്‍. സംസ്‌കാരം ശനിയാഴ്ച നടക്കും.

ഈ മഹാനായ പണ്ഡിതനുമുന്നില്‍ പാഥേയം അര്‍പ്പിക്കട്ടെ ആദരാഞ്ജലികള്‍

Monday, July 19, 2010

കഥകളി ആചാര്യനു പാഥേയത്തിന്റെ ആദരാഞ്ജലികള്‍



ചിത്രം : ബ്രൈറ്റ്

ഇന്ന് 2010 ജൂലായ് 19.കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ശിവരാമന്‍ അന്തരിച്ച വിവരമറിഞ്ഞിരിക്കുമല്ലോ?.എഴുപത്തിനാലുവയസ്സായിരുന്നു. പാലക്കാട്ട് കാറല്‍മണ്ണയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

കളിയരങ്ങിന്റെ സൗന്ദര്യമായിരുന്നു കോട്ടയ്ക്കല്‍ ശിവരാമന്‍. മിനുക്കു വേഷങ്ങളിലായിരുന്നു ശിവരാമന്‍ ഏറെയും പ്രത്യക്ഷപ്പെട്ടത്‌.

കേരളത്തിലെ ഏറ്റവും സുന്ദരിയാര്‌ എന്ന ചോദ്യത്തിന്‌ കളിയരങ്ങിലെ ശിവരാമന്‍ എന്നായിരുന്നു ആസ്വാദകരുടെ മനസ്സിലെ ഉത്തരം.

1936 ല്‍ കാറല്‍മണ്ണയിലാണ്‌ ശിവരാമന്‍ ജനിച്ചത്‌.പതിമൂന്നാമത്തെ വയസ്സില്‍ ലവണാസുരവധത്തിലെ ലവനെ അവതരിപ്പിച്ചാണ്‌ അരങ്ങിലെത്തുന്നത്‌.

അമ്മാവനും കഥകളിനടനുമായ വാഴേങ്കട കുഞ്ചു നായരായിരുന്നു ഗുരു.

ശിവരാമന്‍ അവതരിപ്പിച്ച ദമയന്തി ഏറെ പ്രശസ്‌തി നേടിയ വേഷമാണ്‌.

ഭവാനിയാണ്‌ ഭാര്യ.സുജാത,കലാമണ്ഡലം അമ്പിളി, ഗിരീഷ്‌ എന്നിവര്‍ മക്കളാണ്.

ഈ മഹാനായ കലാകാരനുമുന്നില്‍ പാഥേയം അര്‍പ്പിക്കട്ടെ ആദരാഞ്ജലികള്‍

Wednesday, July 7, 2010

പാഥേയം ജൂലായ് ലക്കം

പാഥേയം ജൂലായ് ലക്കം ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.

Friday, July 2, 2010

മഞ്ഞുരുകും രാവറയില്‍ മാമലരായ് നീ പൊഴിഞ്ഞു............



പ്രശസ്ത സംഗീത സംവിധായകന്‍ എം ജി രാധാ‍കൃഷ്ണന്റെ വിയോഗം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ?. 73 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് (02/07/2010) തിരുവനന്തപുരം കോസ്മോ പൊളീറ്റന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ച്ചയായി ആശുപത്രിയിലായിരുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് 1937 ആഗസ്റ്റ് 8 നാണ് എം ജി രാധാകൃഷ്ണന്‍ ജനിച്ചത്. പ്രശ്സ്ഥത ഹാര്‍മോണിസ്റ്റായ ഗോപാലന്‍നായരാണ് അച്ഛന്‍. അമ്മ ഹരികഥാരംഗത്തു തിളങ്ങിയ കമലാക്ഷിയമ്മ. ആലപ്പുഴ എസ്.ഡി. കോളജിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ അക്കാഡമിയില്‍ നിന്നും ഗാനഭൂഷണം ബിരുദം നേടി.

ആകാശവാണിയില്‍ സംഗീതസംവിധായകനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രൊഫഷണല്‍ ജീവിതം ആരംഭിക്കുന്നത്.അവിടെ തംബുരു ആര്‍ട്ടിസ്റ്റ് ആയിരുന്നു. എം ജി രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ലളിതസംഗീത പാഠം അദ്ദേഹത്തിന് നിരവധി ശ്രോതാക്കളെ ഉണ്ടാക്കിക്കൊടുത്തു. ടെലിവിഷനും കാസറ്റുകളും ഇല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ ലളിതസംഗീതപാഠം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

1969-ല്‍ ’കളളിച്ചെല്ലമ്മയിലാണ് അദ്ദേഹം ആദ്യമായി പാടുന്നത്. ഈ ചിത്രത്തിലെ ’’കാലമെന്ന കാരണവര്‍ക്ക്..... എന്നു തുടങ്ങുന്ന ഗാനമാലപിച്ചു. കൊണ്ട് സിനിമയിലേക്ക് എം ജി രാധാകൃഷ്ണന്‍ എത്തി.

1978-ല്‍ ‘തമ്പ്’എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി. ‘മണിച്ചിത്രത്താഴി’ലെ ഗാനങ്ങളോടെയായിരുന്നു ചലച്ചിത്ര സംഗീത സംവിധായകന്‍ എന്ന നിലയില്‍ എം ജി സാധാരണക്കാര്‍ക്കു ഇടയില്‍ പ്രശസ്തനായത്‌. അതിലെ മിക്ക ഗാനങ്ങളും ഹിറ്റായിരുന്നു.

ദേവാസുരം, അദ്വൈതം, അഗ്നിദേവന്‍, സര്‍വകലാശാല, തകര, ചാമരം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ എം ജി രാധാകൃഷ്ണന്‍ മലയാള സിനിമാസംഗീതസംവിധായകരുടെ മുന്‍നിരയിലേക്കുയര്‍ന്നു. എസ്‌. ജാനകിക്ക്‌ മികച്ചഗാനത്തിനുളള സംസ്ഥാന അവാര്‍ഡു നേടിക്കൊടുത്ത ‘തകര'യിലെ ‘മൗനമേ നിറയും മൗനമേ...." എന്ന ഗാനത്തിന്‌ സംഗീതം നല്‍കിയത്‌ രാധാകൃഷ്ണനായിരുന്നു.

സഹോദരനായ എം ജി ശ്രീകുമാര്‍, ചിത്ര, വേണുഗോപാല്‍, അരുന്ധതി, ബീന തുടങ്ങിയ ചലച്ചിത്ര പിന്നണിഗായകര്‍ക്ക്‌ സിനിമയിലേക്കു പ്രവേശിക്കുവാന്‍ അവസരം നല്‍കിയത്‌ എം ജി ആയിരുന്നു. മാധുരിയുമൊത്തു പാടിയ ‘ഉത്തിഷ്ടതാ ജാഗ്രത...." എന്ന ഗാനം ഏറെ പ്രശസ്‌തമായിരുന്നു. 1995-ല്‍ ലളിതസംഗീതത്തിന്‌ കേരള സംഗീത നാടക അക്കാഡമി അവാര്‍ഡു ലഭിച്ചു.

മണിച്ചിത്രത്താഴ്‌, അദ്വൈതം, അഗ്നിദേവന്‍, കണ്ണെഴുതിപൊട്ടുംതൊട്ട്‌, കാശ്മീരം തുടങ്ങി എം ജി ഈണമിട്ട ചിത്രങ്ങളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. 40 ഓളം ചലച്ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. അച്ഛനെയാണെനിക്കിഷ്ടം, അനന്തഭദ്രം എന്നീ ചിത്രങ്ങളിലൂടെ 2001 ലും 2005 ലും മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്‌ നേടി.

2000-ല്‍ ആകാശവാണിയില്‍ നിന്നും ഗ്രേഡ്‌ വണ്‍ കമ്പോസിറ്ററായി അദ്ദേഹം വിരമിച്ചു. ഗായകന്‍ എം ജി ശ്രീകുമാര്‍, സംഗീതവിദുഷി ഡോ ഓമനക്കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്. പത്മജയാണ് ഭാര്യ. എഞ്ചിനീയറിംഗ്‌ ബിരുദധാരി കാര്‍ത്തികയും സൗണ്ട്‌ എഞ്ചിനീയറായ രാജകൃഷ്ണന്‍ എന്നിവരാണ്‍ മക്കള്‍.

വിരഹഗാനം വിതുമ്പിനില്‍ക്കും
വീണപോലും മൌനമായ്
വിധുരയാമീ വീണപൂവിന്‍
ഇതളൊഴിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള്‍..........

മലയാള സിനിമാഗാനങ്ങളില്‍ ലളിതാഖ്യാനം കൊണ്ട് പുത്തനുണര്‍വ് പകര്‍ന്ന സംഗീതരാജാവായ എം.ജിക്ക് ഈ വേളയില്‍ പാഥേയം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.