Thursday, July 22, 2010

പാണ്ഡ്യത്തമാം ആ വിളക്കണഞ്ഞു


പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ പ്രൊഫ.എ ശ്രീധരമേനോന്‍ ഇന്ന് (23/07/2010) രാവിലെ ആറുമണിക്ക് അന്തരിച്ചവിവരം അറിഞ്ഞിരിക്കുമല്ലോ.എണ്‍പത്തിനാലുവയസ്സായിരുന്നു. തിരുവനന്തപുരത്ത് ജവഹര്‍നഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

കേരള ചരിത്രത്തെ രേഖപ്പെടുത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു. ചരിത്രത്തെ അടയാളപ്പെടുത്തുന്ന ആധികാരികമായ നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 1997 ല്‍ കേരള ചരിത്രത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പുന്നപ്ര വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പുസ്തകത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇടതുപക്ഷ ബുദ്ധിജീവീകളില്‍ നിന്ന് വിമര്‍ശനമുയരാന്‍ കാരണമായത്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2009 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു.

ആധുനിക കേരളചരിത്രരചനയെ ജനകീയവത്കരിച്ചത് ആലപ്പാട്ട് ശ്രീധരമേനോന്‍ എന്ന പ്രൊഫ. എ. ശ്രീധരമേനോനാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം രചിച്ച പ്രൗഢ ഗ്രന്ഥങ്ങളാണ് ഇന്നും കേരളത്തിന്റെ പ്രധാന ചരിത്രപാഠങ്ങള്‍. പ്രഗത്ഭനായ അധ്യാപകനായിരുന്ന ശ്രീധരമേനോന്‍ വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമയാണ്. ചരിത്രത്തില്‍ ഏറെ ദുഷിക്കപ്പെട്ട സര്‍. സി.പി. രാമസ്വാമിഅയ്യരെ വേറിട്ട കാഴ്ചപ്പാടില്‍ അവതരിപ്പിച്ചതോടെ ഏറെ വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം വിധേയനായി.

1925 ഡിസംബര്‍ 18ന് എറണാകുളത്തായിരുന്നു എ ശ്രീധരമേനോന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റും രാജാവിന്റെ സ്‌കോളര്‍ഷിപ്പോടെ മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും നേടി. 1948 ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലാണ് അധ്യാപന ജീവിതം തുടങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും അധ്യാപകനായി പ്രവര്‍ത്തിച്ചു. പിന്നീട് അമേരിക്കന്‍ സ്‌കോളര്‍ഷിപ്പോടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടി.

1958 ല്‍ അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ അദ്ദേഹം കേരള സ്റ്റേറ്റ് ഗസറ്റീറുകളുടെ ആദ്യ എഡിറ്റായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസസര്‍, കേരള സര്‍വകലാശാല രജിസ്ട്രാര്‍ സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ സെനറ്റിലും അക്കാദമിക് കൗണ്‍സിലിലും, പരീക്ഷാ ബോര്‍ഡ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയിലും അംഗമായിരുന്നിട്ടുണ്ട്.

അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ :-കേരളചരിത്രം,കേരള സംസ്‌കാരം,കേരള ചരിത്ര ശില്പികള്‍ ,ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളില്‍ ),കേരള രാഷ്ട്രീയ ചരിത്രം 1885-1957,കേരളവും സ്വാതന്ത്ര്യ സമരവും,
സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും,പുന്നപ്രവയലാറും കേരള ചരിത്രവും,അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ ,സര്‍ സി.പി.യുടെ പരാജയപ്പെട്ട ഭരണപരിഷ്‌കാര നിര്‍ദ്ദേശം,സ്വതന്ത്രതിരുവിതാംകൂര്‍ വാദവും സര്‍ സി.പി. എന്ന വില്ലനും

സരോജിനി ദേവിയാണ് ഭാര്യ. മക്കള്‍ പൂര്‍ണിമ, സതീഷ് കുമാര്‍. സംസ്‌കാരം ശനിയാഴ്ച നടക്കും.

ഈ മഹാനായ പണ്ഡിതനുമുന്നില്‍ പാഥേയം അര്‍പ്പിക്കട്ടെ ആദരാഞ്ജലികള്‍

1 comment:

പാഥേയം ഡോട്ട് കോം said...

പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ പ്രൊഫ.എ ശ്രീധരമേനോന്‍ (84)ഇന്ന് (23/07/2010) രാവിലെ ആറുമണിക്ക് അന്തരിച്ചവിവരം അറിഞ്ഞിരിക്കുമല്ലോ. തിരുവനന്തപുരത്ത് ജവഹര്‍നഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

കേരള ചരിത്രത്തെ രേഖപ്പെടുത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു. ചരിത്രത്തെ അടയാളപ്പെടുത്തുന്ന ആധികാരികമായ നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 1997 ല്‍ കേരള ചരിത്രത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പുന്നപ്ര വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പുസ്തകത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇടതുപക്ഷ ബുദ്ധിജീവീകളില്‍ നിന്ന് വിമര്‍ശനമുയരാന്‍ കാരണമായത്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2009 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു.