Monday, February 7, 2011

വടക്കന്‍പാട്ടിന്റെ കാഥകന്റെ ഓര്‍മ്മയില്‍


മലയാള ചലചിത്ര ലോകത്തില്‍ വടക്കന്‍പാട്ട്‌ കഥാപാത്രങ്ങളെ നല്‍കിയ തിരക്കഥാകൃത്ത് ശാരംഗപാണി നമ്മോട് വിട പറഞ്ഞു. ഫെബ്രുവരി രണ്ടാം തിയതി (ബുധനാഴ്ച) ഉച്ചക്ക് രണ്ടിന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് പാതിരപ്പള്ളിയിലെ കുടുംബവീടായ 'മലയാള കലാഭവന്‍' വളപ്പിന്‍ നടന്നു‍.

ആലപ്പുഴ ആറാട്ടുവഴിയില്‍ പുത്തന്‍പുരക്കല്‍ കങ്കാളി -പാപ്പി ദമ്പതികളുടെ മകനായാണ് ജനനം. പ്രശസ്ത സിനിമാ നിര്‍മാണശാലയായ ഉദയായുടെ ബാനറിലാണ് ശാരംഗപാണി ഏറ്റവും കൂടുതല്‍ തിരക്കഥകളും സംഭാഷണങ്ങളും രചിച്ചിട്ടുള്ളത്. ഉദയായുടെ ഉടമയും സംവിധായകനുമായിരുന്ന കുഞ്ചാക്കോയുമായുള്ള ബന്ധമാണ് ശാരംഗപാണിയെ സിനിമാരംഗത്ത് ശ്രദ്ധേയനാക്കിയത്.

വടക്കന്‍ കഥകള്‍ക്ക് വേണ്ട എല്ലാ ചേരുവകളും അക്കാലത്തെ പ്രേക്ഷകരുടെ മനസ്സിനനുസരിച്ച് ചേര്‍ത്തുവെക്കാനും ഹിറ്റുകളാക്കി മാറ്റാനും ശാരംഗപാണിയുടെ തൂലികക്ക് കഴിഞ്ഞു. തയ്യല്‍ തൊഴിലാളിയും പിന്നീട് റബര്‍ ഫാക്ടറി തൊഴിലാളിയുമായി കഴിഞ്ഞ ശാരംഗപാണി ഉദയാക്കുവേണ്ടി 'ഉമ്മ' എന്ന സിനിമക്ക് സംഭാഷണം എഴുതിയാണ് രംഗത്തുവന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഉണ്ണിയാര്‍ച്ച, പാലാട്ടുകോമന്‍, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, തുമ്പോലാര്‍ച്ച, കടത്തനാട്ടുമാക്കം, പാലാട്ട് കുഞ്ഞിക്കണ്ണന്‍, സഞ്ചാരി, കടത്തനാടന്‍ അമ്പാടി, നീലിസാലി, പോസ്റ്റുമാനെ കാണാനില്ല, താര, അച്ചാരം അമ്മിണി ഓശാരം ഓമന തുടങ്ങി നാല്‍പ്പതോളം സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. ഇതില്‍ പലതും ഹിറ്റുകളായി. പല സിനിമകളും മാസങ്ങളോളം പ്രദര്‍ശിപ്പിക്കപ്പെട്ടു.

സത്യന്‍, നസീര്‍ തുടങ്ങി മോഹന്‍ലാല്‍ വരെ അഭിനയിച്ച ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ശാരംഗപാണിയുടെ 'പൊന്നുംകുടത്തിന് പൊട്ടുവേണ്ട' എന്ന നാടകത്തില്‍ എസ്.പി. പിള്ളയും ബഹദൂറും അഭിനയിച്ചിട്ടുണ്ട്.ആദ്യകാല നടീനടന്മാര്‍ മാത്രമല്ല, പില്‍ക്കാലത്ത് വന്നവരും ശാരംഗപാണിയുടെ തിരക്കഥയില്‍ വേഷമിട്ടവരാണ്.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തിരുവിതാംകൂര്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെയും സഹയാത്രികനായിരുന്നു ഇദ്ദേഹം. തൊഴിലാളി പ്രവര്‍ത്തനത്തിനിടെ നിരവധി തവണ പൊലീസ് മര്‍ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കഷ്ടപ്പാടുകളില്‍ നിന്നാണ് ശാരംഗപാണി കലയുടെ ഉത്തുംഗത്തിലേക്ക് എത്തിയത്. രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ ശാരംഗപാണി എഴുതിയ നാടകം 'അവരെന്റെ മക്കള്‍ ‍' സി.പി. രാമസ്വാമി അയ്യര്‍ നിരോധിച്ചത് ചരിത്രസംഭവമാണ്.

കുഞ്ചാക്കോയുടെ മരണശേഷം അപൂര്‍വമായി മാത്രമെ ഇദ്ദേഹത്തിന്‌ അവസരങ്ങള്‍ ലഭിച്ചുള്ളൂ. എങ്കിലും ഒരുകാലഘട്ടത്തിന്റെ ഓര്‍മകള്‍ പേറി പഴയ തലമുറയുമായി സ്‌നേഹബന്ധത്തില്‍ കഴിയാന്‍ അദ്ദേഹത്തിന് സാധിച്ചു. മലയാള കലാഭവന്‍ എന്ന പേരില്‍ ട്രൂപ്പുണ്ടാക്കി പത്തോളം ബാലെകളും അഞ്ച് സാമൂഹിക നാടകങ്ങളും അദ്ദേഹം പില്‍ക്കാലത്ത് അവതരിപ്പിച്ചു.

'57ല്‍ കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റപ്പോള്‍ നടന്ന ആഘോഷത്തില്‍ കോഴിക്കോട്ട് ശാരംഗപാണിയുടെ 'ചിലമ്പൊലി' എന്ന നാടകവും അവതരിപ്പിച്ചിരുന്നു. 'ബല്ലാത്ത ദുനിയാവ്' എന്ന നാടകം ശാരംഗപാണിയെ കൂടുതല്‍ ശ്രദ്ധേയനാക്കിയിരുന്നു.

വിപ്ലവ ഗായിക പി.കെ. മേദിനിയും ട്രേഡ് യൂനിയന്‍ നേതാവായിരുന്ന പരേതനായ പി.കെ. ബാവ സഹോദരനുമാണ്. പരേതയായ പ്രശോഭിനിയാണ്‍ ഭാര്യ. കല, ജൂല, ബിജു, പരേതനായ ബൈജു എന്നിവര്‍ മക്കളും കുമാരന്‍, ജയപ്രകാശ്, കല, ഇന്ദിര എന്നിവര്‍ മരുമക്കളുമാണ്‌.

വടക്കന്‍ പാട്ടുകളുടെ വീരേതിഹാസങ്ങള്‍ അഭ്രപാളിയില്‍ തീവ്രത ചോരാതെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

1 comment:

പാഥേയം ഡോട്ട് കോം said...

മലയാള ചലചിത്ര ലോകത്തില്‍ വടക്കന്‍പാട്ട്‌ കഥാപാത്രങ്ങളെ നല്‍കിയ തിരക്കഥാകൃത്ത് ശാരംഗപാണി നമ്മോട് വിട പറഞ്ഞു. ഫെബ്രുവരി രണ്ടാം തിയതി (ബുധനാഴ്ച) ഉച്ചക്ക് രണ്ടിന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് പാതിരപ്പള്ളിയിലെ കുടുംബവീടായ 'മലയാള കലാഭവന്‍' വളപ്പിന്‍ നടന്നു‍.