Thursday, November 14, 2013

അഗസ്റ്റിന്‍ അരങ്ങൊഴിഞ്ഞു......

നൂറിലധികം ‍ ചലചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായ പ്രശസ്ത നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ നമ്മില്‍ നിന്നും വിടവാങ്ങിയിരിക്കുന്നു.മലയാള നാടകലോകത്തിന്റെ ഈറ്റില്ലമായ കോഴിക്കോട്‌ നിന്ന് നാടകത്തിലൂടെ ആയിരുന്നു സിനിമയുടെ ബിഗ്‌സക്രീനിലേക്ക് അഗസ്റ്റിന്‍ എത്തുന്നത്.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഉണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് 2010 മുതല്‍ ചികിത്സയിലായിരുന്നു. നവമ്പര്‍ 14 ആം തിയതി കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മലയാള നാടകങ്ങളുടെ ഈറ്റില്ലമായ കോഴിക്കോട് നിന്നുതന്നെയാണ് അഗസ്റ്റിനും സിനിമാലോകത്തേക്ക് എത്തിച്ചേരുന്നത്. സ്‌കൂള്‍ കാലത്തുതന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ ഇദ്ദേഹം കോളേജ് പഠനം കഴിഞ്ഞതോടെ കോഴിക്കോട്ടെ നാടകാചാര്യനായിരുന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ സിക്കല്‍ തിയേറ്റേഴ്‌സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. സുരാസു എഴുതിയ 'ഉപാസന' എന്ന നാടകത്തിലൂടെ അഗസ്റ്റിനിലെ നടനെ പ്രേക്ഷകരും ശ്രദ്ധിച്ചുതുടങ്ങി.

1979-ല്‍ 'കലോപാസന' എന്ന പേരില്‍ ഇതേ നാടകം സിനിമയാക്കിയപ്പോള്‍ അഗസ്റ്റിനും അതില്‍ ഒരു വേഷം ലഭിച്ചു. പക്ഷേ, സിനിമ വെളിച്ചം കണ്ടില്ല. 1981-'82 കാലത്ത് നെല്ലിക്കോട് ഭാസ്‌കരനുമായി ചേര്‍ന്നും നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴും സിനിമതന്നെയായിരുന്നു അഗസ്റ്റിന്റെ മനസ്സുനിറയെ. അങ്ങിനെ കോടമ്പാക്കത്തേക്ക് വണ്ടികയറുകയായിരുന്നു.

കോടാമ്പക്കം യാത്രയിലും അലച്ചിലിലുമിടയില്‍ ഒരു വേഷം സിനിമയില്‍ കിട്ടിയെങ്കിലും ആ ചിത്രം പരാജയപ്പെട്ടതോടെ പലരുടെയും ജീവിതംമാറ്റിമറിച്ച കോടമ്പാക്കം അങ്ങനെ അഗസ്റ്റിന് മാത്രം നിര്‍ഭാഗ്യത്തിന്റെതായി. അതോടെ അഭിനയത്തോട് വിടപറഞ്ഞ് ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ച് നാട്ടിലേക്കു മടങ്ങി. സുഹൃത്തുക്കളോടും പരിചയാക്കാരോടുമെല്ലാം പണം കടംവാങ്ങി ഒരു വിസ സംഘടിപ്പിച്ച് മുംബൈയിലെത്തിയെങ്കിലും തന്റെ കൈയിലുള്ളത് ഒരു വ്യാജ വിസയായതിന്നാല്‍ ഗള്‍ഫിലേക്ക് പോകാനാവാതെ രണ്ടു വര്‍ഷം മുംബൈയില്‍ അലഞ്ഞുതിരിഞ്ഞ് വീണ്ടും നാട്ടിലെത്തി.

