Thursday, September 9, 2010

വിപ്ലവ സം‌വിധായകന്റെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.


നടനും സംവിധായകനും തിരക്കഥാകൃത്തുമായ വേണുനാഗവള്ളി ഇന്ന് (വ്യാഴാഴ്ച) പുലര്‍ച്ചെ 1.30ന് തിരുവനന്തപുരത്തെ കിംസ് ആസ്​പത്രിയില്‍ വെച്ച് അന്തരിച്ച വിവരം എന്നെപ്പോലെ നിങ്ങളും അറിഞിരിക്കുമല്ലോ?.. ദീര്‍ഘകാലമായി കരള്‍സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം.

നാഗവള്ളി ആര്‍ .എസ്.കുറുപ്പിന്റെയും രാജമ്മയുടെയും മകനായാണ് 1949 ഏപ്രില്‍ 16ന് വേണുഗോപാല്‍ എന്ന വേണു നാഗവള്ളി ജനിച്ചത്.ഇദ്ദേഹത്തിന്റെ എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുന്‍നിരക്കാരില്‍ ഒരാളുമായിരുന്നു.

തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍ , യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം . ആള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സറായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തെ തുടര്‍ന്ന് സിനിമയിലെത്തി അഭിനേതാവായി തുടങ്ങി സംവിധായകനുമായി മാറി.

1979 ല്‍ ജോര്‍ജ് ഓണക്കൂറിന്റെ 'ഉള്‍ക്കടല്‍ ' കെ.ജി. ജോര്‍ജ്‌ സിനിമയാക്കിയപ്പോള്‍ വേണു നാഗവള്ളിയായിരുന്നു നായകന്‍ . വിഷാദം തുളുമ്പുന്ന പ്രണയനായകനായി അക്കാലത്ത് നിരവധി ചിത്രങ്ങളില്‍ ഇദ്ദേഹം നായകനായി. ശാലിനി എന്റെ കൂട്ടുകാരിയില്‍ ഉര്‍വശി ശോഭയോടൊപ്പം നായകനായത് ഏറെ ശ്രദ്ധിക്കപ്പെട്ടു. യവനിക, ചില്ല്, ഓമനത്തിങ്കള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, മീനമാസത്തിലെ സൂര്യന്‍ , ആരാന്റെ മുല്ല കൊച്ചുമുല്ല, ആദാമിന്റെ വാരിയെല്ല്, ദേവദാസ്, വാര്‍ത്ത തുടങ്ങിയവ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഇദ്ദേഹത്തിന്റെ ചിത്രങ്ങളാണ്.

സൂപ്പര്‍ഹിറ്റായ സുഖമോദേവി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് 1986ല്‍ സംവിധാനരംഗത്തെക്ക് വന്ന ഇദ്ദേഹം 12 സിനിമകള്‍ സംവിധാനം ചെയ്യുകയുയി. സര്‍വകലാശാല, അയിത്തം, ലാല്‍സലാം, ഏയ് ഓട്ടോ, ആയിരപ്പറ, അഗ്‌നിദേവന്‍, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്.

എന്‍ ‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെ വേണു തിരക്കഥാ കൃത്തുമായ ഇദ്ദേഹം തുടര്‍ന്ന് ഗായത്രീദേവി എന്റെ അമ്മ, ഗുരുജി ഒരു വാക്ക്, ദൈവത്തെ ഓര്‍ത്ത്, അര്‍ഥം,സുഖമോ ദേവി , അഹം, കിലുക്കം, വിഷ്ണു, എന്നീ ചിത്രങ്ങള്‍ക്കും അദ്ദേഹം തിരക്കഥയൊരുക്കി.ഇതില്‍ ജനപ്രീതി നേടിയ 'കിലുക്കം' എന്ന ചിത്രത്തിന്റെ തിരക്കഥയോടെ ഹാസ്യവും നന്നായി വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

പുതുമുഖ സംവിധായകന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ കോളേജ്‌ ഡെയ്സിലാണ്‌ ഇദ്ദേഹം അവസാനമായി അഭിനയിച്ചത്‌. മെഡിക്കല്‍ കോളേജ്‌ ക്യാമ്പസില്‍ വച്ച്‌ നടന്ന കൊലപാതകങ്ങളുടെ ചുരുളഴിക്കാനെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ്‌ ഇദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിച്ചത്‌. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത ഭാഗ്യദേവതയാണ്‌ ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ പുറത്തുവന്ന അവസാനചിത്രം.

ഇന്ന് രാവിലെ എട്ടുമണിയോടെ കവടിയാറിലെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരിക്കും.

മലയാള ചലചിത്രലോകത്തെ വിരഹകാമുകന്റെയും വിപ്ലവ സം‌വിധായകന്റെയും വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

2 comments:

പാഥേയം ഡോട്ട് കോം said...

വിപ്ലവ സം‌വിധായകന്റെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

Faisal Alimuth said...

ആദരാഞ്ജലികള്‍..!