Tuesday, February 23, 2010

സകലകലാവല്ലഭനായ ഹാസ്യസാമ്രാട്ട്




1951 ഏപ്രില്‍ 22 ന് കൊച്ചിയിലാണ് സലീം അഹമ്മദ് ഘൗഷ് എന്ന വി.എം.ഹനീഫയുടെ ജനനം.നാടകത്തിലും മിമിക്രിയിലും തിളങ്ങിയ ഹനീഫ പിന്നീട് സിനിമയിലെത്തി. തുടര്‍ന്ന് വില്ലന്‍ വേഷങ്ങളിലൂടെ ഹാസ്യരംഗത്തും ക്യാരക്ടര്‍ നടനായും തിളങ്ങിയ ഇദ്ദേഹം കഴിഞ്ഞ മാസം രണ്ടാം തിയതിയില്‍ ഈ ലോകത്തോട് വിടപറഞ്ഞു.

സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ വെള്ളായണി അഗ്രികള്‍ച്ചറല്‍ കോളേജില്‍ ചേരാനായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ്‌കോയയെ കാണാന്‍ പോയി. സി.എച്ചിനെ കണ്ട് കത്ത് കൊടുത്തു. കത്തു നിവര്‍ത്തി വായിച്ചശേഷം അതുപോലെ മടക്കി കവറിലിട്ട് തിരിച്ചുതന്നു. 'അര്‍ഹതയുണ്ടെങ്കില്‍ തനിക്ക് അഡ്മിഷന്‍ കിട്ടും' എന്ന ഉപദേശവും. സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു ഹനീഫക്ക് ഗേറ്റിന് പുറത്തുകടന്ന ഉടനെ കത്ത് വലിച്ചുകീറി ഓടയിലെറിഞ്ഞ ശേഷം ചുറ്റും നോക്കിയപ്പോള്‍ കുറച്ചകലെ ചുവരില്‍ ശിവാജി ഗണേശന്‍ അഭിനയിച്ച 'തിരുവിളയാടല്‍' സിനിമയുടെ പോസ്റ്റര്‍ കണ്ടു പിന്നെ ഒന്നും നോക്കിയില്ല ഹനീഫ നേരെ തിയേറ്ററിലേക്ക് നടന്നു......

പിന്നീട് ഈ മോഹം കൊച്ചിയില്‍ നിന്നും തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ തിക്കിത്തിരക്കി മദിരാശിയിലേക്ക് വരെ എത്തിക്കാന്‍ കാരണമാക്കി.പിന്നെ ഏറെനാള്‍ അലഞ്ഞുതിരിഞ്ഞു നടന്ന ശേഷം ആദ്യത്തെ പ്രതിഫലമായി കിട്ടിയ നൂറു രൂപയില്‍ തുടങ്ങിയ സിനിമാജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.

ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001 ല്‍ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. ആറ് തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹനീഫ അഞ്ചോളം ചിത്രങ്ങള്‍ക്ക് തിരക്കഥയും എഴുതി. 1979 ല്‍ അഷ്ടവക്രന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. മഹാനദി അടക്കം എണ്‍പതോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഫാസിലയാണ് ഭാര്യ. മക്കള്‍-സര്‍ഫ, മര്‍വ. 1999 ലും 2001 ലും സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി.

ലോഹി തിരക്കഥയെഴുതിയ ‘കിരീടം’ എന്ന ചിത്രത്തിലെ ഹൈദ്രോസ് എന്ന വേഷത്തിലൂടെയാണ് ഹാസ്യകഥാപാത്രങ്ങളുടെ ലോകത്തേക്ക് ഹനീഫ കടക്കുന്നത്. ധൈര്യവാനായി അഭിനയിക്കുന്ന ഒരു നാടന്‍ ചട്ടമ്പിയായിരുന്നു ഹൈദ്രോസ്. ഗംഭീരമായാണ് ഹനീഫ ആ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നത്. ഇപ്പോഴും കൊച്ചിന്‍ ഹനീഫ എന്ന നടനെ മിമിക്രിക്കാര്‍ അനുകരിക്കുന്നത് ഹൈദ്രോസ് എന്ന കഥാപാത്രത്തിലൂടെയാണ്.ഇതിനു ശേഷം ലോഹിതദാസ് രചിച്ചതും സംവിധാനം ചെയ്തതുമായ ചിത്രങ്ങളില്‍ കാമ്പുള്ള കഥാപാത്രങ്ങളെയാണ് കൊച്ചിന്‍ ഹനീഫയ്ക്കായി മാറ്റിവച്ചത്.

ചക്കരമുത്തിലെ തുന്നല്‍ക്കാരന്‍, അരയന്നങ്ങളുടെ വീട്ടിലെ ഭീമന്‍‌ശരീരമുള്ള മണ്ടനായ അഭിഭാഷകന്‍, സൂത്രധാരനിലെ റിക്ഷാക്കാരന്‍, കസ്തൂരിമാനിലെ കുഴഞ്ഞാട്ടക്കാരനായ വീട്ടുടമസ്ഥന്‍ തുടങ്ങിയവ ഹനീഫയ്ക്ക് ലോഹിതദാസ് സമ്മാനിച്ച മികച്ച കഥാപാത്രങ്ങളാണ്.

ലോഹിതദാസിന്‍റെ തിരക്കഥയിലാണ് ‘വാത്സല്യം’ എന്ന ചിത്രം കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്തത്. ഹനീഫ സംവിധാനം ചെയ്ത ഏറ്റവും നല്ല ചിത്രമായിരുന്നു പിന്നീട് ‘ഭീഷ്മാചാര്യ’ എന്ന ഒരൊറ്റച്ചിത്രം മാത്രമാണ് ഹനീഫയുടെ സംവിധാനത്തില്‍ പുറത്തുവന്നത്.

വാത്സല്യത്തിന് പുറമെ ഭീഷ്മാചാര്യ, വീണ മീട്ടിയ വിലങ്ങുകള്‍, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപൊട്ടിന്റെ ഓര്‍മ്മയ്ക്ക്, മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്, ഒരു സന്ദേശം കൂടി എന്നീ ചിത്രങ്ങളാണ് ഹനീഫ മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഭീഷ്മാചാര്യ, കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി.

എം.ടി.യുടെ കഥകള്‍ വായിച്ച സാഹിത്യപരിചയമുള്ള ഹനീഫ എഴുത്തുകാരനായി. ശ്രീസായ് പ്രൊഡക്ഷന് മലയാളത്തിലുള്ള ഒരു തിരക്കഥ വേണം. പറ്റിയ ആരെങ്കിലുമുണ്ടോ എന്ന് ഹനീഫയോട് ചോദിച്ചു. പരിചയമുള്ള എഴുത്തുകാരനെ അദ്ദേഹം പറഞ്ഞുകൊടുത്തു. അടുത്ത ദിവസം കുറച്ചു സീന്‍ എഴുതിക്കൊണ്ടുവരാന്‍ പറഞ്ഞു. പുള്ളി അതുമായി വന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇഷ്ടമായില്ല. ഹനീഫ അയാളോട് സംസാരിച്ച് സീന്‍ ശരിയാക്കിക്കൊള്ളാമെന്ന് ഏറ്റു. പക്ഷേ, അന്നു രാത്രി പുള്ളി സ്ഥലംവിട്ടു. ഷൂട്ടിങ് തുടങ്ങാന്‍ കുറച്ചുദിവസമേയുള്ളൂ. നിര്‍മാതാവിന്റെ ആള്‍ക്കാര്‍ വന്ന് ഹനീഫയോട് സ്‌ക്രിപ്റ്റ് തിരക്കി. രാവിലെ എത്തിക്കാമെന്ന് ഉറപ്പുകൊടുത്ത അദ്ദേഹം കഥ വായിച്ച് തിരക്കഥ എഴുതാന്‍ തുടങ്ങി. പുലര്‍ച്ചെ 5 മണിക്ക് 10 സീന്‍ പൂര്‍ത്തിയാക്കി. 'അവള്‍ ഒരു ദേവാലയം' എന്ന സിനിമ ഉണ്ടായത് അങ്ങനെയാണ്. തിരക്കഥ എഴുതിയ ആദ്യസിനിമ ഹിറ്റായതോടെ മദിരാശി വിട്ട് മറ്റെങ്ങോട്ടുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു.

മൂന്നു മാസങ്ങള്‍ക്ക് മുമ്പ്, വീണമീട്ടിയ വിലങ്ങുകള്‍, വാല്‍സല്യം, ഭീഷ്‌മാചാര്യ, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപ്പൊട്ടിന്‍റെ ഓര്‍മ്മയ്ക്ക്, ഒരു സന്ദേശം കൂടി എന്നീ മലയാള ചിത്രങ്ങള്‍ ഹനീഫ സംവിധാനം ചെയ്തിട്ടുണ്ട്.

ഹനീഫയെ സംവിധായകനാക്കിയതിന്റെ ക്രെഡിറ്റ് മമ്മൂട്ടിക്കാണ്. ശ്രീസായ് പ്രൊഡക്ഷന് ഒരു മലയാളം പടം എടുക്കണം. അതിന് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടണം. ഡേറ്റ് തരപ്പെടുത്താന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. 'ഹനീഫ പടം ചെയ്താല്‍ ഞാന്‍ ഡേറ്റ് തരാ'മെന്ന് മമ്മൂട്ടി. സഹസംവിധായകനായി പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഹനീഫ എങ്ങനെ സംവിധായകനാവും? നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങേണ്ടി വന്നു. 'ഒരു സന്ദേശം കൂടി' എന്ന സിനിമയുടെ സംവിധായകനായി. അതിനു ശേഷം ഹനീഫയുടെ നാല് മലയാള സിനിമകളില്‍കൂടി മമ്മൂട്ടി നായകനായി.

തമിഴിലെ വമ്പന്‍ സംവിധായകന്‍ ഷങ്കറിന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്‍‌മാരില്‍ ഒരാളായിരുന്നു അദ്ദേഹം.അതുപോലെ രജിനീകാന്ത്,കമലഹസന്‍,തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുമായി അടുത്ത സൌഹൃദബന്ധം പുലര്‍ത്തിയിരുന്നു.

ഹനീഫയുടെ ആദ്യ തമിഴ്‌ ചിത്രത്തിന്റെ നിര്‍മ്മാതാവും രചയിതാവും കലൈഞ്ജര്‍ കരുണാനിധിയായിരുന്നു. ഹനീഫയുടെ പേരൊന്ന്‌ മാറ്റണമെന്ന്‌ അദ്ദേഹം പറഞ്ഞു. അവിടെ ഇനിഷ്യലിന്‌ വളരെയധികം പ്രാധാന്യമുണ്ട്‌. എന്റെ ശരിക്കുള്ള പേര്‌ വി.എം.ഹനീഫയെന്നാണ്‌. അതോടൊപ്പം കൊച്ചിന്‍ എന്നതിലെ സി കൂടി ചേര്‍ത്ത്‌ വിഎംസി ഹനീഫ എന്നാക്കി മാറ്റി. തമിഴ് സിനിമയില്‍ വിഎംസി ഹനീഫ എന്നു പറഞ്ഞാലെ ഇദ്ദേഹത്തെ അറിയുമായിരുന്നുള്ളൂ.

പാശ പറവൈകള്‍, പാടാത തേനികള്‍, പാശമഴൈ, പഗലില്‍ പൌര്‍ണമി, പിള്ളൈ പാശം, വാസലിലേ ഒരു വെണ്ണിലാ തുടങ്ങിയ തമിഴ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

മഹാനദി, മുതല്‍‌വന്‍, മുഖവരി, യൂത്ത്, പാര്‍ത്ഥിപന്‍ കനവ്, അന്നിയന്‍, കസ്തൂരിമാന്‍, പട്ടിയല്‍, സംതിങ് സംതിങ് ഉനക്കും എനക്കും, ദീപാവലി, ശിവാജി: ദി ബോസ്, ജയം കൊണ്ടാന്‍, ഏകന്‍ തുടങ്ങിയവയാണ് കൊച്ചിന്‍ ഹനീഫയുടെ പ്രധാന തമിഴ് ചിത്രങ്ങള്‍.

ലാല്‍ അമേരിക്കയില്‍, കടത്തനാടന്‍ അമ്പാടി, ഇണക്കിളി, പുതിയ കരുക്കള്‍, ഭീഷ്മാചാര്യ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. മാമാങ്കം, ആവേശം, മൂര്‍ഖന്‍, ആ രാത്രി, താളം തെറ്റിയ താരാട്ട്, ഭൂകമ്പം, ആട്ടക്കലാശം, എന്‍റെ ഉപാസന, താളവട്ടം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കിരീടം, ദേവാസുരം, കിന്നരിപ്പുഴയോരം, ഭീഷ്മാചാര്യ, മാന്നാര്‍ മത്തായി സ്പീക്കിംഗ്, കാലാപാനി, ലേലം, പത്രം, അനിയത്തിപ്രാവ്, ഈ പറക്കും തളിക, പഞ്ചാബി ഹൌസ്, ഹരികൃഷ്ണന്‍സ്, മേഘം, ഫ്രണ്ട്സ്, അരയന്നങ്ങളുടെ വീട്, ചക്കരമുത്ത്, പ്രജ, രാക്ഷസരാജാവ്, സത്യം ശിവം സുന്ദരം, സ്നേഹിതന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, സുന്ദരപുരുഷന്‍, ഫാന്‍റം, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സി ഐ മഹാദേവന്‍ അഞ്ച് അടി നാലിഞ്ച്, കേരളാഹൌസ് ഉടന്‍ വില്‍പ്പനയ്ക്ക്, ഉദയനാണ് താരം, വെട്ടം, റണ്‍‌വേ, പട്ടണത്തില്‍ സുന്ദരന്‍, പാണ്ടിപ്പട, രാജമാണിക്യം, അനന്തഭദ്രം, കീര്‍ത്തിചക്ര, ചെങ്കോല്‍, ഛോട്ടാമുംബൈ, ട്വന്‍റി 20 തുടങ്ങിയവയാ‍ണ് കൊച്ചിന്‍ ഹനീഫ അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍.

മൂന്നുപതിറ്റാണ്ടു മലയാളസിനിമയില്‍ നിറഞ്ഞാടിയ ഈ സകലകലാവല്ലഭനായ ഹാസ്യസാമ്രാട്ടിനുമുന്നില്‍ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകരുടെ ആദരാഞ്ജലികള്‍

3 comments:

പാഥേയം ഡോട്ട് കോം said...

മൂന്നുപതിറ്റാണ്ടു മലയാളസിനിമയില്‍ നിറഞ്ഞാടിയ ഈ സകലകലാവല്ലഭനായ ഹാസ്യസാമ്രാട്ടിനുമുന്നില്‍ പാഥേയം ഓണ്‍ലൈ‌ന്‍മാഗസിന്‍ പ്രവര്‍ത്തകരുടെ ആദരാഞ്ജലികള്‍

ഒഴാക്കന്‍. said...

nice work!

and thanks to all of you by keeping him as still alive through this art!

ഇ.കെ.യം.എളമ്പിലാട് said...

ആദരാഞ്ജലികള്‍