Tuesday, March 26, 2013

മലയാള സിനിമയുടെ അമ്മ വിടവാങ്ങി.

മലയാള സിനിമയുടെ അമ്മയെ നമുക്ക് നഷ്ടമായി.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ വെച്ച് പ്രശസ്ത ചലചിത്ര നടി സുകുമാരിയമ്മ ഇന്ന് വൈകിട്ട് അഞ്ചരയോടെ (26/03/2013 ചെവ്വാഴ്‌ച്ച) രംഗ ബോധമില്ലാത്ത കോമാളിക്ക് കീഴടങ്ങുകയായിരുന്നു. മരിക്കുമ്പോള്‍ 73 വയസായിരുന്നു.കഴിഞ്ഞ മാസം 25 തിയതി വീട്ടിലെ പൂജാമുറിയില്‍ നിന്ന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു. പത്താമത്തെ വയസ്സില്‍ അഭിനയ ജീവിതം ആരംഭിച്ച ഇവര്‍, മലയാളം, തമിഴ് ,ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലായി രണ്ടായിരത്തിഅഞ്ഞൂറിലധികം കഥാപാത്രങ്ങളെ സുകുമാരിയമ്മ വെള്ളിതിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമക്കൊപ്പം നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

പൂജപ്പുര സ്വദേശിയായ മാധവൻ നായരുടെയും സത്യഭാമയുടെയും മകളായി തമിഴ് നാട്ടിലുള്ള നാഗർകോവിൽ എന്ന സ്ഥലത്ത്‌ 1940 ഒക്ടോബർ 6 ആം തിയതി സുകുമാരിയമ്മ ജനിച്ചത്. പൂജപ്പുരയില്‍ നിന്ന്‌ ഏഴാം വയസ്സില്‍ സുകുമാരിയെ അച്ഛന്റെ സഹോദരിയും ആദ്യകാലത്തെ നായികമാരായിരുന്ന 'ട്രാവന്‍ കൂര്‍ സിസ്‌റ്റേഴ്‌സ്' ലളിത, പത്മിനി, രാഗിണി എന്നിവരുടെ അമ്മയുമായ സരസ്വതിഅമ്മ മദ്രാസിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. പിന്നെ മദ്രാസിലെ സ്കൂളിലായിരുന്നു പഠനം.1948 ല്‍ എട്ടാം വയസിൽ ലളിത,​ പത്മിനി,​ രാഗിണിമാരുടെ ഡാൻസ് ട്രൂപ്പിൽ നര്‍ത്തകിയായി അരങ്ങേറ്റം കുറിച്ച സുകുമാരി കഥകളി,കേരള നടനം, ഭരതനാട്യം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.ആദ്യം നൃത്തം പഠിച്ചത് ഗുരു ഗോപിനാഥിന്റെ കീഴില്‌ ആയിരുന്നു. സിനിമയില്‍ സംഘനൃത്തങ്ങള്‍ ചെയ്യ്തിരുന്ന രാജസുലോചന,​ കുശകുമാരി തുടങ്ങിയ നടിമാരുടെ ട്രൂപ്പില്‍ അംഗമായി പത്താം വയസിൽ ‘ഓരിരവ് ’ എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെ സിനിമാജീവിത ആരംഭിച്ച്‌ കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി അഭിനയ രംഗത്ത്‌തുടരുന്ന അപൂര്‍വ്വം ചില അഭിനേത്രികളില്‍ ഒരാളായിരുന്നു സുകുമാരിയമ്മ.

പത്തൊമ്പതാം വയസില്‍ 1959 ല്‍ മഹാരാഷ്​ട്ര സ്വദേശിയും സംവിധായകനുമായ ഭീംസിംഗിന്റെ ഭാര്യയായി. ഭീംസിംഗിന്റെ രാജാറാണി,​ പാശമലർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച പരിചയമാണ് വിവാഹത്തിലെത്തിയത്. പതിനൊന്ന് വര്‍ഷം മാത്രം നീണ്ടു നിന്ന ഈ ബന്ധം അദ്ദേഹത്തിന്റെ വിയോഗത്തോടെ വിധവയായ സുകുമാരിയമ്മ ഈ ദു:ഖം അകറ്റിയത് ചലചിത്രങ്ങളില്‍ സജീവമായിട്ടായിരുന്നു.സത്യൻ,​ നസീർ,​ മധു,​ എം.ജി.ആർ,​ ശിവാജി ഗണേശൻ,​ ജമിനി ഗണേശൻ ,ഭരത് ഗോപി,​ നെടുമുടി വേണു,​ തിലകൻ എന്നിവര്‍ തുടങ്ങി പുത്തന്‍ തലമുറയിലെ ഒട്ടുമിക്ക നടന്മാരുമായി അഭിനയിച്ച ഇവര്‍ ഏറ്റവും കൂടുതൽ ജോടിയായി അഭിനയിച്ചത് അടൂർ ഭാസിയുമൊത്തായിരുന്നു.അവസാനമായി അഭിനയിച്ചത് 3ജി എന്ന ചിത്രത്തിലായിരുന്നു.

1974ലും 1979 ലും മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ്,1983 ല്‍ കൂടെവിടെ,​ കാര്യം നിസാരം എന്നീ ചിത്രത്തിലൂടെയും 1985 ൽ അരപ്പട്ട കെട്ടിയ ഗ്രാമത്തിലൂടെയും രണ്ടാമത്തെ നടിക്കുള്ള അവാർഡ്, 1990 ല്‍ കലൈ സെൽവം,​ കലൈമാമണി അവാർഡുകൾ,2003 ല്‍ രാഷ്​ട്രം പത്മശ്രീ നൽകി ആദരിച്ചു. 2011 ല്‍ തമിഴ് ചിത്രമായ നമ്മ ഗ്രാമത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.ചെന്നൈ മെഡിക്കല്‍ കോളെജില്‍ ഡോക്ടറായ സുരേഷ് മകനാണ്. മരുമകള്‍ ഉമ ഫാഷന്‍ ഡിസൈനറാണ്.

മലയാള സിനിമക്ക് സൗഭാഗ്യവും വാല്‍സല്യവും നിറഞ്ഞ അമ്മയുടെ മുഖം സംഭാവന നല്‍കിയ ആ അഭിനേത്രിയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

1 comment:

പാഥേയം ഡോട്ട് കോം said...

മലയാള സിനിമക്ക് സൗഭാഗ്യവും വാല്‍സല്യവും നിറഞ്ഞ അമ്മയുടെ മുഖം സംഭാവന നല്‍കിയ ആ അഭിനേത്രിയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.