Monday, February 11, 2013

മലയാള കവിതയുടെ പെരുമഴക്കാലം വിടവാങ്ങി

കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയുമെല്ലാം സാംസ്‌കാരിക കേരളത്തോട് സംവദിച്ച കവി ഡി. വിനയചന്ദ്രന്‍ നമ്മില്‍ നിന്നും വിട പറഞ്ഞിരിക്കുന്നു.അറുപത്തിയേഴ് വയസായിരുന്നു. ഇന്ന് (11-02 2013) രാവിലെ പതിനൊന്നോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാടക വീട്ടില്‍ ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ രണ്ടു ദിവസം മുന്‍പാണ് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്‌ച്ച നില വഷളായതിനെ തുടര്‍ന്നു വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഉദരരോഗവും പ്രമേഹവും മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് സ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ശ്രമം ഉണ്ടായെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ അതു വേണ്ടെന്നുവയ്ക്കുകയായിരുന്നു.

1946 മെയ് 16ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിലാണ് ഡി. വിനയചന്ദ്രന്റെ ജനനം. ഭൗതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്ദര ബിരുദവും നേടി. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള വിനയചന്ദ്രന് സംസ്ഥാനത്തങ്ങോളമായി വലിയ ശിഷ്യഗണം തന്നെയുണ്ട്. എണ്‍പതുകളില്‍ കേരളത്തിലെ കാമ്പസുകളെ സജീവമാക്കുന്നതില്‍ ഇദ്ദേഹത്തിന്റെകവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. അദ്ധ്യാപന രംഗത്ത് നിന്ന്.വിരമിച്ചശേഷം കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയുമെല്ലാം സാംസ്‌കാരിക കേരളത്തോട് സംവദിച്ച വിനയചന്ദ്രന്‍ ഒരു സാഹിത്യകാരന്‍ എന്നതിനപ്പുറം മലയാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടുവരുന്നതിനിടക്കായിരുന്നു ഈ അപ്രതീക്ഷിതമായ വിടവാങ്ങല്‍.

മലയാളത്തില്‍ കാല്പനികകവികള്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി, പിന്നെ ഞാന്‍” എന്ന് ഒരു ലേഖനത്തില്‍ എഴുതുകയും, കൃഷ്ണന്‍ നായര്‍ അതിനെതിരെ നക്ഷത്രമെവിടെ? പുല്‍ക്കൊടിയെവിടെ? എന്ന് വാരഫലത്തില്‍ എഴുതുകയുമുണ്ടായി.ഇവരുടെ സംവാദങ്ങള്‍ സാഹിത്യകാ‍ര്‍ക്കിടയിലും ആസ്വാദകര്‍ക്കിടയിലും അനവധി അവിസ്മരണീയ നിമിഷങ്ങള്‍ക്ക് കാരണമായി. മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായി.

വാവിട്ടുകരഞ്ഞാണ് താന്‍ തിരുവനന്തപുരത്ത് പഠിക്കാനുള്ള ആഗ്രഹം സാധിപ്പിച്ചത്. അന്ന് കല്ലടയില്‍നിന്ന് അപൂര്‍വമായി കോളജില്‍ പോയിരുന്നവരെല്ലാം അന്നന്ന് ബസ് കയറി കൊല്ലത്ത് പോയാണ് പഠിച്ചിരുന്നത്. ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്കാണ് അന്ന് ഗവണ്‍മെന്റ് കോളജുകളില്‍ സാധാരണ പ്രവേശനം ലഭിക്കുക. എന്‍ കൃഷ്ണപിള്ള സാറായിരുന്നു പ്രിന്‍സിപ്പലെന്നും. മലയാളം വിഭാഗത്തില്‍ കോളജ് മാഗസിനില്‍ ആദ്യത്തെ ഇനമായി ഇദ്ദേഹത്തിന്റെ കവിത അച്ചടിച്ചു വന്നു. ഇതേ തുടര്‍ന്ന് സഹപാഠികള്‍ 'കവി' എന്നു വിളിച്ചുതുടങ്ങിയതെന്നും പിന്നെ എല്ലാവരും ഏറ്റുവിളിക്കുകയായിരുന്നുവെന്നും ഇദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്.

ഹരികുമാരന്‍നായര്‍ എന്ന സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ 'ദ്രുത കവിതാമത്സര'ത്തില്‍ പങ്കെടുത്ത് ഒന്നാം സമ്മാനംനേടിയതായിരുന്നു ആദ്യത്തെ പാരിതോഷികം. അതിന് എന്‍ കൃഷ്ണപിള്ള കൈയൊപ്പിട്ട കവിതാസമിതിയുടെ ഒരു പുസ്തകമാണ് പാരിതോഷികമായി ലഭിച്ചത്. പാലാ നാരായണന്‍ നായര്‍, ഏവൂര്‍ പരമേശ്വരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ 'കവിതാരംഗം' എന്ന പേരില്‍ പ്രതിമാസ കവിസംഗമം നടന്നിരുന്നു. അതിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും ഇദ്ദേഹം ആയിരുന്നു.

നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി വിനയചന്ദ്രന്റെ കവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേയ്ക്കുള്ള വഴി, സമയമാനസം, സമസ്തകേരളം പി ഒ (കവിതാസമാഹാരങ്ങള്‍), പൊടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ), ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരഖ്യാനം), ദിഗംബര കവിതകള്‍ (പരിഭാഷ) എന്നിവയാണ് പ്രധാന കൃതികള്‍. യൂണിവേഴ്സിറ്റി കോളെജ് കവിതകള്‍, കര്‍പ്പൂരമഴ (പി യുടെ കവിതകള്‍), ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍, എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു.

നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതാ സമാഹാരത്തിന് 1992 ല്‍കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. തുടര്‍ന്ന് ചങ്ങമ്പുഴ പുരസ്്ക്കാരവും 2006ല്‍ ആശാന്‍ സ്മാരക കവിതാ പുരസ്ക്കാരവും ലഭിച്ചു. റഷ്യന്‍ കവിതകള്‍ മലയാളത്തിലേക്കു പരിചയപ്പെടുത്തുന്നതിനു വഹിച്ച സംഭാവനകള്‍ പരിഗണിച്ച് റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ സെര്‍ഗെയ് യെസിനിന്‍ അവാര്‍ഡിനു ഡി. വിനയചന്ദ്രന്‍ അര്‍ഹനായിരുന്നു.

മലയാള കവിതയില്‍ അനുഭവങ്ങളുടെ പുതിയ തലം സമ്മാനിച്ച അതുല്യ പ്രതിഭയായ ഇദ്ദേഹം കവിതയുടെ ലോകത്ത് വേറിട്ട സഞ്ചാര പദമൊരുക്കിയ കവിയായിരുന്നു.ഇദ്ദേഹത്തിന്റെ അകാല വേര്‍പാടില്‍ ദുഖിക്കുന്ന സാഹിത്യ ലോകത്തിനോടൊപ്പം പാഥേയം ഓണ്‍ലൈനും പങ്കുചേരുന്നു.