Sunday, September 12, 2010

ഉസ്ലാംപട്ടി പെണ്‍കുട്ടി ഇനി ഓര്‍മയില്‍ മാത്രംപ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത അന്തരിച്ച വിവരം നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ചെന്നൈയിലെ സ്വകാര്യ ആസ്​പത്രിയില്‍ ശ്വാസകോശസംബന്ധമായ അസുഖത്തിനായി ചികിത്സയിലിരിക്കെ ഇന്ന് (ഞായറാഴ്ച) ഉച്ചക്ക് 12 മണിക്കായിരുന്നു മരണം.37 വയസായിരുന്നു.ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ രോഗം മൂര്‍ഛിക്കുകയായിരുന്നു.

പ്രശസ്ത ഹാര്‍മോണിസ്റ്റായ കെ.സി.ചെറുകുട്ടിയുടെയും കല്യാണിയുടെയും മകളായി പാലക്കാട് ചിറ്റൂരിലെ അത്തിക്കോട് എന്ന സ്ഥലത്താണ് സ്വര്‍ണ്ണലത ജനിച്ചത്. പിന്നീട് കുടുംബം കര്‍ണ്ണാടകയിലെ ഷിമോഗയിലേക്കു താമസം മാറ്റിയതിനാല്‍ സ്വര്‍ണ്ണലത പഠിച്ചതും വളര്‍ന്നതുമൊക്കെ കര്‍ണ്ണാടകയിലാണ്. മൂന്നാം വയസ്സില്‍ സംഗീതപഠനം തുടങ്ങി സ്വര്‍ണ്ണലത മൂത്തചേച്ചി സരോജത്തിന്റെ കീഴില്‍ കര്‍ണാടക സംഗീതം പഠിച്ചു.പിന്നീട് 1987ല്‍ ഇവര്‍ മദ്രാസിലേക്കു കുടിയേറി. ചലച്ചിത്ര പിന്നണിഗായികയാകണമെന്ന ലക്ഷ്യത്തോടെ മദ്രാസിലെത്തിയ അവര്‍ നാട്ടുകാരനായ പ്രശസ്ത സംഗീതസംവിധായകന്‍ എം.എസ് വിശ്വനാഥനെ കണ്ടു.ഈ കൂടിക്കാഴ്ച ഇവരുടെ സംഗീതജീവിതത്തിന് വഴിത്തിരിവുണ്ടാക്കി.

മലയാളത്തില്‍ ഇവര്‍ പാടിയത് വിരലിലെണ്ണാവുന്ന ഗാനങ്ങള്‍ മാത്രം. കണ്ണൂര്‍ രാജന്റെ സംഗീതസംവിധാനത്തിലാണ് ലത ആദ്യമായി മലയാളത്തില്‍ പാടിയത്. ആയിരം ചിറകുളള മോഹം, മന്മഥ ശരങ്ങള്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍. ഇതില്‍ 'ആയിരം ചിറകുളള മോഹം എന്ന ചിത്രത്തിലെ ''രാഗവതീ അനുരാഗവതീ....എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമായി.

സാദരം,മിന്നാമിന്നിനും മിന്നുകെട്ട്, തച്ചോളി വര്‍ഗീസ് ചേകവര്‍ , അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, കാട്ടിലെ തടി തേവരുടെ ആന, മംഗല്യസൂത്രം, സാക്ഷ്യം, പുന്നാരം, കര്‍മ്മ, ഏഴരക്കൂട്ടം,ഹൈവേ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.മോഹം എന്ന ആല്‍ബത്തിനു വേണ്ടിയാണ് ഇവര്‍ മലയാളത്തില്‍ അവസാനമായി പാടിയത്.

