Saturday, July 31, 2010

മലയാള പത്ര തറവാട്ടിലെ മഹാവൃക്ഷം വേരറ്റുഇന്ത്യന്‍ പത്രലോകത്തെ ആചാര്യനും മലയാള മനോരമ മുഖ്യപത്രാധിപരുമായ കെ.എം മാത്യു ഇന്ന് (ആഗസ്റ്റ് ഒന്ന്) പുലച്ചെ ആരുമണിക്ക് അന്തരിച്ച വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. മൃതദേഹം വൈകിട്ടു നാലു മണിയോടെ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിയില്‍ കൊണ്ടുവരും. ഭൌതിക ശരീരം നാളെ ഉച്ചയ്ക്ക് ഒരു മണിക്കു കോട്ടയം മലയാള മനോരമ ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ വൈകിട്ടു നാലിനു കോട്ടയം പുത്തന്‍പള്ളിയില്‍ സംസ്കാരിക്കും

കോട്ടയത്തെ കണ്ടത്തില്‍ കുടുംബത്തില്‍ കെ. സി. മാമ്മന്‍ മാപ്പിളയുടെയും കുഞ്ഞാണ്ടമ്മ എന്ന മാമ്മിയുടെയും എട്ടാമത്തെ കുട്ടിയായി 1917 ജനുവരി രണ്ടിന് ജനിച്ചു. കുട്ടനാട്ടില്‍ കുപ്പപ്പുറത്തെ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്കൂളിലും കോട്ടയം എംഡി സെമിനാരി ഹൈസ്കൂളിലുമായി പഠനം തുടര്‍ന്നു. കോട്ടയം സിഎംഎസ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ശേഷം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദപഠനം.

പിതാമഹന്റെ സഹോദരനായ കണ്ടത്തില്‍ വറുഗീസ് മാപ്പിള 1888 ല്‍ തുടക്കമിട്ട്, പിതാവ് കെ.സി മാമ്മന്‍ മാപ്പിള, ജ്യേഷ്ഠന്‍ കെ.എം ചെറിയാന്‍ എന്നിവരുടെ പത്രാധിപത്യത്തിലൂടെ വളര്‍ന്ന മലയാള മനോരമയില്‍ മാനേജിങ് എഡിറ്ററും ജനറല്‍ മാനേജരുമായി കെ.എം മാത്യു ചുമതലയേല്‍ക്കുന്നതു 1954 ലാണ്. പഠനശേഷം ചിക്മഗളൂരില്‍ എസ്റ്റേറ്റ് മേല്‍നോട്ടവും പിന്നീട് മുംബൈയില്‍ കുടുംബ ബിസിനസും നടത്തിയ ശേഷമായിരുന്നു മനോരമ പ്രവേശം. 1973 ല്‍ കെ.എം ചെറിയാന്റെ നിര്യാണത്തെ തുടര്‍ന്ന് ചീഫ് എഡിറ്ററായി.

മാത്യു മനോരമയില്‍ വരുമ്പോള്‍ 30,000 കോപ്പി മാത്രമായിരുന്ന പ്രചാരം പതിനെട്ടു ലക്ഷത്തിലേറെ കോപ്പികളാണ് ഇപ്പോള്‍. കോട്ടയത്തു നിന്നു മാത്രം പ്രസിദ്ധീകരിച്ചിരുന്ന മനോരമയ്ക്ക് ഇന്ത്യയിലും വിദേശത്തുമായി ഇപ്പോള്‍ പതിനേഴ് എഡിഷനുകളുണ്ട്.

മനോരമ ആഴ്ചപ്പതിപ്പ്, ഭാഷാപോഷിണി, വനിത, ദ് വീക്ക് , ബാലരമ എന്നിവയുള്‍പ്പെടെ വിവിധ ഭാഷകളിലായുള്ള നാലു ഡസനോളം പ്രസിദ്ധീകരണങ്ങളും മനോരമ ന്യൂസ് ടിവി ചാനല്‍, മനോരമ മ്യൂസിക്, റേഡിയോ മാംഗോ, മനോരമ ഓണ്‍ലൈന്‍ തുടങ്ങിയ സംരഭങ്ങളും ഉള്‍പ്പെട്ട മനോരമ കുടുംബത്തിന്റെ കാരണവരായിരുന്നു കെ.എം. മാത്യു.

സമൂഹത്തിനു നല്‍കിയ വിശിഷ്ട സംഭാവനകള്‍ മാനിച്ച് 1998ല്‍ പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയിലെ മികച്ച പത്രാധിപര്‍ക്ക് 'ഇന്ത്യന്‍ എക്സ്പ്രസ് ഏര്‍പ്പെടുത്തിയ ബി. ഡി. ഗോയങ്ക അവാര്‍ഡ് , ഫൌണ്ടേഷന്‍ ഫോര്‍ ഫ്രീഡം ഒാഫ് ഇന്‍ഫര്‍മേഷന്‍ അവാര്‍ഡ് , പത്രരംഗത്തു ദീര്‍ഘകാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും മാത്യുവിനെ തേടിയെത്തി.

ആത്മകഥയായ 'എട്ടാമത്തെ മോതിരം, പത്നി മിസിസ് കെ. എം. മാത്യുവിന്റെ വിയോഗത്തെത്തുടര്‍ന്ന് എഴുതിയ 'അന്നമ്മ എന്ന ഓര്‍മ്മപ്പുസ്തകം എന്നിവയാണു കൃതികള്‍.

പത്നി അന്നമ്മ ചാത്തന്നൂര്‍ കൈതക്കുഴി നെടുഞ്ചിറ ബംഗാവില്‍( റിവര്‍സൈഡ്) പരേതനായ ഡോ. ജോര്‍ജ് ഫിലിപ്പിന്റെ മകളാണ്. 2003 ല്‍ മരണംവരെ 'വനിതയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന മിസിസ് കെ.എം. മാത്യു പ്രശസ്തയായ പാചകവിദഗ്ധയും ഇംഗീഷിലും മലയാളത്തിലുമായി രണ്ട് ഡസനിലേറെ പാചകഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
മലയാള മനോരമ എഡിറ്റര്‍ മാമ്മന്‍ മാത്യു, മാനേജിങ് എഡിറ്റര്‍ ഫിലിപ്പ് മാത്യു, എക്സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു, തങ്കം മാമ്മന്‍ എന്നിവരാണു മക്കള്‍ .

മലയാള പത്ര തറവാട്ടിലെ കുലപതിയുടെ വിയോഗത്തില്‍ പാഥേയത്തിന്റെ ബാഷ്പാഞ്ചലി.

3 comments:

പാഥേയം ഡോട്ട് കോം said...

മലയാള പത്ര തറവാട്ടിലെ കുലപതിയുടെ വിയോഗത്തില്‍ പാഥേയത്തിന്റെ ബാഷ്പാഞ്ചലി.ഒപ്പം നിങ്ങള്‍ക്കും അര്‍പ്പിക്കാം ഈ കുലപതിക്ക് അന്ത്യാഞ്ജലികള്‍ .

പാരസിറ്റമോള്‍ said...

ആദരാഞ്ജലികള്‍

പാരസിറ്റമോള്‍ said...

ആദരാഞ്ജലികള്‍