Tuesday, May 15, 2012

ഇനി ആ വെള്ളിനക്ഷത്രം ആകാശത്തുനിന്ന് നമ്മെ നോക്കി പുഞ്ചിരിക്കും

വെള്ളി നക്ഷത്രം എന്ന സിനിമയിൽ അമ്മു എന്ന കഥാ പാത്രമായി അഭിനയിച്ച തരുണി സച്ച്ദേവ് ഇന്നലെ നേപ്പാളിൽ വിമാന അപകടത്തിൽ മരണമടഞ്ഞു. ലോകം എമ്പാടുമുള്ള മലയാളികള്‍ അവിശ്വസനീയതയോടെയാണ് ഇന്നലെ ഈ വാര്‍ത്ത പങ്കുവച്ചത്. പലര്‍ക്കും അതിൽ അഭിനയിച്ചത് തരുണി സച്ച് ദേവ് എന്ന മുംബൈക്കാരിയാണ് എന്നറിയില്ലെങ്കിലും അതി സുന്ദരമായി പുഞ്ചിരിക്കുന്ന മുഖം ഏവര്‍ക്കും സുപരിചിതമായിരുന്നു.

വിമാനാപകടത്തിൽ പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട താരവും മരിച്ചവരിൽ ഉണ്ടെന്നറിയാന്‍ മലയാളികള്‍ വൈകി. നേരത്തെ തരുണി മരിച്ചവിവരം പുറത്ത് വന്നെങ്കിങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണെന്ന് ആരും അറിഞ്ഞിരുന്നില്ല.എൽ കെ ജി വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് വെള്ളിനക്ഷത്രത്തിലെ അമ്മുകുട്ടിയായി മലയാളികളുടെ കുസൃതികുടുക്കയായി മാറുന്നത്. ഇപ്പോള്‍ ആ അമ്മുകുട്ടിയ്ക്ക് പതിനാലു വയസായെങ്കിലും മലയാളികളുടെ മനസിൽ നിന്നും ഇന്നും മായാതെ കിടക്കുന്നത് നിഷ്കളങ്കമായ ആ പാൽ പുഞ്ചിരിയാണ്. വെള്ളിനക്ഷത്രത്തിലെ അമ്മുക്കുട്ടി മലയാളി കുട്ടികളെക്കാള്‍ പ്രിയങ്കരിയായി മലയാളികള്‍ക്ക്.

പിന്നീട്, സത്യം, അതിശയന്‍ തുടങ്ങിയ ചിത്രങ്ങളിലും തരുണിയുടെ വേഷങ്ങള്‍ ഏറെ ശ്രദ്ധേയമായി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വിദ്യ ബാലനും മുഖ്യ വേഷങ്ങളിലെത്തിയ പാ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിച്ചിരുന്നു തരുണി.വെള്ളിനക്ഷത്രത്തിലെ അതിഭാവുകത്വമുള്ള കഥാപാത്രത്തിനു ചേരും വിധമായിരുന്നു മുംബൈക്കാരിയായ തരുണിയുടെ മലയാള സിനിമയിലെ അരങ്ങേറ്റവും. മലയാളം പാട്ടിനൊപ്പം ആടിപാടിയും താരങ്ങള്‍ക്കൊപ്പം ഡയലോഗ് പറഞ്ഞും അഭിനയച്ച തരുണി മലയാളിയല്ലന്ന് പലര്‍ക്കും അറിയില്ലായിരുന്നു. പ്രേത ബാധ കയറിയ കുസൃതി കുട്ടിയായി എല്ല മലയാളികളെയും അമ്മു കയ്യിലെടുത്തു..വീണ്ടും മലയാള ചിത്രത്തിൽ അഭിനയിക്കാന്‍ കാത്തിരിക്കുമ്പോഴാണ് ആ കുരുന്ന് പ്രതിഭ എല്ലാവരെയും ദുഖത്തിലാഴ്ത്തി കടന്നുപോയത്.

അമിതാഭ് ബച്ചനൊപ്പം ഒരു ടിവി പരസ്യചിത്രത്തിൽ കണ്ടാണ് വിനയന്‍ ഈ കുട്ടിയെ മലയാളത്തിലേക്ക് ക്ഷണിച്ചത്.പിതാവ് സച്ദേവ് മുംബൈയിൽ ബിസിനസുകാരനാണ്. സാമാന്യം നല്ല് സാമ്പത്തിക നിലയിലുള്ള കുടുംബം. സിനിമയിൽ വരാന്‍ തരുണിക്കും വീട്ടുകാര്‍ക്കും താൽപര്യമായിരുന്നു. വെള്ളിനക്ഷത്രത്തിലെ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കൂടുതൽ ആവേശമായി.

വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള ചിത്രങ്ങളിലും വിഐപി, എൽജി, എയര്‍ടെൽ, കിന്‍ലേ, ഷെവര്‍ലെ തുടങ്ങിയ കമ്പനികളുടെത് ഉള്‍പ്പെടെ മുന്നൂറോളം പരസ്യചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച മലയാളത്തിന്റെ സ്വന്തം അമ്മു ഇനി കണ്ണീരിൽ കുതിര്‍ന്ന ഓര്‍മ മാത്രം.ഇനി ഈ വെള്ളിനക്ഷത്രം ആകാശത്തെ അനേകം വെള്ളിനക്ഷത്രങ്ങളോട് ചേർന്ന് നമ്മെ നോക്കി പുഞ്ചിരിക്കും!ഈ കൊച്ചു അഭിനേത്രിക്ക് പാഥേയം ആദരാഞ്ജലികൾ അർപ്പിക്കുന്നു.