Sunday, October 10, 2010

വള്ളത്തോളും വയലാറും വിഷണുനാരായണന്‍ നമ്പൂതിരിയും ഒത്തുചേരുമ്പോള്‍


വള്ളത്തോള്‍ പുരസ്ക്കാരത്തിനു പിന്നാലെ വയലാര്‍ അവാര്‍ഡും കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തേടി എത്തിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ ‘ചാരുലത’ എന്ന കവിതാസമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്. 25000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡെങ്കില്‍ വള്ളത്തോള്‍ പുരസ്ക്കാരം 1,11,111രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ്. ഈ തുകയിലൊന്നും കാര്യമില്ല!എന്നാലും പറഞ്ഞുവെന്നു മാത്രം.പുരസ്കാരമാണല്ലോ വലുത്.


പി സ്മാരക കവിതാ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുമുണ്ട്.അതുപോലെ വിശിഷ്ട അംഗത്വം നല്കി കേരള സാഹിത്യ അക്കാദമി ഇദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്.

മലയാള കവിതയ്ക്ക് പുതിയ ഭാവുകത്വം നല്‍കിയ ഇദ്ദേഹം വിലയിരുത്തപ്പെടുന്നത്. പാരമ്പര്യവും ആധുനികതയും വിദഗ്ധമായി സമ്മേളിപ്പിക്കുന്ന ഒരു ശൈലി നമുക്ക് ഇദ്ദേഹത്തിന്റെ കാവിതകളില്‍ കാണാവുന്നതാണ്‍.

എന്‍.വി. കൃഷ്ണവാര്യരെ കണ്ടുമുട്ടിയതായിരുന്നു ഇദ്ദേഹത്തിന്റെ കാവ്യ ജീവിതത്തിലെ വഴിതിരിവ് അല്ലെങ്കില്‍ ജീവിതം മറ്റൊന്നാകുമായിരുന്നു.
എന്‍.വി. കൃഷ്ണവാര്യര്‍ തിരുത്താതെ തന്റെ ഒരു കവിതയും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പ്രസിദ്ധപ്പെടുത്തിയതിന്റെ മൂന്നിരട്ടി കവിതകള്‍ പ്രസിദ്ധപ്പെടുത്താതെ തിരിച്ചയച്ചിട്ടുണ്ടെന്നും. തന്റെ തലമുറയെ കവിത എഴുത്ത് പഠിപ്പിച്ചത് എന്‍.വിയാണെങ്കില്‍ വഴികാട്ടിയായത് വൈലോപ്പിള്ളിയാണെന്നും ഇദ്ദേഹം പറഞ്ഞു.

അതുപോലെ എന്‍.വി സംഘടിപ്പിച്ച ഒരു സാഹിത്യ ക്യാമ്പിലാണ് വയലാര്‍ രാമവര്‍മയെ ആദ്യമായി കാണുന്നതെന്നും ഞാന്‍ പിന്‍ ബെഞ്ചിലിരിക്കുകയായിരുന്ന തന്റെ അരികില്‍ വന്ന് ശ്ലോകക്കാരനായ തന്നെ ഞാനറിയും എന്ന് പറഞ്ഞത് ഇന്നും ഓര്‍മയിലുണ്ട്. അന്ന് രണ്ടോ, മൂന്നോ ശ്ലോകങ്ങള്‍ മാത്രമേ എന്റേതായി പ്രസിദ്ധപ്പെടുത്തിയിരുന്നുളുവെങ്കിലും ഇത് എനിക്ക് വളരെ പ്രചോതനം നല്‍കിയെന്ന് ഇദ്ദേഹം അനുസ്മരിച്ചു. മാനുഷിക മൂല്യവും സ്‌നേഹവുമുള്ള കവിയായ വയലാര്‍ രാമവര്‍മയുടെ പേരിലുള്ള പുരസ്‌കാര ലബ്ധി തന്നെ സന്തോഷവാനാക്കുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുപോലെ വള്ളത്തോള്‍ പുരസ്‌കാരത്തിനു താന്‍ യോഗ്യനാണോ എന്നറിയില്ലയെന്നും, ദൂരെ നിന്നു മാത്രം കണ്ടുപരിചയമുള്ള മഹാകവിയായിരുന്നു വള്ളത്തോളെന്നും ഇദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഡയറിക്കുറിപ്പുകളും മറ്റും കണ്ടതുമാത്രമാണ് കവിയുമായുള്ള ബന്ധം.ഞാന്‍ കവിത എഴുതിയില്ലായിരുന്നെങ്കില്‍ മലയാളത്തില്‍ ഒരു നഷ്ടവും ഉണ്ടാകുമായിരുന്നില്ലയെന്നും ഇദ്ദേഹം പറഞ്ഞു.

പ്രണയഗീതങ്ങള്‍, സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, അപരാജിത എന്നിവയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രധാനകൃതികള്‍.

വിശ്വമാനവികതയുടെ വിശാലതയും ഭാരതീയസംസ്ക്കാരത്തിന്റെ
വിശുദ്ധിയും ഗ്രാമീണജീവിതത്തിന്റെ ശാലീനതയും ഉള്‍ക്കൊള്ളുന്ന ഇദ്ദേഹത്തിന്റെ കാവ്യശില്പങ്ങള്‍ മലയാള കാവ്യശാഖയ്ക്ക് അമൂല്യസമ്പത്താണ്.

ഈ പുരസ്‌കാരങ്ങളുടെ നിറവില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് പാഥേയം ആശംസകള്‍ അര്‍പ്പിക്കുന്നു.

2 comments:

പാഥേയം ഡോട്ട് കോം said...

വള്ളത്തോള്‍ പുരസ്ക്കാരത്തിനു പിന്നാലെ വയലാര്‍ അവാര്‍ഡും കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തേടി എത്തിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ ‘ചാരുലത’ എന്ന കവിതാസമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്. 25000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡെങ്കില്‍ വള്ളത്തോള്‍ പുരസ്ക്കാരം 1,11,111രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ്. ഈ തുകയിലൊന്നും കാര്യമില്ല!എന്നാലും പറഞ്ഞുവെന്നു മാത്രം.പുരസ്കാരമാണല്ലോ വലുത്.

ഷാരോണ്‍ said...

ഇദ്ദേഹം കവിത എഴുത്ത് നിര്‍ത്തിയത് എത്ത്ര പേര്‍ അറിഞ്ഞു???
അതെ സമയം...നളിനി ജമീലയെ സാഹിത്ത്യകാര്‍ അവഗണിക്കുന്നു എന്ന് പറഞ്ഞു രോഷം കൊള്ളാന്‍ മലയാളികള്‍ക്ക് വേണ്ടതിലേറെ പൌരബോധം...

വിഷ്ണു നാരായണന്‍ സാര്‍ കവിത എഴുതി ഇല്ലെങ്കില്‍ നഷ്ടങ്ങള്‍ ഏറെ ഉണ്ടാകും...പുരസ്കാരം അതാണ്‌ സാര്‍ പറയുന്നത്...
ഞങ്ങള്‍ക്ക് വേണം ആ മണ്ണിന്റെ മണം...