ആദ്യം കൈവിട്ട സിനിമാലോകം തന്നെ തിരിച്ചുവിളിച്ച് ശ്രദ്ധേയ നടനാക്കി മാറ്റിയ ചരിത്രമാണ് അഗസ്റ്റിനുള്ളത്.'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിറ്റ്' എന്ന സിനിമയുടെ വര്‍ക്കുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനിവാസന്‍ ഹോട്ടല്‍ മഹാറാണിയില്‍ ഉണ്ടെന്നറിഞ്ഞ് കാണാന്‍ പോയതായിരുന്നു അഗസ്റ്റിന്റെ സിനിമാലോകത്തേക്കുള്ള രണ്ടാം വരവ് .മദ്രാസിലെ താമസത്തിനിടയില്‍ ഒന്നോ രണ്ടോ തവണ ശ്രീനിവാസനെ കണ്ട് പരിചയമുണ്ടായിരുന്നതിന്നാല്‍ ശ്രീനിയെ ചെന്നുകണ്ട് കാര്യം പറഞ്ഞു. സിനിമക്ക് ലൊക്കേഷന്‍ തിരയുകയായിരുന്ന ശ്രീനിവാസന്‍ തന്റെ സഹായിയായി അഗസ്റ്റിനെ കൂടെകൂട്ടുകയും അതില്‍ ഒരു റോള്‍ നല്‍കിയതും അദ്ദേഹത്തിന്‌ പിടിവള്ളിയാവുകയുമായിരുന്നു.

ലൊക്കേഷന്‍ മാനേജരായും സഹായിയായും നടനായും ജീവിതത്തില്‍ വിവിധ വേഷങ്ങളില്‍ അഭിനയിച്ച് സിനിമാലോകത്ത് ഉറച്ചുനിന്നു. പിന്നീട് ഒരുപാട് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ശ്രീധരന്റെ ഒന്നാംതിരുമുറിവ്, സദയം, നീലഗിരി, കമ്മീഷണര്‍ എന്നിങ്ങനെ കുറേ നല്ല ചിത്രങ്ങള്‍ അഗസ്റ്റിന് സിനിമാ പ്രേമികളുടെ മനസ്സില്‍ സ്ഥാനം നേടിക്കൊടുത്തു. ഇടക്കാലത്ത് കുറച്ച് നല്ല സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.ഞാനൊരു സിനിമാ നടനായി കാണാന്‍ ആഗ്രഹിച്ച് ഷര്‍ട്ടും പാന്റും വാങ്ങിത്തന്നവര്‍, ചെന്നൈയിലേക്ക് ടിക്കറ്റ് എടുത്തുകൊടുത്തവര്‍ എല്ലാം സുഹൃത്തുക്കളായിരുന്നുവെന്ന് അസുഖത്തിന് ശേഷം വീണ്ടും അഭിനയിക്കാനെത്തിയപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി.

രാവണപ്രഭുവിലെ ഹൈദ്രോസ്, ബാപ്പു തങ്ങളങ്ങാടിയില്‍ എന്ന് പരിചയപ്പെടുത്തുന്ന ആറാം തമ്പുരാനിലെ കഥാപാത്രം, സമാനമായ ഉസ്താദില്‍ മോഹന്‍ലാലിന്റെ ഡ്രൈവറായ ആലി ബാബു, വല്യേട്ടനിലെ ഗംഗാധരന്‍, ചന്ദ്രോത്സവത്തിലെ ജോസ്, ദേവാസുരത്തില്‍ മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരികളില്‍ ഒരാള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ സിഗ്നല്‍മാന്‍, ഊട്ടിപ്പട്ടണത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ എന്നീ കഥാപാത്രങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ എടുത്ത് പറയാവുന്ന വേഷങ്ങളാണ്‌.

അഗസ്റ്റിന് മികച്ച വേഷങ്ങള്‍ ഏറെയും ലഭിച്ചത് രഞ്ജിത്തിന്റെ സിനിമകളിലായിരുന്നു.ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്. രഞ്ജിത് സംവിധാനം ചെയ്ത മിഴിരണ്ടിലും എന്ന സിനിമയിലൂടെ നിര്‍മ്മാണത്തിലും അദ്ദേഹം കൈവെക്കുകയുണ്ടായി. ഹാന്‍സിയാണ് ഭാര്യ. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ നായികയായി മലയാള ചലചിത്രലോകത്തെത്തിയ ആന്‍ ആഗസ്റ്റിനും ജീത്തുവും മക്കളാണ്‌.ഈ അഭിനയ പ്രതിഭയുടെ വേര്‍പ്പാടില്‍ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.