Wednesday, February 17, 2010

ഗിരീഷ് പുത്തഞ്ചേരി ഇനി ഒരോര്‍മ്മ.
ചിത്രം:
ജയരാജ്
രചന:
ഹരി വില്ലൂര്‍

ഗിരീഷ് പുത്തഞ്ചേരി (1961 - 2010)
പിതാവ് : പുളിക്കൂല്‍ കൃഷ്ണപ്പണിക്കര്‍.
മാതാവ് : മീനാക്ഷിയമ്മ.
ഭാര്യ :ബീന.
മക്കള്‍ : ജിതിന്‍ കൃഷ്ണന്‍, ദിനനാഥ്.


ഏതു ബാങ്ക് പൊട്ടിയാലും എന്‍റെ "പദസമ്പത്ത് നിറഞ്ഞ ബാങ്ക്" പൊട്ടില്ല എന്ന് ഉറച്ച ശബ്ദത്തില്‍ പറയാന്‍ കഴിഞ്ഞ ഗിരീഷിനു പുത്തഞ്ചേരി ഇടയ്ക്കൊരു നിമിഷം നമ്മില്‍ നിന്നകന്നു പോയി. "ഒരു രാത്രി കൂടി വിടവാങ്ങവെ ഒരു പാട്ടു മൂളി വെയില്‍ വീഴവെ പതിയെ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ" എന്ന് നമ്മോടു പറഞ്ഞ ആ പ്രീയകവി നമ്മില്‍ നിന്നും പറന്നകന്നിരിക്കുന്നു, നിശബ്ദമായ കാലടികളോടെ.

പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1961 ല്‍ കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ച ഗിരീഷിന്‍റെ പഠനം പുത്തഞ്ചേരി സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍, മൊടക്കല്ലൂര്‍ എ.യു.പി.സ്കൂള്‍, പാലോറ സെക്കന്‍‍ഡറി സ്കൂള്‍, ഗവ:ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായിരിന്നു.

ശ്ലോകങ്ങളില്‍ വലിയ കമ്പമുണ്ടായിരുന്ന ഗിരീഷിനെ പറ്റി അക്കാലത്തെ തലമുതിര്‍ന്ന കാരണവന്‍മാരായ കവികള്‍ പറയുമായിരിന്നു "ഇവന്‍ ഭാവിയിലൊരു ഭക്തകവിയാകു"മെന്ന്. മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് ആ മഹാനായ കവി കടന്നു വന്നിട്ട് രണ്ട് പതിറ്റാണ്ടിലേറെയായിരിക്കുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് 1500 ലധികം ഗാനങ്ങള്‍. അതില്‍ മിക്കതും സാധാരണക്കാരുടെ ചുണ്ടുകളീല്‍ എപ്പോഴും തത്തിക്കളിക്കുന്നവയും. ആ സംഗീത സപര്യയില്‍ എപ്പോഴും പ്രണയമെന്ന വികാരം മുന്നിട്ടു നിന്നിരിന്നു എന്നാണ്‌ പല ഗാനങ്ങളും നമ്മോടു പറയുന്നത്.

'ഐസ്‌ക്രീമിന്റെ മുകളില്‍ ചെറിപ്പഴം വച്ചപോലെ മൂര്‍ദ്ധാവില്‍ ഒരുനുള്ള് അഹങ്കാരവും കൊണ്ടുനടക്കുന്നയാളാണ് ഗിരീഷെന്ന് കൂട്ടുകാര്‍ സ്നേഹത്തോടെ പറയുമായിരിന്നു. അങ്ങനെ ഒരു അഹങ്കാരം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അത് തന്‍റെ കഴിവിലുള്ള വിശ്വാസം മാത്രമായിരിന്നു.

''കാലം തെറ്റി സിനിമയില്‍ വന്നവനാണ് ഞാന്‍. എത്താന്‍ വളരെ വൈകിപ്പോയി. മലയാളത്തിന്റെയൊന്നും ആവശ്യമില്ല എന്ന് പറയുന്നവരാണ് ഇന്നത്തെ പല സംവിധായകരും. ഇറ്റാലിയന്‍ കാസറ്റും കൊണ്ടാണ് അവര്‍ പാട്ടെഴുതിക്കാന്‍ വരിക. അവര്‍ക്ക് വേണ്ടി കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനത്തൈലം എന്നെഴുതാന്‍ പറ്റില്ലല്ലോ..'' കാനേഷ് പൂനൂരിനു രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള ഗാനങ്ങളെ പറ്റി ഗിരീഷ് പറഞ്ഞ വാക്കുകള്‍. ഗാനത്തിനനുസരിച്ച് സംഗീതമുണ്ടാക്കുന്ന അവസ്ഥയില്‍ നിന്നും സംഗീതത്തിനനുസരിച്ച് ഗാനമുണ്ടാക്കുന്ന അവസ്ഥയിലേക്ക് മലയാള ചലച്ചിത്രശാഖ ചുവടു വച്ചപ്പോള്‍ അതില്‍ പതറാതെ അജയ്യനായി നില്‍ക്കാന്‍ കഴിഞ്ഞത് അദ്ദേഹം ആദ്യം പറഞ്ഞതു പോലെ ഏതു ബാങ്ക് പൊട്ടിയാലും എന്‍റെ "പദസമ്പത്ത് നിറഞ്ഞ ബാങ്ക്" പൊട്ടില്ല എന്നുള്ളതു കൊണ്ടു തന്നെയാണ്‌.

സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവായി തിരഞ്ഞെടുത്തു. ലാളിത്യത്തോടെ അതേറ്റു വാങ്ങുമ്പോഴും മായാത്ത ഒരു പുഞ്ചിരി അദ്ദേഹത്തിന്‍റെ ചുണ്ടില്‍ കാണാമായിരിന്നു.

തന്‍റെ തിരക്കഥകളെ പറ്റി ഗിരീഷ് പറയുന്നത് "അരിക്കും ഓട്ടോറിക്ഷയും മരുന്നിനും വിലകൂടുമ്പോള്‍ പാട്ടു കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ്‌ ഇടയ്ക്ക് ചില കഥകളും തിരക്കഥകളും പിറന്നത്" എന്നാണ്‌.

സംസ്കൃത പണ്ഡിതനായ അച്ഛന്‌ ജ്യോതിഷവും ആയുര്‍‌വ്വേദവുമൊക്കെയായിരിന്നു ഇഷ്ടമെങ്കില്‍ അമ്മ കര്‍ണ്ണാടക സംഗീതത്തിലായിരിന്നു നിപുണ. അതേക്കുറിച്ച് ഗിരീഷ് പറയുന്നത് "ജ്യോതിഷത്തിന്‍റേയും ആയുര്‍‌വ്വേദത്തിന്‍റേയും സംഗീതത്തിന്‍റേയും മുലപ്പാല്‍ കുടിച്ചാണ്‌ താന്‍ വളര്‍ന്നത് എന്നായിരിന്നു.

തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ മുഴുവന്‍ കഥയും വെറും പന്ത്രണ്ട് വരികളില്‍ കൂടി, നേഴ്സറി റൈംസിന്‍റത്ര ലാളിത്യത്തോടെ "കള്ളി പൂങ്കുയിലേ" എന്നു തുടങ്ങുന്ന ഗാനത്തിലൂടെ അദ്ദേഹത്തിന്‌ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്‍റെ കഴിവിന്‍റെ നല്ലൊരുദാഹരണമാണെന്ന് സിനിമാ പ്രേമികള്‍ പറയുന്നു.

യാത്ര ഒരുപാടിഷ്ടമുണ്ടായിരുന്ന ഗിരീഷ് ഹിമാലയത്തിലൂടെ അധോരി ഗോത്രത്തില്‍ പെട്ട മാംസഭോജികളായ ത്രിശൂലമേന്തിയ സന്ന്യാസിമാര്‍ക്കൊപ്പം ഭാംഗിന്റെ ലഹരി നുകര്‍ന്ന് സാക്ഷാല്‍ പരമശിവന്റെ ഡമരുവിന്റെ മുഴക്കം കേട്ട അനുഭവം വിവരിച്ചിട്ടുണ്ട്. അതുപോലെ ദ്വാരക കാണാന്‍ ഒരു കൊച്ചുബാലന്റെയൊപ്പം കടലിലൂടെ അലഞ്ഞ കഥയും ഗിരീഷ് ഒരഭിമുഖത്തില്‍ ഓര്‍ത്തെടുത്തിരുന്നു.

"ജീവിതപാതകളില്‍ ഇനി എന്നിനി കാണും നാം, മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ, പുണ്യം പുലര്‍ന്നീടുമൊ..." എന്ന് ഇപ്പോള്‍ നമ്മളില്‍ പലരും അറിയാതെയെങ്കിലും നമ്മോടു തന്നെ ചോദിക്കുന്നുണ്ടാകാം. കാരണം "പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വന"വുമായി ഇനി നമ്മിലേക്ക് കടന്നു വരാന്‍ ആ മഹാനായ കലാകാരന്‍ ഇന്ന് നമ്മോടൊപ്പമില്ല; "പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍‌വേണുവൂതുന്ന" ആ മൃദു മന്ത്രണം നമ്മെ കേള്‍പ്പിക്കാന്‍ ഇന്നാ പാട്ടുകാരന്‍ നമ്മുടെ കൂടെയില്ല.

