Friday, July 2, 2010

മഞ്ഞുരുകും രാവറയില്‍ മാമലരായ് നീ പൊഴിഞ്ഞു............പ്രശസ്ത സംഗീത സംവിധായകന്‍ എം ജി രാധാ‍കൃഷ്ണന്റെ വിയോഗം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ?. 73 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് (02/07/2010) തിരുവനന്തപുരം കോസ്മോ പൊളീറ്റന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ച്ചയായി ആശുപത്രിയിലായിരുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് 1937 ആഗസ്റ്റ് 8 നാണ് എം ജി രാധാകൃഷ്ണന്‍ ജനിച്ചത്. പ്രശ്സ്ഥത ഹാര്‍മോണിസ്റ്റായ ഗോപാലന്‍നായരാണ് അച്ഛന്‍. അമ്മ ഹരികഥാരംഗത്തു തിളങ്ങിയ കമലാക്ഷിയമ്മ. ആലപ്പുഴ എസ്.ഡി. കോളജിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ അക്കാഡമിയില്‍ നിന്നും ഗാനഭൂഷണം ബിരുദം നേടി.

ആകാശവാണിയില്‍ സംഗീതസംവിധായകനായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രൊഫഷണല്‍ ജീവിതം ആരംഭിക്കുന്നത്.അവിടെ തംബുരു ആര്‍ട്ടിസ്റ്റ് ആയിരുന്നു. എം ജി രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ലളിതസംഗീത പാഠം അദ്ദേഹത്തിന് നിരവധി ശ്രോതാക്കളെ ഉണ്ടാക്കിക്കൊടുത്തു. ടെലിവിഷനും കാസറ്റുകളും ഇല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ ലളിതസംഗീതപാഠം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

1969-ല്‍ ’കളളിച്ചെല്ലമ്മയിലാണ് അദ്ദേഹം ആദ്യമായി പാടുന്നത്. ഈ ചിത്രത്തിലെ ’’കാലമെന്ന കാരണവര്‍ക്ക്..... എന്നു തുടങ്ങുന്ന ഗാനമാലപിച്ചു. കൊണ്ട് സിനിമയിലേക്ക് എം ജി രാധാകൃഷ്ണന്‍ എത്തി.

1978-ല്‍ ‘തമ്പ്’എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി. ‘മണിച്ചിത്രത്താഴി’ലെ ഗാനങ്ങളോടെയായിരുന്നു ചലച്ചിത്ര സംഗീത സംവിധായകന്‍ എന്ന നിലയില്‍ എം ജി സാധാരണക്കാര്‍ക്കു ഇടയില്‍ പ്രശസ്തനായത്‌. അതിലെ മിക്ക ഗാനങ്ങളും ഹിറ്റായിരുന്നു.

ദേവാസുരം, അദ്വൈതം, അഗ്നിദേവന്‍, സര്‍വകലാശാല, തകര, ചാമരം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ എം ജി രാധാകൃഷ്ണന്‍ മലയാള സിനിമാസംഗീതസംവിധായകരുടെ മുന്‍നിരയിലേക്കുയര്‍ന്നു. എസ്‌. ജാനകിക്ക്‌ മികച്ചഗാനത്തിനുളള സംസ്ഥാന അവാര്‍ഡു നേടിക്കൊടുത്ത ‘തകര'യിലെ ‘മൗനമേ നിറയും മൗനമേ...." എന്ന ഗാനത്തിന്‌ സംഗീതം നല്‍കിയത്‌ രാധാകൃഷ്ണനായിരുന്നു.

സഹോദരനായ എം ജി ശ്രീകുമാര്‍, ചിത്ര, വേണുഗോപാല്‍, അരുന്ധതി, ബീന തുടങ്ങിയ ചലച്ചിത്ര പിന്നണിഗായകര്‍ക്ക്‌ സിനിമയിലേക്കു പ്രവേശിക്കുവാന്‍ അവസരം നല്‍കിയത്‌ എം ജി ആയിരുന്നു. മാധുരിയുമൊത്തു പാടിയ ‘ഉത്തിഷ്ടതാ ജാഗ്രത...." എന്ന ഗാനം ഏറെ പ്രശസ്‌തമായിരുന്നു. 1995-ല്‍ ലളിതസംഗീതത്തിന്‌ കേരള സംഗീത നാടക അക്കാഡമി അവാര്‍ഡു ലഭിച്ചു.

മണിച്ചിത്രത്താഴ്‌, അദ്വൈതം, അഗ്നിദേവന്‍, കണ്ണെഴുതിപൊട്ടുംതൊട്ട്‌, കാശ്മീരം തുടങ്ങി എം ജി ഈണമിട്ട ചിത്രങ്ങളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. 40 ഓളം ചലച്ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. അച്ഛനെയാണെനിക്കിഷ്ടം, അനന്തഭദ്രം എന്നീ ചിത്രങ്ങളിലൂടെ 2001 ലും 2005 ലും മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്‌ നേടി.

2000-ല്‍ ആകാശവാണിയില്‍ നിന്നും ഗ്രേഡ്‌ വണ്‍ കമ്പോസിറ്ററായി അദ്ദേഹം വിരമിച്ചു. ഗായകന്‍ എം ജി ശ്രീകുമാര്‍, സംഗീതവിദുഷി ഡോ ഓമനക്കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്. പത്മജയാണ് ഭാര്യ. എഞ്ചിനീയറിംഗ്‌ ബിരുദധാരി കാര്‍ത്തികയും സൗണ്ട്‌ എഞ്ചിനീയറായ രാജകൃഷ്ണന്‍ എന്നിവരാണ്‍ മക്കള്‍.

വിരഹഗാനം വിതുമ്പിനില്‍ക്കും
വീണപോലും മൌനമായ്
വിധുരയാമീ വീണപൂവിന്‍
ഇതളൊഴിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള്‍..........

മലയാള സിനിമാഗാനങ്ങളില്‍ ലളിതാഖ്യാനം കൊണ്ട് പുത്തനുണര്‍വ് പകര്‍ന്ന സംഗീതരാജാവായ എം.ജിക്ക് ഈ വേളയില്‍ പാഥേയം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

1 comment:

പാഥേയം ഡോട്ട് കോം said...

മലയാള സിനിമാഗാനങ്ങളില്‍ ലളിതാഖ്യാനം കൊണ്ട് പുത്തനുണര്‍വ് പകര്‍ന്ന സംഗീതരാജാവായ എം.ജിക്ക് ഈ വേളയില്‍ പാഥേയം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.