1994ല്‍ 'കറുത്തമ്മ എന്ന ചിത്രത്തിലെ ''പോറാളെ പൊന്നുത്തായേ.... എന്നു തുടങ്ങുന്ന ഗാനത്തിന് സ്വര്‍ണ്ണലതയ്ക്ക് മികച്ച ഗായികയ്ക്കുളള ദേശീയ അവാര്‍ഡു ലഭിച്ചു.1991ല്‍ 'ചിന്നതമ്പിയിലെ ''പോവോമാ ഉൌര്‍കോലം.... എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുളള തമിഴ്നാട് സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു. 1991 മുതല്‍ തുടര്‍ച്ചയായി നാലുകൊല്ലം തംസ് അപ്പ് അവാര്‍ഡ് നേടിയ സ്വര്‍ണ്ണലത 1994ല്‍ കലൈമണി പുരസ്കാരവും സ്വന്തമാക്കി.'നീതിക്കു ദണ്ഡനൈ എന്ന തമിഴ് ചിത്രത്തില്‍ പാടുവാന്‍ എം.എസ്.വിശ്വനാഥന്‍ സ്വര്‍ണ്ണലതയ്ക്ക് അവസരം നല്‍കി. സുബ്രഹ്മണ്യ ഭാരതിയുടെ ''ചിന്നഞ്ചിറുകിളിയേ കണ്ണമ്മാ... എന്നു തുടങ്ങുന്ന ആദ്യഗാനം ലത പാടിയത് ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പമാണ്. അതിനുശേഷം ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ പാടിയ 'ഗുരു ശിഷ്യന്‍ എന്ന ചിത്രത്തിലെ ''ഉത്തമപുത്രി നാന്‍ ‍..... എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു.

ഇളയരാജ സംഗീതം നല്‍കിയ ''ചിന്നത്തമ്പി....., ''പോവാമാ ഉൌര്‍കോലം... തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായതോടെ സ്വര്‍ണ്ണലത തമിഴ്നാട്ടിലെ പ്രശസ്തഗായികയായി. ''റാക്കമ്മാ കൈയ്യത്തട്ട്....(ദളപതി), ''ആട്ടമ്മ തോരാട്ടമ്മ...(ക്യാപ്റ്റന്‍ പ്രഭാകര്‍ ), ''മാസി മാസം ആളാന പൊണ്ണ്....'(ധര്‍മ്മദുരൈ), ''കാതല്‍ കടിതം....'(ചേരന്‍ പാണ്ഡ്യന്‍ ), ''മലൈയില്‍ യാരോ മനേതാട്...(ക്ഷത്രിയന്‍ ), ''കുയില്‍പാട്ട് സന്തതെന്ന....(എന്‍ രാസാവിന്‍ മനസ്സിലെ), ''അന്തിവെയിലേ വാനം....'(ചിന്നവര്‍ ), ''കാലൈയില്‍ കേട്ടത്....(ശെന്തമിഴ് പാട്ട്), ''ചന്ദന മലര്‍കളെ....(കാവിയ തലൈവന്‍ ), ''മുക്കാല മുക്കാബല...(കാതലന്‍ ‍), ''കുച്ച് കുച്ച് രാക്കമ്മ പൊണ്ണുവേണം...(ബോംബെ), ''ഉസ്ലാംപട്ടി പെണ്‍കുട്ടി...(ജന്റില്‍മാന്‍ )തുടങ്ങിവയാണ് തമിഴില്‍ സ്വര്‍ണ്ണലതയുടെ ചില പ്രശസ്ത ഗാനങ്ങള്‍ .

നാലു തെന്നിന്ത്യന്‍ ഭാഷകള്‍ക്കു പുറമെ ഹിന്ദിയിലും ഒറിയയിലുമായി ഏകദേശം രണ്ടായിരത്തിലധികം ഗാനങ്ങള്‍ സ്വര്‍ണ്ണലത പാടിയിട്ടുണ്ട്.ചലചിത്രലോകത്തെ പ്രണയ ഗായികയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

3 comments:

പാഥേയം ഡോട്ട് കോം said...

ചലചിത്രലോകത്തെ പ്രണയ ഗായികയുടെ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

നന്ദു | naNdu | നന്ദു said...

ആദരാഞ്ജലികള്‍

Gopakumar V S (ഗോപന്‍ ) said...

ആദരാഞ്ജലികള്‍ ...