"ആധിയും വ്യാധിയും തീര്‍ക്കുവാന്‍ ഭഗവാനെന്‍ ആയുസ്സു കൊണ്ടു തുലാഭാരം" എന്ന വരികള്‍ കൊണ്ടാണ് "വെണ്ണക്കണ്ണന്‍" എന്ന സംഗീത ആല്‍ബത്തിലെ 'നാവിന്‍ത്തുമ്പത്ത് നന്ദമുകുന്ദന് നാരായണീയ തുലാഭാരം' എന്ന ഗാനം ഗിരീഷ് മുഴുമിപ്പിക്കുന്നത്. സ്വന്തം ആയുസ്സിനേക്കാള്‍ വിലയേറിയ മറ്റൊരു വസ്തു ഇല്ലാ എന്ന് ഗിരീഷ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

എഴുതിയ പാട്ടുകളില്‍ നന്ദനത്തിലെ 'കാര്‍മുകില്‍വര്‍ണന്‍റെ ചുണ്ടില്‍' എന്ന ഗാനത്തോട് ഹൃദയബന്ധം സൂക്ഷിച്ചിരുന്നു ഗിരീഷ് പുത്തഞ്ചേരി.

'ഞാനെന്‍ മിഴിനാളം അണയാതെരിച്ചും,
നീറുംനെഞ്ചകം അകിലായി പുകച്ചും,
വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും,
നിന്നെ തേടിനടന്നു തളര്‍ന്നു കൃഷ്ണാ,
എന്റെ നൊമ്പരമറിയുേമാ ശ്യാമവര്‍ണാ...'
എന്ന വരികള്‍ ഒരു പ്രാര്‍ഥനാമന്ത്രം പോലെ എപ്പോഴും പാടിനടന്നു. ഈ പാട്ടു പാടി ഏറെ നാള്‍ കഴിയും മൂമ്പേ ഗായിക കെ.എസ്. ചിത്രയ്ക്ക് ഒരു മകള്‍ പിറന്ന കാര്യം അദ്ദേഹം സന്തോഷത്തോടെ പറയുമായിരുന്നു. നന്ദനത്തിലെ പാട്ടു കേട്ടിഷ്ടപ്പെട്ട് ഗുരുവായൂരപ്പന്‍ അനുഗ്രഹിച്ചതാണ് ആ കുഞ്ഞെന്ന കാര്യത്തില്‍ പാട്ടെഴുതിയ ആള്‍ക്ക് സംശയമില്ലായിരുന്നു. വിവാഹം കഴിഞ്ഞ് എത്രയോ വര്‍ഷം ഒരു കുഞ്ഞിനായി കാത്തിരുന്ന ചിത്ര മകള്‍ക്ക് നന്ദന എന്ന പേരിട്ടതും ഗിരീഷിനെ ഏറെ ആഹ്ലാദിപ്പിച്ചു.

കവിതയെഴുത്തിനെ പറ്റി ഗിരീഷ് ഇപ്രകാരം പറയുന്നു: പാട്ടെഴുത്തിന് വേണ്ടത് കവിത്വമല്ല. സര്‍ഗാത്മകസാഹിത്യവുമല്ല പാട്ടെഴുത്ത്. മറ്റുള്ളവരുടെ മനസില്‍ കടന്നിരുന്ന് എഴുതുന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണത്. ഒരു കവിതയെഴുതുമ്പോള്‍ അതിന്‍റെ വിഷയം എനിക്ക് സ്വയം തിരഞ്ഞെടുക്കാം. അതിന് ചന്ദസ് വേണോ വേണ്ടേ എന്ന് എനിക്ക് തീരുമാനിക്കാം. എത്ര വരികള്‍ വേണമെന്ന് എനിക്ക് തീരുമാനിക്കാം. സിനിമാഗാനങ്ങളില്‍ അതിനുള്ള സ്വാതന്ത്ര്യമില്ല. ഒരു വിഡ്ഡി പാടുന്ന പാട്ടായിരിക്കും ചിലപ്പോള്‍ എഴുതേണ്ടിവരിക.

ഈ ഇലക്ട്രോണിക്സ് യുഗത്തില്‍ സാങ്കേതിക വിദ്യകളുടെ അതിപ്രസരം ബാധിക്കാത്ത കവി. അദ്ദേഹം പറയുന്നു, ഒരു വെള്ളക്കടലാസും പേനയും കിട്ടിയാല്‍ എന്റെ സാമ്രാജ്യമായി. എനിക്ക് കമ്പ്യൂട്ടര്‍ അറിഞ്ഞുകൂടാ. കാര്‍ ഡ്രൈവിങ് അറിയില്ല. സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ല. മൊബൈല്‍ ‍ഫോണില്‍ ഒരു മെസേജ് വന്നാല്‍ അതെടുത്തുനോക്കി വായിക്കാന്‍ അറിയില്ല. അതൊന്നും ഈ ജന്മം പഠിക്കുകയുമില്ല. ഒരു എഴുത്തുകാരനെന്ന നിലയില്‍ സാങ്കേതിക വിദ്യകളുടെ അതിപ്രസരം എന്നെ ബാധിക്കുന്നതേയില്ല.

