Monday, February 7, 2011

കത്ത് പാട്ടുകളുടെ രാജകുമാരൻ ഓർമ്മയായി


നിലമ്പൂർ സയ്യിദ് അബ്ദുല്‍ജമീല്‍ എന്ന എസ്.എ. ജമീല്‍ നമ്മിൽ നിന്ന് വിടവാങ്ങി. ഹൃദയാഘാതം മൂലം ഫെബ്രുവരി അഞ്ചാം തിയതി രാത്രി 12 മണിയോടെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. ചന്തക്കുന്നിലെ വീട്ടില്‍വെച്ച് പതിനൊന്നരയോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചയുടനെയാണ് മരണം സംഭവിച്ചത്.

സ്വാതന്ത്ര്യസമര സേനാനിയും ഹോമിയോ ഭിഷഗ്വരനുമായിരുന്ന സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ എന്ന എസ്.എം.ജെ മൗലാനായുടെയും തഞ്ചാവൂര്‍ സ്വദേശി ആയിശാബിയുടെ മകനായി ജനിച്ച ഇദ്ദേഹം മലയാളികൾക്ക് ഏറെ പരിചിതനാവുന്നത് കത്ത് പാട്ടുകളിലൂടെയാണ്.പ്രവാസ ജീവിതത്തിന്റെ വൈകാരിക മാനങ്ങള്‍ ലളിത സംഗീതത്തിലേക്കാവിഷ്‌കരിച്ച് കത്തുപാട്ടുകള്‍ക്ക് രൂപം നല്‍കിയത് ഇദ്ദേഹമായിരുന്നു.

ഗാനരചയിതാവ്, ഗായകന്‍, ചിത്രകാരന്‍, നടന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ഒട്ടേറെ പ്രശസ്തരെ സംഭാവന ചെയ്ത നിലമ്പൂര്‍ യുവജനകലാസമിതി വഴി പതിനേഴാം വയസ്സില്‍ നാടകരംഗത്തെത്തിയാണ് ജമീല്‍ കലാരംഗത്ത് വരുന്നത്. ഇ.കെ അയമുവിന്റെ 'ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്' തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. 1960 ഓടെ ഗാനരംഗത്തേക്ക് തിരിഞ്ഞു. പ്രവാസലോകമാകെ നെഞ്ചേറ്റിയ കത്തുപാട്ടുകള്‍ക്ക്‌രൂപം നല്‍കുന്നത് തുടര്‍ന്നാണ് . 1976 ല്‍ 'എ്രതയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍..' എന്ന ഗാനവുമായി ജമീല്‍ മാപ്പിളപ്പാട്ടിന് പുതുവഴിതീര്‍ത്തു. രചനയും ആലാപനവും ജമീല്‍ തന്നെയായിരുന്നു. ഇതിനുശേഷം, ' അബൂദാബീലുള്ളോരെഴുത്തു പെട്ടി..' എന്ന തുടങ്ങുന്ന മറുപടിക്കത്തുപാട്ടു കൂടി വന്നതോടെ മലയാളികള്‍ ജമീലിനെ നെഞ്ചേറ്റി.

റമീജ (ദുബൈ), ജാസ്മിൻ,ജൗഹർ എന്നിവരാണ് മക്കൾ‍. അഹമ്മദ്കുട്ടി (ദുബൈ), ബാബു (മഞ്ചേരി)എന്നിവർ മരുമക്കളുമാണ്.ഡോ. ഹക്കീം, നിലമ്പൂര്‍ ഷാജി (ഗായകന്‍)എന്നിവർ സഹോദരങ്ങളാണ്. റുഖിയയാണ് ഭാര്യ.

കത്ത് പാട്ടുകളുടെ രാജകുമാരന്റെ ഓർമ്മയ്ക്ക് മുന്നിൽ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

3 comments:

പാഥേയം ഡോട്ട് കോം said...

നിലമ്പൂർ സയ്യിദ് അബ്ദുല്‍ജമീല്‍ എന്ന എസ്.എ. ജമീല്‍ നമ്മിൽ നിന്ന് വിടവാങ്ങി. ഹൃദയാഘാതം മൂലം ഫെബ്രുവരി അഞ്ചാം തിയതി രാത്രി 12 മണിയോടെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. ചന്തക്കുന്നിലെ വീട്ടില്‍വെച്ച് പതിനൊന്നരയോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചയുടനെയാണ് മരണം സംഭവിച്ചത്.

വാഴക്കോടന്‍ ‍// vazhakodan said...

മാപ്പിളപ്പാട്ട് ശാഖയില്‍ കത്ത് പാട്ട് എന്ന ഒരു പുതിയ ശാ‍ഖ തന്നെ അദ്ദേഹം എഴുതിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.‍

ഷെരീഫ് കൊട്ടാരക്കര said...

കാലം എത്ര കഴിഞ്ഞു എങ്കിലും ഇപ്പോഴും കത്ത് പാട്ടും മറുപടിയും മനസ്സില്‍ മുഴങ്ങുന്നു.
ആ സര്‍ഗാത്മക കലാകാരന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തുന്നു.