Wednesday, October 19, 2011
കാക്കനാടന്‍ മാഷിനാദരാഞ്ജലികള്‍
ആധുനീക മലയാള സാഹിത്യത്തിലെ സ്നേഹത്തിന്റെ കുലപതിയായ ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന കാക്കനാടൻ ഇന്ന് നമ്മോടൊപ്പം ഇല്ല.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് (2011 ഒക്ടോബർ 19-ന്) അന്തരിച്ച ഇദേഹം മലയാളത്തില്‍ അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. ഇദ്ദേഹത്തിന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളാണെന്ന് പറയാം.
വർഗ്ഗീസ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി 1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ച ഇദേഹത്തിന്റെ പഠനം കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിലും ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിലുമായിരുന്നു. 1955-ൽ ബി.എസ്.സി. പാസായ ശേഷം സ്കൂൾ അദ്ധ്യാപകനായി രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലു വര്‍ഷം ദക്ഷിണ റെയിൽവേയിലും ആറു വര്‍ഷം റെയിൽവേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തു. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു.
1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. എന്നാൽ അവിടെ നിന്ന് ജർമൻ ഭാഷ പഠിക്കുകയും പിന്നെ യൂറോപ്പിലേക്ക് പോയെങ്കിലും 1968-ൽ കേരളത്തിൽ തിരിച്ചെത്തി.
1965-ൽ അമ്മിണിയെ വിവാഹം കഴിച്ചു കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടക്ക് 1971 മുതൽ 73 വരെ മലയാളനാട് വാരികയുടെ പത്രാധിപ സമിതിയിൽ. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാൽപതിലധികം കൃതികൾ. 'പറങ്കിമല'യും 'അടിയറവും' (സംവിധാനം : ഭരതൻ) ,ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് (സംവിധാനം : കമൽ), ഓണപ്പൂവേ (സംവിധാനം : കെ.ജി. ജോർജ്) എന്നിവയും സിനിമയായി. 1981-84-ൽ സാഹിത്യ അക്കാദമി അംഗവും 1988-91-ൽ നിർവാഹക സമിതി അംഗവും.
1980 ൽ ജാപ്പാണം പുകയില എന്ന ചെറുകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും,"ഒറോത" എന്ന നോവലിന് 1984-ൽ കേരളസാഹിത്യ അക്കാദമി അവാർഡും,1986-ൽ ഉഷ്ണമേഖലക്ക് മികച്ച ചെറുകഥക്കുള്ള പുരസ്കാരവും ലഭിച്ചു. 2008-ൽ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കുകയുണ്ടായി. 2003-ൽ മികച്ച നോവലിനും ചെറുകഥക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2005-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.2008-ൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ബാലാമണിയമ്മ പുരസ്കാരത്തിനും ഇദ്ദേഹം അർഹനായി. കൂടാതെ വിശ്വദീപം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായിട്ടുണ്ട്.
രാധ, രാജൻ, ഋഷി എന്നിവരാണ് മക്കള്‍ . പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ,പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ,തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്.ഈ സാഹിത്യ പ്രതിഭയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.
Subscribe to:
Post Comments (Atom)
1 comment:
ആധുനീക മലയാള സാഹിത്യത്തിലെ സ്നേഹത്തിന്റെ കുലപതിയായ ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന കാക്കനാടൻ ഇന്ന് നമ്മോടൊപ്പം ഇല്ല.ഈ സാഹിത്യ പ്രതിഭയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.
Post a Comment