എ. ആര്‍. റഹ്മാനു പുറമെ ബാപ്പിലാഹിരി, ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്നീ സംഗീതസംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച എക മലയാളി ഗാനരചയിതാവ് എന്ന ബഹുമതി ഗിരീഷ്പുത്തഞ്ചേരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

"കണ്ണും നട്ട് കാത്തിരുന്നിട്ടും കണ്ണും നട്ട് കാത്തിരുന്നിട്ടും" ആ "സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍". "പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടി" ആ ആത്മാവ് നമ്മില്‍ നിന്നും യാത്രയായി; "കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്ത്‌, പൊന്നുകൊണ്ട് വേലി കെട്ടീട്ടും ആ
കല്‍ക്കണ്ടക്കിനാവു പാടം കൊയ്തെടുത്തു കൊണ്ട്". എവിടെയോ ഒളിഞ്ഞിരിക്കുന്ന ഹേ മരണമേ, നിന്‍റെ "പ്രണയ സന്ധ്യയില്‍ ആ വിണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ, വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ, പുലര്‍നിലാവിന്‍റെ യമുനയില്‍ ചന്ദ്രകാന്തമലയുന്നുവോ, കനവിലായിരം കനകമേഘം കനലുരയ്ക്കുന്നുവോ. ആരാലും ക്ഷണിക്കപ്പെടാത്ത മരണമേ, നീ ഞങ്ങളില്‍ നിന്നും കൊണ്ടുപോയ ആ പാവപ്പെട്ട കലാകാരനെ "ജീവിതപാതകളില്‍ എന്നിനി കാണും ഞങ്ങള്‍, മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ".

ഈ 49 ആം വയസ്സില്‍, അദൃശ്യമായി എവിടെയോ മറഞ്ഞിരിക്കുന്ന മരണമെന്ന പ്രതിഭാസം ഒടുവില്‍ "ആ സൂര്യകിരീടത്തേയും" വീഴ്ത്തിയിരിക്കുന്നു. ഇനി നമുക്കിടയില്‍ അലയടിക്കാന്‍ ഉള്ളത് ഒരു പുണ്യം പോലെ, ഒരു പ്രാര്‍ത്ഥന പോലെ ആ മനസ്സില്‍ നിന്നും വന്ന വരികള്‍ മാത്രം. ആ "ശാന്തമീ രാത്രിയില്‍" നമ്മിലേക്കു കടന്നു വന്ന ആ വലിയ കലാകാരന്‍ മറ്റൊരു "വരമഞ്ഞളാടിയ രാത്രിയില്‍", ആരും പ്രതീക്ഷിക്കാത്ത സമയത്ത് ഒരുപാടൊരുപാട് കവിതകള്‍ ബാക്കിവച്ച് ശൂന്യതയിലേക്ക് യാത്രയായി, ആരേയും പദനിസ്വനം കേള്‍പ്പിക്കാതെ.


6 comments:

പാഥേയം ഡോട്ട് കോം said...

ഗിരീഷ് പുത്തഞ്ചേരി ഇനി ഒരോര്‍മ്മ.

നന്ദന said...

ഗിരീഷേട്ടന് ആദരാജ്ഞലികൽ

താരകൻ said...

തനിച്ചല്ല കൂടെയുണ്ടിരുളും വെളിച്ചവും
താന്തമാം വേനലും തകർക്കുന്നവർഷവും.....

Hαяι Vιlløøя. said...

ആ മഹാനായ കവിയ്ക്ക് മുന്നില്‍ ആയിരം പ്രണാമങ്ങള്‍.

പള്ളിക്കരയില്‍ said...

പ്രണയാതുരമായ ആ മനസ്സിൽ നിന്നു പിറന്ന ഒട്ടധികം നിത്യഹരിത പ്രണയഗാനങ്ങളെ പ്രിയത്തോടെ മനസ്സിലോർത്തുകൊണ്ട് ഗിരീഷ് പുത്തഞ്ചേരിക്ക് അദരാഞ്ജലികളർപ്പിക്കുന്നു.

കുറിപ്പിനു നന്ദി.

പിള്ളാച്ചന്‍ said...

ഗിരീഷ്‌ പുത്തഞ്ചേരിക്ക്‌ ആദരാഞ്ജലികള്‍.. ഞാനും ഒരു ലേഖനം എഴുതിയിട്ടിട്ടുണ്ട്‌.... ഇവിടെ നോക്കൂ...