Thursday, August 18, 2011

പാതിരാപ്പുള്ളുണര്‍ത്തി മോഹം കൊള്ളിക്കാൻ ഇനി വരില്ല ആ സംഗീതം


പാതിരാപ്പുള്ളുണര്‍ത്തി മോഹം കൊള്ളിച്ച പാട്ടൂകൾ മലയാളികൾക്ക് സമ്മാനിച്ച ജോൺസൺ മാസ്റ്റർ ഇനി നമുക്ക് സംഗിതമൊരുക്കില്ല. സംഗീതകുടുംബത്തിൽ ,1953 മാർച്ച് 26 ആം തിയതി തൃശ്ശൂരിലെ നെല്ലികുന്നിൽ ആൻ‌റണിയുടെയും മേരിയുടെയും മകനായ് ജനിച്ച ഇദ്ദേഹം മലയാളത്തിലെ ജോൺ വില്ല്യംസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം ചെറുപ്പത്തിലേ സംഗീതത്തോട് വലിയ കമ്പക്കാരനായിരുന്ന ഇദ്ദേഹം നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ക്വയറില്‍ പാട്ടുകാരനായിരുന്നു.ക്വയറിലെ സീനിയര്‍ ആയ വി സി ജോര്‍ജ് ആയിരുന്നു ആദ്യ ഗുരുസ്ഥാനീയന്‍ . ഇദ്ദേഹത്തിന്റെ പ്രോത്സാഹനമായിരുന്നു സംഗീതത്തിൽ തുടരാൻ മാസ്റ്ററെ പ്രോത്സാഹിപ്പിച്ചത്.

യുവജനോത്സവങ്ങളിലും സംഗീത പരിപാടികളിലും ഗായകനായ ഇദ്ദേഹം സ്ത്രീശബ്ദത്തിൽ ഗാനമേളകളിൽ പാടുമായിരുന്നു. 1968 ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം 'വോയ്‌സ് ഓഫ് തൃശൂര്‍ ' എന്ന പേരില്‍ ക്ലബ് രൂപവല്‍ക്കരിച്ച് സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന ഇദ്ദേഹം ഗിത്താര്‍ , ഹാര്‍മോണിയം, വയലിന്‍ തുടങ്ങി വിവിധ സംഗീതഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുമായിരുന്നു.നാട്ടുകാരനായ ഗായകൻ ജയചന്ദ്രൻ പറഞ്ഞതനുസരിച്ച് ദേവരാജൻ മാസ്റ്റർ 1974 ൽ ഇദ്ദെഹത്തെ മദ്രാസിലേക്ക് വിളിപ്പിക്കുകയായിരുന്നു.

1978-ൽ ആരവം എന്ന സിനിമക്ക് വേണ്ടി പശ്ചാതല സംഗീതമൊരുക്കിയാണ് ചലചിത്രലോകത്തെത്തിയത്.തുടർന്ന് തകര, ചാമരം എന്നീ സിനിമകൾക്കും അദ്ദേഹം പശ്ചാതല സംഗീതമൊരുക്കുകയുണ്ടായി.ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത് 'ഇണയെ തേടി' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.തുടർന്ന് ഒരു പിടി ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഭരതനുമായി പത്തോളം ചിതങ്ങളും പത്മരാജനുമായി പതിനേഴോളം ചിത്രങ്ങൾ എല്ലാ ചിത്രങ്ങളിലേയും ഗാനങ്ങൾ വലരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് സത്യൻ അന്തിക്കാടുമായി ചേർന്ന് ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ,ഈ കൂട്ടുകെട്ടുകളെല്ലാം വളരെ നല്ല കുറേ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കുകയുണ്ടായി.വയലാർ - ദേവരാജൻ ,ഭാസ്ക്കരൻ മാസ്റ്റർ - ബാബുരാജ്,ശ്രീകുമാരൻ തമ്പി - ദക്ഷിണാമൂർത്തി,ഒ.ൻ.വി - എം.ബി.ശ്രീനിവാസൻ എന്നീ കൂട്ടു കെട്ടുകൾ പോലെ വളരെ പ്രസിദ്ധമായ കൂട്ട് കെട്ടായിരുന്നു കൈതപ്രം - ജോൺസൺ .ഇവർ ഒന്നിക്കുന്നത് 1989 ൽ പുറത്തിറങ്ങിയ വരവേൽ‌പ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു.2006 ൽ പുറത്തുവന്ന ഫോട്ടോഗ്രാഫർ എന്ന ചിത്രമായിരുന്നു ഈ കൂട്ടുകെട്ടിൽ അവസാനം ഇറങ്ങിയ ചിത്രം.

മലയാള സംഗീത സം‌വിധായകരിലെ പ്രമുഖ സ്ഥാനിയനായ ഇദ്ദേഹത്തിന് 1993-ൽ പൊന്തന്മാടയിലൂടെയും 1994-ൽ സുകൃതത്തിലൂടെയും ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി.1982 -ൽ ഓര്‍മയ്ക്കായി,1989 -ൽ വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (രണ്ടും ഒരേവർഷം),1999 -ൽ അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ ചിത്രങ്ങളിലൂടെ മൂന്നുതവണ സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡുകളും.1992 -ൽ സദയം,1996 -ൽ സല്ലാപം എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.


2011ആഗസ്റ്റ് പതിനെട്ടാം തിയതി അദ്ദേഹത്തിന്റെ അമ്പത്തിയെട്ടാം വയസ്സിൽ അദ്ദേഹം നമ്മെവിട്ടുപിരിഞ്ഞു.ഈ വര്‍ഷമിറങ്ങിയ 'നാടകമേ ഉലകം' എന്ന ചിത്രത്തിനാണ് ഇദ്ദേഹം അവസാനമായി സംഗീതം ഒരുക്കിയത്. കൂടാതെ 'ഓര്‍മ്മ മാത്രം' എന്ന ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതവും നല്‍കിയിരുന്നു.അണിയരയിൽ അഞ്ചോളം ചിത്രങ്ങൾക്ക് സംഗീതസംവിധാനം ഒരുക്കിന്നതിനിടക്കാണ് അപ്രതീക്ഷ ഈ വേർപ്പാട് ഈ സംഗീതപ്രതിഭക്ക് മുന്നിൽ പാഥേയം ആദരാഞ്ജലികൾ അർപ്പിക്കുന്നു.