Friday, August 7, 2009

അഭിനയകലയുടെ രാജാവിനന്ത്യാഞ്ജലി.



1954 മെയ് 25ന് പി കൃഷ്ണപിളളയുടെയും, ദേവകിയമ്മയുടെയും മൂത്തമകനായി കൊല്ലം ജില്ലയില്‍ കുടവട്ടൂരാണ് മുരളി ജനിച്ചത്.

തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമം പാസായ മുരളി ആരോഗ്യ വകുപ്പില്‍ എല്‍ ഡി ക്ളാര്‍ക്കായി കുറച്ചു നാള്‍ ജോലി നോക്കി. പിന്നീട് യു ഡി ക്ളാര്‍ക്കായി കേരളാ സര്‍വ്വകലാശാലയിലും ജോലി ചെയ്തു.

സംവിധായകന്‍ അരവിന്ദന്‍ സംവിധാനം ചെയ്ത ചിദംബരം എന്ന ചിത്രത്തിലൂടെയാണ്‌ അദ്ദേഹം ചലചിത്രലോകത്തേക്ക് കാലെടുത്ത്‌ വെച്ചത്. തുടര്‍ന്ന് അഭിനയിച്ച മീനമാസത്തിലെ സൂര്യന്‍, പഞ്ചാഗ്നി എന്നിവ മുരളിയുടെ അഭിനയ ജീവിതത്തെ ഏറെ തുണച്ചു.

ഭരതന്‍ന്റെ അമരം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മുരളിക്ക് ആദ്യമായി സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്നത്. പിന്നീട് ആധാരം, നെയ്ത്തുകാരന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. നെയ്ത്തുകാരനിലെ അപ്പുമേസ്തിരിയെ അവിസ്മരണീയമാക്കിയ അഭിനയത്തിന് മുരളിക്ക് 2002ലെ മികച്ച നടനുളള ദേശീയ അവാര്‍ഡും ലഭിച്ചു.

കിട്ടിയ വേഷങ്ങളെല്ലാം അവിസ്മരണീയമാക്കിയ നടന്‍ ഇതിനോടക ഇരുനൂറിലധികം സിനിമകളില്‍ അഭിനയിച്ചു. കരുത്തുറ്റ അഭിനയംകൊണ്ടു മലയാളികളെ അതിശയിപ്പിച്ച നടനായിരുന്നു മുരളി.

മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമായി മുരളിയുടെ പത്തോളം സിനിമകള്‍ പുറത്തുവന്നു. പലതും ഹിറ്റായി. സിനിമയെക്കാള്‍ നാടകത്തെ നെഞ്ചേറ്റിയിരുന്ന ഈ നടന്‍ എന്നും മലയാള സിനിമയെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയിരുന്നു.

അഭിനയവും അതിന്റെ ചൂടും സുഖവുമൊക്കെ കിട്ടുന്നതു നാടകത്തിലാണെന്നു മുരളി വിശ്വസിച്ചിരുന്നു. അങ്ങനെയാണ് അദേഹം രചിച്ച് പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത 'മൃത്യുഞ്ജയന്‍' എന്ന നാടകം അരങ്ങിലെത്തിയത്. 'മൃത്യുഞ്ജയം' എന്ന നാടകത്തിലെ കര്‍ണ്ണനായി അദ്ദേഹമെത്തിയത്. കര്‍ണനെന്ന കഥാപാത്രത്തെ വായനയിലൂടെയും മറ്റും ആഴത്തിലറിഞ്ഞപ്പോഴാണ് അത്തരത്തില്‍ ഒരു നാടകത്തെക്കുറിച്ച് മുരളി ആലോചിച്ചത്

ഇതിനു മുന്‍പു മുരളി 'ലങ്കാലക്ഷ്മി' അവതരിപ്പിച്ചതും നാടകത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നു. 'ലങ്കാലക്ഷ്മി' തനിയെ അരങ്ങിലവതരിപ്പിച്ചു മുരളി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏകാഹാര്യം എന്ന രീതിയാണ് അതില്‍ അവലംബിച്ചത്. കഥകളിയും കൂടിയാട്ടവും ചേര്‍ന്നതാണത്. മേക്കപ്പ് മാറ്റാതെ ശരീരവടിവും മറ്റും മാറ്റിയുള്ള രീതി. കുറച്ചു കളരി പഠിച്ചതും മുരളിയ്ക്ക് നാടകത്തില്‍ പ്രയോജനപ്പെട്ടു.

സിനിമയില്‍ നിന്ന് ഒരിക്കലും തനിയ്ക്ക് മാറിനില്‍ക്കാനാകില്ലെന്ന് മുരളി പറയുമായിരുന്നു. ഏതു കാര്യത്തിനും ആദ്യം വേണ്ടത് നിലനില്‍പ്പാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കലാകാരന്‍ ആശയങ്ങളുടെയും മോഹങ്ങളുടെയും ഭ്രാന്തില്‍പ്പെടരുതെന്നും പ്രായോഗികമായി കാര്യങ്ങള്‍ കാണണമെന്നുമായിരുന്നു മുരളിയുടെ തത്വം. നല്ല സിനിമകളില്‍ അഭിനയിക്കുന്നതിന് അദ്ദേഹം ഒരിക്കലും പണം കണക്കുപറഞ്ഞ് വാങ്ങാറില്ലായിരുന്നു.

കരുത്തും ലാളിത്യവും വികാരങ്ങളുടെ അകമ്പടിയോടെ സിനിമകളില്‍ ഉജ്വലമാക്കിയ മുരളി അതുവരെയില്ലാത്ത സങ്കല്‍പ്പങ്ങളിലേക്കു നായക, വില്ലന്‍ കഥാപാത്രങ്ങളെ കൂട്ടിക്കൊണ്ടുപോയി. മലയാളത്തിലും തമിഴിലും തെലുങ്കിലും ഇരുനൂറ്റിയന്‍പതോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം മൂന്നു പതിറ്റാണ്ടു മുമ്പാണു സിനിമയിലെത്തി നല്ല സിനിമയുടെ പര്യായമായി മാറിയത്.

പ്രിയനന്ദനന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരനില്‍ അനിതരസാധാരണമായ അഭിനയമാണു കാഴ്ചവച്ചത്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ഈ അഭിനയ മികവിനു മാറ്റുകൂട്ടി. പ്രിയനന്ദനന്റെ പുലിജന്മത്തിലും മുരളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അപാരമായ ശബ്ദനിയന്ത്രണത്തിലൂടെയും മുരളി തന്റെ കഥാപാത്രങ്ങള്‍ക്കു മിഴിവു പകര്‍ന്നു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ തുടക്കം കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസില്‍ ആയിരുന്നെങ്കിലും പിന്നീട് സജീവ ഇടതുപക്ഷ സഹയാത്രികനായി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

ഭാര്യ ഷൈലജയും ഏക മകള്‍ കാര്‍ത്തിക എന്നിവരാടങ്ങിയതായിരുന്നു ഇദ്ദേഹത്തിന്റെ കുടും‌ബം.

2009 ആഗസ്റ്റ് 6-ആം തിയതി രാത്രി എട്ടരമണിക്ക് അദ്ദേഹം ഈ ലോകത്ത് നിന്ന് വിടചൊല്ലി

ആ നാട്യകലയുടെ രാജാവിനായി നമുക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാം.

1 comment:

പാഥേയം ഡോട്ട് കോം said...

ആ നാട്യകലയുടെ രാജാവിനായി നമുക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാം