Wednesday, October 23, 2013

മാനസ മൈന വിടവാങ്ങി

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രത്യേകിച്ച് ഹിന്ദിയിലെ ഒരു പ്രധാന പിന്നണി ഗായകനായ മന്നഡേ എന്ന പ്രബോദ് ചന്ദ്രഡേ ഇന്ന് (2013 ഓക്ടോബര്‍ 24) രംഗബോധമില്ലാത്ത കോമാളിക്ക് മുന്നില്‍ കീഴടങ്ങി.94 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇന്നലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അവിടെവെച്ചാണ് അദ്ദേഹം അന്തരിച്ചത്.

1919 മേയ് ഒന്നിന് കല്‍ക്കട്ടയിലാണ് മന്നാഡേ ജനിച്ചത്.പിതാവ് പൂര്‍ണ്ണചന്ദ്ര ഡേ കല്‍ക്കട്ടയില്‍ ബാങ്കുദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹത്തിന്റെ മാതാവ് മഹാമയ ഡേയുമാണ്.സംഗീതകുടുംബമാണ് മന്നാഡേയുടേത്.ഗായകനെന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്ന കെ.സി.ഡേ, മന്നാഡേയുടെ അമ്മാവനാണ്. അന്ധനായ കെ.സി.ഡേയാണ് മകനെപ്പോലെ മന്നാഡേയെ വളര്‍ത്തിയതും സംഗീതമഭ്യസിപ്പിച്ചതും. സിത്താറിലും വീണയിലും മന്നാഡേ പ്രാവീണ്യം നേടി. മന്നാഡേയുടെ സഹോദരന്‍ പ്രവാസ് ഡേയും ഗായകനാണ്.കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് ബി.എ.ബിരുദം നേടിയെങ്കിലും ഒരു സംഗീതജ്ഞനാകുവാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

1943-ല്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചലച്ചിത്രലോകത്തു പ്രവേശിച്ച മന്നാഡേ പുരാണ ചിത്രങ്ങളില്‍ ക്ളാസിക്കല്‍ സംഗീതം സംവിധാനം ചെയ്യുന്നതില്‍ മിടുക്കനായിരുന്നു. 1950-ല്‍ പ്രസാദ് പിക്ചേഴ്സിന്റെ രാമരാജു എന്ന ചിത്രത്തിലാണ് മന്നാഡേ ആദ്യമായി ആദ്യ ചലച്ചിത്രഗാനമാലപിക്കുന്നത്. എന്നാല്‍ ബോംബെ ടാക്കീസിന്റെ ബാനറില്‍ നിതിന്‍ബോസ് നിര്‍മ്മിച്ച മഷാല്‍ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് മന്നാഡേയെ ശ്രദ്ധേയനാക്കിയത്. ഈ ചിത്രത്തിന്റെ സംഗീതസംവിധായകനായ എസ്.ഡി.ബര്‍മന്റെ സഹായിയായിരുന്നു മന്നാഡേ.തന്റെ സഹ സംഗീത സംവിധായകനെ കൊണ്ട് ബര്‍മന്‍ രണ്ടുഗാനങ്ങള്‍ പാടിച്ചു.അതുരണ്ടും ഹിറ്റായി. അതോടെ മന്നാഡേ എന്ന ഗായകന്‍ പ്രശസ്തിയുടെ ഗോപുരങ്ങള്‍ കീഴടക്കി.

മലയാളത്തിന് ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിത്തന്ന 'ചെമ്മീനിലെ ''മാനസമൈനേ വരൂ...... എന്നു തുടങ്ങുന്ന ഗാനത്തിലൂടെ മലയാളികളുടെ മനം മന്നാഡേ ഹിന്ദി ചലച്ചിത്രവേദിയിലെ പ്രശസ്തനായ ഗായകനാണ്. വയലാര്‍ രചിച്ച് ബംഗാളിയായ സലില്‍ ചൌധരി സംഗീതം നല്‍കിയ ചെമ്മീനിലെ ഒരേയൊരു ഗാനം കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടി.

പ്രശസ്ത ഹിന്ദിചിത്രമായ 'ഷോലെയിലെ ''യേ ദോസ്ത്ദീ....എന്നു തുടങ്ങുന്ന ഗാനം അമിതാഭ് ബച്ചനുവേണ്ടി പാടിയത് മന്നാഡേയാണ്. കണ്ണൂര്‍ സ്വദേശി പ്രൊഫ. സുലോചനയാണ് ഭാര്യ.ഇവര്‍ 2012 ജനുവരി 19 നു മരിച്ചു. ഭാര്യയുടെ മരണ ശേഷം മന്നാഡെ ഹിന്ദി ചലച്ചിത്ര ലോകത്ത് നിന്ന് സ്വയം പിന്‍വാങ്ങിയിരുന്നു.രണ്ടു മക്കള്‍. ഷുരോമ ഹെരേക്കര്‍, സുമിതദേവ്. സുമിത പാട്ടുകാരിയാണ്. ഷുരോമ അമേരിക്കയിലാണു താമസം.

അദ്ദേഹം അവസാനം പാടിയത് നാനാ പടേക്കറിന്റെ 'പ്രഹര്‍ എന്ന ചിത്രത്തിലാണ്. 'മേരാനാം ജോക്കര്‍ എന്ന ചിത്രത്തിലെ ''ഏ ഭായ് സരാ ദേഖ് കെ ചലോ...എന്നു തുടങ്ങുന്ന ഗാനത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടിയീട്ടുണ്ട്.1971 ല്‍ പത്മശ്രീയും 1987-88 ലെ ലളിതസംഗീതത്തിനുളള ലതാമങ്കേഷ്കര്‍ അവാര്‍ഡും നേടുകയുണ്ടായി.2005ല്‍ പത്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2007ല്‍ ദാദാസാഹിബ് ഫല്‍ക്കേ പുരസ്‌കാരം ലഭിച്ചു.ഇതിനെല്ലാം പുറമെ മറ്റനവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഏഴു പതിറ്റാണ്ടിലേറെക്കാലം സ്വാന്തമായ ആലാപനശൈലി കൊണ്ട് പിന്നണിഗാന രംഗത്ത് സജീവമായി നിലകൊണ്ട ഇദ്ദേഹം മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലായി 3500 ല്‍ അധികം പാട്ടുകള്‍ പാടിയിട്ടുണ്ട്.പാട്ടുകളുടെ രാജകുമാരന്റെ ഓർമ്മയ്ക്ക് മുന്നിൽ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.